ഡൽഹിയെ അട്ടിമറിച്ച് ഗുജറാത്ത് വിജയഗാഥ. 11 റൺസിന്റെ ത്രസിപ്പിക്കുന്ന വിജയം.

വനിതാ പ്രീമിയർ ലീഗിൽ ശക്തരായ ഡൽഹിയെ മുട്ടുകുത്തിച്ച് ഗുജറാത്തിന്റെ തകർപ്പൻ വിജയം. മത്സരത്തിൽ 11 റൺസിനാണ് ഗുജറാത്ത് വിജയം കണ്ടത്. ബാറ്റർമാരായ വോൾവാർട്ട്ന്റെയും ആഷ്‌ലി ഗാർഡ്നറുടെയും മികച്ച ബാറ്റിംഗ് പ്രകടനമാണ് ഗുജറാത്തിനെ മത്സരത്തിൽ വിജയത്തിൽ എത്തിച്ചത്. ടൂർണമെന്റിലെ ഗുജറാത്തിന്റെ രണ്ടാം വിജയമാണിത്. ഈ വിജയത്തോടെ ഗുജറാത്ത് പ്ലേയ് ഓഫ് സാധ്യതകൾ നിലനിർത്തിയിട്ടുണ്ട്.

FrWZn99aAAAZrbt

മത്സരത്തിൽ ടോസ് നേടിയ ഡൽഹി ക്യാപിറ്റൽസ് ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലേതുപോലെ തന്നെ ആദ്യ മണിക്കൂറിൽ ഡൽഹി ബോളർമാർ വളരെ ചിട്ടയോടെ തന്നെ പന്തറിയുകയുണ്ടായി. ഇതോടെ ഗുജറാത്ത് ബാറ്റർമാർക്ക് ആക്രമണം അഴിച്ചുവിടാൻ സാധിക്കാതെ വന്നു. ഗുജറാത്ത് നിരയിൽ ഓപ്പണർ വോൾവാർട്ട് 57 റൺസ് നേടുകയുണ്ടായി. ഇന്ത്യൻ ബാറ്റർ ഹാർലിൻ ഡിയോൾ 31 റൺസ് നേടി മധ്യ ഓവറുകളിൽ ഗുജറാത്തിനെ നയിച്ചു. എന്നാൽ സ്കോറിങ് ഉയർത്തുന്നതിൽ ഗുജറാത്ത് പരാജയപ്പെടുന്നതായിരുന്നു ഇന്നിംഗ്സിന്റെ ആദ്യപകുതിയിൽ കണ്ടത്. പക്ഷേ രണ്ടാം പകുതിയിൽ ഗാർഡ്നർ കളം നിറഞ്ഞതോടെ ഗുജറാത്ത് ഭേദപ്പെട്ട സ്കോറിലെത്തി. ഗാർഡനർ 33 പന്തുകളിൽ ഒൻപത് ബൗണ്ടറികളുടെ അകമ്പടിയോടെ 51 റൺസ് നേടുകയുണ്ടായി. അങ്ങനെ ഗുജറാത്ത് സ്കോർ നിശ്ചിത 20 ഓവറിൽ 147 റൺസിലെത്തി.

FrWZn99aAAAZrbt

മറുപടി ബാറ്റിംഗിൽ പതിവിന് വിപരീതമായി ഡൽഹി തകരുന്നതായിരുന്നു കണ്ടത്. അവരുടെ ശക്തരായ ഓപ്പണർമാരായ മെഗ്ഗ് ലാനിഗും(18) ഷഫാലി വർമ്മയും(8) തുടക്കത്തിലെ കൂടാരം കയറി. അലക്സ് ക്യാപ്സി(22) ക്രീസിൽ പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും ഡൽഹി ബോളിങ്ങിന് മുൻപിൽ പതറുകയായിരുന്നു. പിന്നീട് ഒരുവശത്ത് മാരിസൺ കാപ്പ്(36) പോരാട്ടം നയിച്ചു. പക്ഷേ മറുവശത്ത് ഡൽഹിയുടെ വിക്കറ്റുകൾ വീണുകൊണ്ടിരുന്നു. മത്സരത്തിൽ തങ്ങളുടെ എട്ടാം വിക്കറ്റ് നഷ്ടപ്പെട്ടതോടെ ഡൽഹിയുടെ പ്രതീക്ഷകൾ അവസാനിച്ചു എന്ന് എല്ലാവരും കരുതി. എന്നാൽ അവിടെ നിന്നാണ് അരുന്ധതി റെഡ്‌ഡി (25) ഡൽഹിക്കായി ഒറ്റയാൾ പോരാട്ടം നടത്തിയത്. ഒമ്പതാം വിക്കറ്റിൽ ശിഖാ പാണ്ടെയുമായി ചേർന്ന് 35 റൺസിന്റെ കൂട്ടുകെട്ടാണ് അരുന്ധതി റെഡി കെട്ടിപ്പടുത്തത്. പക്ഷേ അരുന്ധതി പുറത്തായതോടെ ഡൽഹിയുടെ പോരാട്ടം അവസാനിക്കുകയായിരുന്നു. അങ്ങനെ ഡൽഹി ഇന്നിങ്സ് 136 റൺസിൽ അവസാനിക്കുകയായിരുന്നു. മത്സരത്തിൽ 11 റൺസിനാണ് ഗുജറാത്ത് വിജയം കണ്ടത്.

ഗുജറാത്തിന് ഒരുപാട് ആത്മവിശ്വാസം നൽകുന്ന വിജയം തന്നെയാണ് ഡൽഹിക്കെതിരെ ഉണ്ടായിരിക്കുന്നത്. ടൂർണ്ണമെന്റിലെ തന്നെ ഏറ്റവും ശക്തരായ ഡൽഹിയെ പരാജയപ്പെടുത്താൻ സാധിച്ചത് വരും ദിവസങ്ങളിൽ ഗുജറാത്തിന് കൂടുതൽ പ്രതീക്ഷകൾ നൽകും. മറുവശത്ത് ഡൽഹിയെ സംബന്ധിച്ച് മത്സരത്തിൽ വന്ന തെറ്റുകൾ മനസ്സിലാക്കി വലിയൊരു തിരിച്ച് വരവിനാണ് ശ്രമിക്കുന്നത്.