സച്ചിന്റെ സെഞ്ചുറി റെക്കോർഡ് കോഹ്ലി മറികടക്കും. പാകിസ്ഥാൻ മുൻ താരത്തിന്റെ വമ്പൻ പ്രവചനം.

ഇന്ത്യൻ ക്രിക്കറ്റിൽ കഴിഞ്ഞ മൂന്നു വർഷങ്ങളിൽ ഏറ്റവുമധികം വിമർശനങ്ങൾ കേട്ട ക്രിക്കറ്ററാണ് വിരാട് കോഹ്ലി. കഴിഞ്ഞ മൂന്നു വർഷങ്ങളിൽ മികച്ച പ്രകടനങ്ങൾ കോഹ്ലിയ്ക്ക് കാഴ്ചവയ്ക്കാൻ സാധിച്ചിരുന്നില്ല. തന്റെ കരിയറിലുടനീളം മികച്ച ഫോമിൽ തുടർന്നിരുന്ന കോഹ്ലി കഴിഞ്ഞ 1000ലധികം ദിവസങ്ങളിൽ ഒരു സെഞ്ച്വറി പോലും നേടിയിരുന്നില്ല. എന്നാൽ ഈ മോശം അവസ്ഥയ്ക്ക് വിരാമമിട്ടിരിക്കുകയാണ് വിരാട് കോഹ്ലി. കഴിഞ്ഞവർഷം ഏകദിനത്തിലും ട്വന്റി20യിലും സെഞ്ച്വറി നേടിയ വിരാട് കോഹ്ലി ഇപ്പോൾ ടെസ്റ്റിലും ഒരു തകർപ്പൻ ഇന്നിംഗ്സ് കാഴ്ചവച്ച് വിമർശനങ്ങൾക്ക് അറുതി വരുത്തിയിരിക്കുന്നു.

ഈ സാഹചര്യത്തിൽ ഒരു വമ്പൻ പ്രവചനവുമായി രംഗത്ത് വന്നിരിക്കുകയാണ് പാകിസ്താന്റെ മുൻ ബോളർ ശുഐബ് അക്തർ. കരിയറിൽ 100 സെഞ്ചുറികൾ നേടിയ സച്ചിൻ ടെണ്ടുൽക്കറെ വിരാട് കോഹ്ലി മറികടക്കും എന്ന പ്രവചനമാണ് അക്തർ ഇപ്പോൾ നടത്തിയിരിക്കുന്നത്.

കോഹ്ലി തന്റെ കരിയർ അവസാനിപ്പിക്കുമ്പോൾ കുറഞ്ഞത് 110 സെഞ്ച്വറികളെങ്കിലും നേടിയിട്ടുണ്ടാവും എന്ന് അക്തർ പറയുന്നു. “അവസാനം കോഹ്ലി തന്റെ ഫോമിലേക്ക് തിരികെ എത്തിയിരിക്കുകയാണ്. അതിൽ യാതൊരു ആശ്ചര്യവും എനിക്ക് തോന്നുന്നില്ല. കാരണം മുൻപ് കോഹ്ലിക്ക് നായകത്വം ഒരു സമ്മർദ്ദമായി നിലനിന്നിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെയുള്ള പ്രശ്നങ്ങൾ കോഹ്ലിയ്ക്കില്ല. അതിനാൽതന്നെ തന്റെ ബാറ്റിംഗിൽ പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കാൻ കോഹ്ലിയ്ക്ക് സാധിക്കുന്നുണ്ട്. എനിക്ക് കോഹ്ലിയിൽ പൂർണമായ വിശ്വാസമുണ്ട്.

Virat Kohli and Sachin Tendulkar

അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റിൽ 110 സെഞ്ച്വറികൾ നേടി സച്ചിന്റെ റെക്കോർഡ് മറികടക്കും എന്നാണ് ഞാൻ വിശ്വസിക്കുന്നത്. നായകത്വം എന്ന സമ്മർദ്ദം ഒഴിഞ്ഞതോടെ കോഹ്ലി വീണ്ടും റൺവേട്ട ആരംഭിച്ചിരിക്കുകയാണ്.”- അക്തർ പറയുന്നു.

ടെസ്റ്റ് ക്രിക്കറ്റിൽ കഴിഞ്ഞ മൂന്നു വർഷങ്ങളിൽ സെഞ്ച്വറികൾ നേടാൻ വിരാട് കോഹ്ലിക്ക് സാധിച്ചിരുന്നില്ല. പലപ്പോഴും മികച്ച തുടക്കങ്ങൾ ലഭിച്ച കോഹ്ലി മൂന്നക്കം കാണുന്നതിൽ പരാജയപ്പെട്ടിരുന്നു. എന്നാൽ ഓസ്ട്രേലിയക്കെതിരായ അവസാന ടെസ്റ്റിൽ 186 റൺസിന്റെ ഒരു തകർപ്പൻ ഇന്നിംഗ്സാണ് വിരാട് കോഹ്ലി കാഴ്ചവെച്ചത്. ഇന്ത്യക്കായി നിർണായ സമയത്ത് കാഴ്ചവച്ച ഈ ഇന്നിംഗ്സ് വിരാട്ടിന്റെ കരിയറിൽ തന്നെ ഓർത്തിരിക്കാവുന്ന ഒന്നാണ്.

dm 221023 NET CRIC t230wc indpak kohli nonbranded global

മാത്രമല്ല ഇന്ത്യയെ സംബന്ധിച്ച് കോഹ്ലിയുടെ ഈ തകർപ്പൻ തിരിച്ചുവരവ് വലിയ പ്രതീക്ഷകളാണ് നൽകുന്നത്. 2023ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ ജൂണിൽ നടക്കാനിരിക്കുന്ന സാഹചര്യത്തിൽ വിരാട് ഫോമിലേക്ക് തിരികെ എത്തിയത് ഇന്ത്യയ്ക്ക് ആശ്വാസം നൽകുന്നതാണ്. നിലവിൽ ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള തയ്യാറെടുപ്പിലാണ് കോഹ്ലി.

Previous articleമുംബൈയ്ക്ക് വിജയിക്കാൻ ആ രണ്ടു പേർ മാത്രം വിചാരിച്ചാൽ മതി; സുനിൽ ഗവാസ്കർ
Next articleഡൽഹിയെ അട്ടിമറിച്ച് ഗുജറാത്ത് വിജയഗാഥ. 11 റൺസിന്റെ ത്രസിപ്പിക്കുന്ന വിജയം.