2023 ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ സ്ക്വാഡ് പ്രഖ്യാപിച്ചതുമുതൽ ഒരുപാട് വിമർശനങ്ങളാണ് ഇന്ത്യൻ ടീം മാനേജ്മെന്റിനെതിരെ ഉയരുന്നത്. അർഹതയില്ലാത്ത പല താരങ്ങളെയും ഇന്ത്യ തങ്ങളുടെ സ്ക്വാഡിൽ ഉൾപ്പെടുത്തി എന്നതാണ് വിമർശനത്തിന് ആധാരം. ഇതിൽ പ്രധാനമായും ചർച്ചാവിഷയമാകുന്നത് സൂര്യകുമാർ യാദവും ശർദുൽ താക്കൂറുമാണ്.
കഴിഞ്ഞ സമയങ്ങളിലൊന്നും തന്നെ ഏകദിനങ്ങളിൽ മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുക്കാൻ സൂര്യകുമാർ യാദവിന് സാധിച്ചിരുന്നില്ല. എന്നാൽ ഏകദിന ലോകകപ്പിനുള്ള സ്ക്വാഡിൽ ഇന്ത്യ സൂര്യകുമാർ യാദവിനെ ഉൾപ്പെടുത്തുകയും ചെയ്തു. ഇതേപോലെ തന്നെയാണ് താക്കൂറിന്റെ കാര്യം. മികവ് പുലർത്തിയില്ലെങ്കിലും ശർദുൽ താക്കൂറിന് ഇന്ത്യ വീണ്ടും അവസരം നൽകുന്നു. ഇതിനെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ക്രിസ് ശ്രീകാന്ത്.
ശർദുൽ താക്കൂർ ഏകദിന മത്സരങ്ങളിൽ കൃത്യമായി 10 ഓവറുകൾ പന്തറിയാറില്ലയെന്നും ബാറ്റിംഗിൽ മികവ് പുലർത്താറില്ലയെന്നും വാദിച്ചു കൊണ്ടാണ് ശ്രീകാന്ത് രംഗത്ത് എത്തിയിരിക്കുന്നത്. താക്കൂറിന് പകരം ഒരു സ്പെഷ്യലിസ്റ്റ് ബോളറെ ടീമിൽ എത്തിക്കാനായിരുന്നു ഇന്ത്യ ശ്രമിക്കേണ്ടത് എന്ന് ശ്രീകാന്ത് പറയുന്നു.
“എല്ലാവരും പറയുന്നത് ഇന്ത്യയ്ക്ക് എട്ടാം നമ്പരിൽ ഒരു ബാറ്ററേ ആവശ്യമാണ് എന്നാണ്. എന്തിനാണ് അങ്ങനെ ഒരു ബാറ്റർ എട്ടാം നമ്പറിൽ കളിക്കുന്നത്? താക്കൂർ ആകെ നേടുന്നത് 10 റൺസൊക്കെയാണ്. മാത്രമല്ല ഏകദിനങ്ങളിൽ അയാൾ 10 ഓവറുകൾ പന്തറിയാറുമില്ല. നേപ്പാളിനെതിരായ ഇന്ത്യയുടെ മത്സരത്തിൽ എത്ര ഓവറുകൾ താക്കൂർ പന്തെറിഞ്ഞു? കേവലം 4 ഓവറുകൾ മാത്രം.”- ശ്രീകാന്ത് പറയുന്നു.
“നമ്മൾ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. വെസ്റ്റിൻഡീസിനെതിരെയോ, സിംബാബ്വെയ്ക്കെതിരെയോ ഇത്തരം താരങ്ങളുടെ പ്രകടനം നമ്മൾ ഒരുപാട് കണക്കിലെടുക്കരുത്. അത്തരം ടീമുകൾക്കെതിരെ താക്കൂർ മികച്ച പ്രകടനം പുറത്തെടുത്താൽ, അയാളെ നമ്മൾ മനസ്സിൽ വയ്ക്കുക. അല്ലാതെ പൂർണ്ണമായും അയാൾക്ക് പ്രാധാന്യം നൽകേണ്ടതില്ല. ഓസ്ട്രേലിയക്കെതിരെയും ന്യൂസിലാൻഡിനെതിരെയും ഇത്തരം മികച്ച പ്രകടനങ്ങൾ താക്കൂർ ആവർത്തിച്ചാൽ മാത്രം ടീമിൽ വീണ്ടും അവസരം നൽകുക. ഇന്ത്യ ഇപ്പോൾ ചെയ്യുന്നത് മണ്ടത്തരമാണ്. ഇത്തരത്തിൽ ഒരു കളിക്കാരുടെ പൂർണ്ണമായ ശരാശരിയെടുത്ത് വിഡ്ഢിത്തം കാട്ടാൻ പാടില്ല. വ്യക്തിപരമായ അയാളുടെ പ്രകടനങ്ങൾ കണക്കിലെടുക്കണം.”- ശ്രീകാന്ത് കൂട്ടിച്ചേർത്തു.
2011 ഏകദിന ലോകകപ്പ് വിജയ ടീമിലെ റിസർവ് കളിക്കാരെയാണ് ശ്രീകാന്ത് ഇതിന് ഉദാഹരണമായി എടുക്കുന്നത്. “2011ലെ ലോകകപ്പ് സ്ക്വാഡ് പരിശോധിക്കൂ. ആരൊക്കെയാണ് റിസർവ് കളിക്കാർ എന്ന് അറിയാമോ? രണ്ട് സ്പിന്നർമാരാണ് അന്ന് ഉണ്ടായിരുന്നത്. രവിചന്ദ്രൻ അശ്വിൻ, പിയു ഷ് ചൗള. പിന്നീട് മുനാഫ് പട്ടേൽ എന്ന മീഡിയം പേസ് ബോളർ. ഒപ്പം യൂസഫ് പത്താൻ എന്ന ബാറ്ററും.”- ശ്രീകാന്ത് പറഞ്ഞുവയ്ക്കുന്നു.
2023ൽ ഇന്ത്യക്കായി 15 ഏകദിന വിക്കറ്റുകളാണ് താക്കൂർ നേടിയത്. എന്നാൽ ബാറ്റിംഗിൽ അഞ്ച് ഇന്നിങ്സുകളിൽ നിന്ന് കേവലം 48 റൺസ് മാത്രം നേടാനെ താക്കൂറിന് സാധിച്ചിട്ടുള്ളൂ.