ക്രിക്കറ്റ് ലോകം ഇതുവരെ വിരാട് കോഹ്ലി ടെസ്റ്റ് ക്യാപ്റ്റൻസി ഒഴിഞ്ഞ ഞെട്ടലിൽ നിന്നും മുക്തമായിട്ടില്ല. അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും മികച്ച നായകൻ എന്നുള്ള വിശേഷണം നേടിയ വിരാട് കോഹ്ലി ടെസ്റ്റ് നായക കുപ്പായം കൂടി അഴിക്കുമ്പോൾ താരത്തിന്റെ ടീമിലെ റോൾ എന്തെന്നുള്ള ചോദ്യവും ഇപ്പോൾ സജീവമായി മാറുകയാണ്. ടി :20 വേൾഡ് കപ്പിന് പിന്നാലെ ടി :20 ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ കോഹ്ലിക്ക് ഏകദിന നായകന്റെ റോൾ രോഹിത്തിന് നൽകേണ്ടതായി വന്നിരിന്നു.
മൂന്ന് ഫോർമാറ്റിലും ഒരു ബാറ്റ്‌സ്മാനായി മാത്രം തുടരാനുള്ള കോഹ്ലിയുടെ തീരുമാനത്തെ മുൻ താരങ്ങൾ അടക്കം പിന്തുണക്കുമ്പോൾ വ്യത്യസ്ത അഭിപ്രായം ഇക്കാര്യത്തിൽ പറയുകയാണ് ഇതിഹാസ താരം കപിൽ ദേവ്. കോഹ്ലിയുടെ ഈഗോ മാറ്റിവെക്കണം എന്നാണ് കപിൽ ദേവ് ആവശ്യം.
“ഞാൻ കോഹ്ലിയുടെ പുതിയ തീരുമാനം വളരെ അധികം ബഹുമാനിക്കുന്നുണ്ട്. ടെസ്റ്റ് ഫോർമാറ്റിലെ ക്യാപ്റ്റൻ സ്ഥാനം ഒഴിയാനുള്ള കോഹ്ലിയുടെ തീരുമാനം നല്ലത് എന്നാണ് എന്റെ അഭിപ്രായം. ടി :20 ക്യാപ്റ്റൻ സ്ഥാനം കോഹ്ലി ഒഴിഞ്ഞത് പിന്നാലെ അദ്ദേഹത്തിന് അത്രത്തോളം നല്ല സമയമല്ല. കൂടാതെ പതിവിൽ നിന്നും വ്യത്യസ്തമായി കോഹ്ലി കഴിഞ്ഞ കുറച്ച് മാസങ്ങളിൽ സമ്മർദ്ദത്തിലാണ് ഇപ്പോൾ കാണപ്പെടുന്നത്.
വളരെ പക്വതയുള്ള താരമാണ് കോഹ്ലി. അദ്ദേഹം ശരിയായ സമയത്താണ് ശരിയായ ഈ തീരുമാനം കൈകൊണ്ടത്. ക്യാപ്റ്റൻ സ്ഥാനത്തിൽ നിന്നും ഒഴിഞ്ഞതോടെ വിരാട് കോഹ്ലിക്ക് കൂടുതൽ സ്വാതന്ത്ര്യം ലഭിക്കുമെന്നാണ് എന്റെ വിശ്വാസം “കപിൽ ദേവ് തന്റെ അഭിപ്രായം വിശദമാക്കി.
“ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനവും കൂടി വിരാട് കോഹ്ലി ഒഴിയാൻ തീരുമാനിച്ചതോടെ ഒരു കാര്യം വ്യക്തം.അദ്ദേഹത്തിന് ഇപ്പോൾ പഴയ പോലെ കളി ആസ്വദിക്കാനായി കഴിയുന്നില്ലായിരിക്കാം. അതിനാൽ തന്നെ നമ്മൾ കോഹ്ലിയുടെ തീരുമാനത്തെ ബഹുമാനിക്കണം. അദ്ദേഹത്തിന് ഇത്തരം തീരുമാനത്തിനുള്ള അവകാശം ഉണ്ട്.
പുതിയ നായകനെ ഇനി മുന്നോട്ട് നയിക്കാൻ എല്ലാ ചുമതലയും വിരാട് കോഹ്ലിക്കുണ്ട്. അവൻ യുവ നായകന്‍റെ കീഴിൽ കളിക്കാനുള്ള വലിയ മനസ്സ് കാണിക്കണം. ഇക്കാര്യത്തിൽ കോഹ്ലി തന്റെ ഈഗോ മാറ്റണം “കപിൽ ദേവ് ഉപദേശിച്ചു.