ബംഗ്ലാദേശിനെതിരായ പരമ്പരയിലെ ഇന്ത്യൻ ടീമിൽ വീണ്ടും മാറ്റം. പരിക്കു മൂലം വലയുന്ന ഇന്ത്യൻ ടീമിലേക്ക് സ്പിന്നർ കുൽദീപ് യാദവിനെയാണ് ഉൾപ്പെടുത്തിയത്. രണ്ടാം ഏകദിനത്തിൽ കൈവിരലിന് പരിക്കേറ്റ് പരമ്പരയിൽ നിന്നും നായകൻ രോഹിത് ശർമ പുറത്തായിരുന്നു. സഹ നായകൻ രാഹുൽ ആയിരിക്കും ഇന്ത്യയെ മൂന്നാം ഏകദിനത്തിൽ നയിക്കുക.
പരിക്കേറ്റ രോഹിത് ശർമ ടെസ്റ്റ് പരമ്പരയിലും കളിക്കുന്ന കാര്യം സംശയത്തിലാണ്. മൂന്നാം ഏകദിനത്തിൽ നായകന് പുറമേ പേസർമാരായ ദീപക് ചഹാറും, കുൽദീപ് സെന്നും കളിക്കില്ല. കുൽദീപ് സെന്നിന് പുറത്തും ദീപക് ചാഹാറിന് ഇടത് തുടയിലെ പേശികൾക്കും ആണ് പരിക്കേറ്റത്.
ഇരു താരങ്ങളും വൈകാതെ തന്നെ ബാംഗ്ലൂരിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ എത്തും. ചെറിയ പരിക്ക് ഉണ്ടെങ്കിലും മൂന്നാം ഏകദിനത്തിൽ പേസർ ശർദുൽ താക്കൂർ കളിക്കും എന്നാണ് സൂചന. മൂന്ന് മത്സരങ്ങളുടെ പരമ്പര ആദ്യ രണ്ടു മത്സരങ്ങളും പരാജയപ്പെട്ട് ഇന്ത്യ കൈവിട്ടിരുന്നു.
ടെസ്റ്റ് പരമ്പരയിലുള്ള മുഹമ്മദ് ഷമിക്ക് പരിക്കേറ്റ് നേരത്തെ തന്നെ പിന്മാറിയിരുന്നു. പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഷമിക്ക് പകരം മുഹമ്മദ് സിറാജിന് ടീമിൽ ഉൾപ്പെടുത്തിയേക്കും എന്നാണ് അറിയാൻ സാധിക്കുന്നത്. ടെസ്റ്റ് പരമ്പരയിൽ രോഹിത് കളിച്ചില്ലെങ്കിൽ ഓപ്പണർ ആയി അഭിമന്യു ഈശ്വരനെ പരിഗണിക്കും. ഇന്ത്യൻ എ ടീം താരം ബംഗ്ലാദേശ് എ ടീമിനെതിരെ 3 സെഞ്ച്വറികൾ നേടി മികച്ച ഫോമിലാണ്.