പടിക്കല്‍ കലമുടച്ച് സൗത്താഫ്രിക്ക പുറത്ത്. അട്ടിമറിയുമായി നെതര്‍ലണ്ട്

ഐസിസി ടി20 ലോകകപ്പില്‍ അട്ടിമറിയുമായി നെതര്‍ലണ്ട്. അവസാന ഗ്രൂപ്പ് പോരാട്ടത്തില്‍ സൗത്താഫ്രിക്കയെ പരാജയപ്പെടുത്തുകയായിരുന്നു. നെതര്‍ലണ്ട് ഉയര്‍ത്തിയ 159 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സൗത്താഫ്രിക്കക്ക് നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സില്‍ എത്താനാണ് സാധിച്ചത്. 13 റണ്‍സിന്‍റെ വിജയവുമായി നെതര്‍ലണ്ട് അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പിനു യോഗ്യത നേടി.

തോല്‍വിയോടെ സൗത്താഫ്രിക്ക ഏകദേശം പുറത്തായി. നെതര്‍ലണ്ടിന്‍റെ വിജയത്തോടെ ഇന്ത്യ സെമിയില്‍ കടന്നു. പാക്കിസ്ഥാന്‍ – ബംഗ്ലാദേശ് മത്സരത്തിലെ വിജയിക്ക് ഇന്ത്യയോടൊപ്പം സെമിയില്‍ എത്താം. മത്സരം മഴ കൊണ്ടുപോയാല്‍ റണ്‍ റേറ്റിന്‍റെ അടിസ്ഥാനത്തില്‍ പാക്കിസ്ഥാന്‍ സെമിയില്‍ എത്തും

വിജയലക്ഷ്യം പിന്തുടര്‍ന്ന സൗത്താഫ്രിക്കക്ക് ഡീക്കോക്കിനെ (13) ആദ്യം നഷ്ടമായി. നെതര്‍ലണ്ട് ബൗളര്‍മാര്‍ മനോഹരമായി പന്തെറിഞ്ഞതോടെ റണ്‍സ് ഉയര്‍ത്താന്‍ സൗത്താഫ്രിക്ക പാടുപെട്ടു. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകളും വീഴ്ത്തിയതോടെ നെതര്‍ലണ്ടിനു പ്രതീക്ഷയായി.

ബവുമ (20) റൂസോ (25) മാര്‍ക്രം (17) മില്ലര്‍ (17) പാര്‍ണെല്‍ എന്നിവര്‍ പുറത്തായതോടെ സൗത്താഫ്രിക്ക 112 ന് 6 എന്ന നിലയിലായി. അവസാന 3 ഓവറില്‍ 41 റണ്‍സായിരുന്നു സൗത്താഫ്രിക്കക്ക് വേണ്ടിയിരുന്നത്. അപകടകാരിയായ ക്ലാസനും (21) പുറത്തായതോടെ സൗത്താഫ്രിക്ക അപകടം മണത്തു. അവസാന 6 ബോളില്‍ 26 റണ്‍സ് വേണമെന്നിരിക്കെ സൗത്താഫ്രിക്കക്ക് ലക്ഷ്യത്തില്‍ എത്താനായില്ലാ.

നേരത്തെ ടോസ് നേടി സൗത്താഫ്രിക്ക ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

20221106 071013

ഓപ്പണിംഗില്‍ സ്റ്റീവന്‍ മയ്ബര്‍ഗും (37) മാക്സും (29) ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 58 റണ്‍സ് കൂട്ടിചേര്‍ത്തു. പിന്നീട് ടോം കൂപ്പര്‍ (19 പന്തില്‍ 35) ആക്കര്‍മാന്‍ (26 പന്തില്‍ 41) എഡ്വേഡ്സ് (7 പന്തില്‍ 12) എന്നിവരുടെ പ്രകടനമാണ് നെതര്‍ലണ്ടിനെ നിശ്ചിത 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 158 ല്‍ എത്തിച്ചത്. അവസാന രണ്ടോവറില്‍ 31 റണ്‍സ് പിറന്നു.

സൗത്താഫ്രിക്കക്കായി കേശവ് മഹാരാജ് 2 വിക്കറ്റ് വീഴ്ത്തി. നോര്‍ക്കിയ 4 ഓവറില്‍ 10 റണ്‍സ് മാത്രം വഴങ്ങി 1 വിക്കറ്റ് നേടി.