രാഹുലല്ല, ലോകകപ്പിൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പറാവാൻ അർഹൻ അവനാണ്. നിർദ്ദേശവുമായി ഗൗതം ഗംഭീർ.

നിലവിൽ ഇന്ത്യയുടെ ഏഷ്യകപ്പ് ടീമിൽ നിലനിൽക്കുന്ന ഒരു ആശങ്ക വിക്കറ്റ് കീപ്പർ ബാറ്ററാണ്. ഇന്ത്യ ടൂർണമെന്റിലേക്ക് പ്രാഥമിക വിക്കറ്റ് കീപ്പറായി കെ എൽ രാഹുലിനെ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ പിന്നീട് രാഹുലിന് പരിക്കേറ്റ സാഹചര്യത്തിൽ ആദ്യ രണ്ടു മത്സരങ്ങളിലും ഇഷാൻ കിഷനെയാണ് ഇന്ത്യ കളിപ്പിച്ചത്. ആദ്യ മത്സരത്തിൽ ഇഷാൻ കിഷൻ ഒരു തകർപ്പൻ ബാറ്റിംഗ് പ്രകടനം കാഴ്ചവയ്ക്കുകയുണ്ടായി. പാകിസ്ഥാനെതിരെ 82 റൺസിന്റെ കൂറ്റൻ ഇന്നിങ്സാണ് കിഷൻ കളിച്ചത്.

എന്നാൽ കെഎൽ രാഹുൽ പരിക്കിൽ നിന്ന് മുക്തി നേടി തിരികെയെത്തുന്നതോടെ ഇഷാൻ കിഷന് ടീമിലെ സ്ഥാനം നഷ്ടമാകുമോ എന്ന തരത്തിൽ ആശങ്കകളും ഉയരുന്നുണ്ട്. ഇതിനുള്ള ഉത്തരവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. നിലവിൽ ഇഷാൻ കിഷൻ വളരെ മികച്ച ഫോമിലാണ് കളിക്കുന്നതെന്നും, രാഹുൽ തിരികെ വന്നാലും ഇഷാനെ തന്നെ ഇന്ത്യ ടീമിൽ കളിപ്പിക്കണമെന്നുമാണ് ഗൗതം ഗംഭീർ പറയുന്നത്.

വിരാട് കോഹ്ലിയെയും രോഹിത് ശർമയേയും ഉദാഹരണങ്ങളായി എടുത്തുകൊണ്ടാണ് ഗംഭീർ സംസാരിച്ചത്. “എനിക്ക് ഒരു കാര്യം അറിയേണ്ടതുണ്ട്. നമുക്കൊരു ചാമ്പ്യൻഷിപ്പിൽ വിജയികളാവാൻ എന്താണ് വേണ്ടത്? പേരാണോ അതോ കളിക്കാരന്റെ ഫോമാണോ? ഇഷാൻ കിഷൻ നേടിയത് പോലെ രോഹിത് ശർമയും വിരാട് കോഹ്ലിയും തുടർച്ചയായി 4 അർധസെഞ്ച്വറികൾ സ്വന്തമാക്കി എന്ന് വിചാരിക്കുക. അങ്ങനെയൊരു സാഹചര്യത്തിൽ കെ എൽ രാഹുൽ തിരികെ എത്തുമ്പോൾ ഈ താരങ്ങളെ ഒഴിവാക്കാൻ നമ്മൾ തയ്യാറാകുമോ?”- ഗൗതം ഗംഭീർ ചോദിക്കുന്നു.

“നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. ലോകകപ്പിലേക്ക് വരുമ്പോൾ നമുക്ക് ആവശ്യം മികച്ച ഫോമിൽ കളിക്കുന്ന കളിക്കാർക്ക് അവസരം ലഭിക്കുക എന്നുള്ളതാണ്. അല്ലാതെ ഒരു കളിക്കാരന്റെ പേരിന് പ്രസക്തി കൊടുക്കേണ്ട കാര്യമില്ല. നമുക്കായി ലോകകപ്പ് കളിക്കാനും ടീമിനെ വിജയിപ്പിക്കാനും സാധിക്കുന്ന കളിക്കാരെ കണ്ടെത്തി മൈതാനത്ത് ഇറക്കുക. അതാണ് പ്രാഥമിക കാര്യം. ഇവിടെ ഇഷാൻ കിഷൻ രാഹുലിനേക്കാൾ കുറവ് അന്താരാഷ്ട്ര മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. അതുകൊണ്ട് മാത്രം അയാൾ രാഹുൽ വരുമ്പോൾ മാറി കൊടുക്കണമെന്ന് പറയുന്നത് ശരിയല്ല.”- ഗംഭീർ കൂട്ടിച്ചേർത്തു.

വലിയൊരു പരിക്കിൽ നിന്നാണ് കെ എൽ രാഹുൽ ഇന്ത്യൻ ടീമിലേക്ക് തിരികെ എത്തുന്നത്. അതിനാൽ തന്നെ രാഹുലിനെ ഇപ്പോൾ ഇന്ത്യ ടീമിൽ ഉൾപ്പെടുത്തുന്നത് ഒരു പരീക്ഷണം മാത്രമായിരിക്കും. മറുവശത്ത് ഇഷാനെ സംബന്ധിച്ച് ഒരു സ്വപ്നതുല്യമായ തുടക്കമാണ് ഏകദിന കരിയറിന് ലഭിച്ചിരിക്കുന്നത്.

മുൻപ് ഏകദിന ക്രിക്കറ്റിൽ ഒരു ഡബിൾ സെഞ്ചുറി സ്വന്തമാക്കാൻ കിഷന് സാധിച്ചിരുന്നു. ശേഷം വെസ്റ്റിൻഡീസിനെതിരായ പര്യടനത്തിലും വളരെ മികച്ച ബാറ്റിംഗ് പ്രകടനമാണ് കിഷൻ കാഴ്ചവച്ചത്. പാകിസ്ഥാനെതിരായ മത്സരത്തിൽ തുടർച്ചയായി തന്റെ നാലാം അർദ്ധസെഞ്ച്വറി ആയിരുന്നു കിഷൻ സ്വന്തമാക്കിയത്.