ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിൽ കെഎൽ രാഹുലിനെ ഇന്ത്യ കളിപ്പിക്കാതിരുന്നത് അയാളുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ഭാഗ്യം എന്ന പ്രസ്താവനയുമായി മുൻ ക്രിക്കറ്റർ ക്രിസ് ശ്രീകാന്ത്. ഇൻഡോറിലെ പിച്ചിന്റെ സാഹചര്യങ്ങൾ പരിശോധിക്കുമ്പോൾ രാഹുൽ കളിക്കാതിരുന്നത് നന്നായി എന്നാണ് ശ്രീകാന്ത് പറയുന്നത്. ഒരുപക്ഷേ രാഹുൽ മത്സരത്തിൽ കളിക്കുകയും, ബാറ്റിംഗിൽ പരാജയപ്പെടുകയും ചെയ്തിരുന്നെങ്കിൽ അയാളുടെ കരിയർ തന്നെ അതോടെ അവസാനിച്ചിരുന്നേനെ എന്നാണ് ശ്രീകാന്ത് കരുതുന്നത്.
മൂന്നാം ടെസ്റ്റിൽ കെ.എൽ രാഹുലിനു പകരം ശുഭ്മാൻ ഗില്ലായിരുന്നു ഇന്ത്യക്കായി കളിച്ചത്. ഈ സാഹചര്യത്തിലാണ് ശ്രീകാന്തിന്റെ വെളിപ്പെടുത്തൽ. “കെ എൽ രാഹുലിന്റെ കാര്യത്തിൽ ഞാൻ വളരെയധികം സന്തോഷവാനാണ്. അയാൾ ഇൻഡോർ ടെസ്റ്റിൽ കളിക്കാതിരുന്നത് എന്തുകൊണ്ടും നന്നായി. അയാൾ ഈ വിക്കറ്റിൽ കളിക്കുകയും മത്സരത്തിൽ ബാറ്റിംഗിൽ പരാജയപ്പെടുകയും ചെയ്തിരുന്നെങ്കിൽ അയാളുടെ കരിയർ പോലും ഒരുപക്ഷേ അവസാനിച്ചേനെ. അയാൾ എന്തായാലും കളിച്ചില്ല. ദൈവത്തിന് നന്ദി.”- ശ്രീകാന്ത് പറഞ്ഞു.
“ഇത്തരം പിച്ചുകളിൽ ബാറ്റിംഗ് വളരെ ദുർഘടമാണ്. ഏതു ബാറ്ററായാലും ബാറ്റിംഗ് പ്രയാസമേറിയതാണ്. വിരാട് കോഹ്ലിയോ മറ്റേത് ബാറ്ററായാലും ആർക്കും തന്നെ ഈ പിച്ചിൽ റൺസ് കണ്ടെത്താൻ സാധിക്കില്ല. ആദ്യ ഇന്നിങ്സിൽ കുനേമാനെറിഞ്ഞ പന്ത് ചതുരാകൃതിയിൽ പോലും തിരിയുകയുണ്ടായി. അതിനാൽതന്നെ ഇത്തരം പിച്ചുകളിൽ വിക്കറ്റെടുക്കുക എന്നതും വലിയ കാര്യമല്ല. ഞാൻ ബോൾ ചെയ്തിരുന്നുവെങ്കിൽ എനിക്കും മത്സരത്തിൽ വിക്കറ്റുകൾ ലഭിച്ചേനെ. ഇക്കാര്യങ്ങളൊക്കെയും നമ്മൾ അംഗീകരിക്കുക തന്നെ ചെയ്യണം.”- ശ്രീകാന്ത് കൂട്ടിച്ചേർക്കുന്നു.
മത്സരത്തിലെ പിച്ചിനെതിരെ ഒരുപാട് വിമർശനങ്ങൾ ഉയരുകയുണ്ടായി. ശേഷം പിച്ച് ഐസിസി മോശം എന്ന് റേറ്റ് ചെയ്യുകയും ചെയ്തു. ഇന്ത്യയെ സംബന്ധിച്ച് വലിയ നാണക്കേട് തന്നെയാണ് ഇൻഡോർ ടെസ്റ്റിൽ ഉണ്ടാക്കിയിരിക്കുന്നത്. മത്സരത്തിൽ ഇരട്ട തിരിച്ചടികളായിരുന്നു ഇന്ത്യക്ക് ലഭിച്ചത്.