ഇത്തവണത്തെ ലോകകപ്പിൽ വളരെ മികച്ച പ്രകടനമാണ് വിരാട് കോഹ്ലി കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. കളിച്ച നാല് മത്സരങ്ങളിൽ നിന്നും മൂന്ന് അർദ്ധ സെഞ്ച്വറിയാണ് താരം നേടിയത്. ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയതും താരം തന്നെയാണ്. 220 റൺസ് ആണ് താരം ഇതുവരെയും നേടിയിട്ടുള്ളത്.
20-20 ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരം എന്ന റെക്കോർഡ് ശ്രീലങ്കൻ ഇതിഹാസം മഹേള ജയവർധനയെ മറികടന്ന് താരം സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ താരത്തെ കാത്തിരിക്കുന്നത് മറ്റൊരു തകർപ്പൻ റെക്കോർഡ് ആണ്. ഐ. സി. സി ടൂർണമെൻ്റുകളിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ താരം എന്ന റെക്കോർഡ് ആണ് താരത്തിനെ കാത്തിരിക്കുന്നത്.
വെറും 95 റൺസ് അകലെയാണ് കോഹ്‌ലിയെ ഈ റെക്കോർഡ് കാത്തിരിക്കുന്നത്. താരം ഈ റെക്കോർഡ് സ്വന്തം പേരിൽ കുറിക്കാൻ പോകുമ്പോൾ മറികടക്കുന്നത് ഇന്ത്യൻ ഇതിഹാസം സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറെയാണ്. സച്ചിൻ 2719 റൺസ് നേടിയപ്പോൾ കോഹ്ലി ഇതുവരെ 2624 റൺസ് ആണ് നേടിയിട്ടുള്ളത്. അതേ സമയം സച്ചിൻ 20-20 ലോകകപ്പ് കളിക്കാതെയാണ് ഈ റെക്കോർഡ് സ്വന്തം പേരിൽ കുറിച്ചിട്ടുള്ളത് എന്നത് ശ്രദ്ധേയമാണ്.
ഐ.സി.സി ടൂർണമെൻ്റുകളിൽ ഏറ്റവും കൂടുതൽ റൺസ് നേടിയിട്ടുള്ള താരം വെസ്റ്റ്ഇൻഡീസ് ഇതിഹാസം ക്രിസ് ഗെയിലായാണ്. 2942 റൺസ് ആണ് താരം നേടിയിട്ടുള്ളത്.2876 റൺസുമായി സംഗക്കാര രണ്ടാമതും,2858 റൺസുമായി ജയവർധനെ മൂന്നാം സ്ഥാനത്തുമാണ്. കോഹ്ലി ഈ റെക്കോർഡും തൻ്റെ പേരിലാക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.