ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ എല്ലാം ടി :20 ലോകകപ്പിലെ വിരാട് കോഹ്ലിയുടെയും ടീമിന്റെയും മോശം പ്രകടനത്തിൽ വളരെ അധികം നിരാശരാണ്. പാകിസ്ഥാൻ, കിവീസ് ടീമുകളോട് തുടർച്ചയായി രണ്ട് തോൽവികൾ വഴങ്ങി ടി :20 ലോകകപ്പ് ആരംഭിച്ച ഇന്ത്യക്ക് പിന്നീട് 3 ജയങ്ങൾ നേടുവാൻ സാധിച്ചെങ്കിലും നിർണായക സെമിയിലേക്ക് പ്രവേശനം നേടുവാൻ കഴിഞ്ഞില്ല. ടി :20 ലോകകപ്പിലെ ഏറെ വേദനാജനകമായ തോൽവിക്ക് ശേഷം മുൻപ് പ്രഖ്യാപിച്ചത് പോലെ നായകൻ വിരാട് കോഹ്ലി ടി :20 ക്യാപ്റ്റൻസി സ്ഥാനം ഒഴിഞ്ഞപ്പോൾ രവി ശാസ്ത്രിക്ക് പകരം പുതിയ ഹെഡ് കോച്ചായി ദ്രാവിഡ് വൈകാതെ സ്ഥാനമേൽക്കും. എന്നാൽ ലോകകപ്പ് തോൽവിക്ക് പിന്നാലെ ടീം ഇന്ത്യയിലെ തർക്കങ്ങളെ കുറിച്ചുള്ള വാർത്തകളും സജീവ പ്രാധാന്യം കൂടി നേടുകയാണ് ഇപ്പോൾ.
അതേസമയം ഈ വിഷയത്തിൽ ഏറെ വ്യത്യസ്തമായ ഒരു അഭിപ്രായവുമായി എത്തുകയാണ് മുൻ പാകിസ്ഥാൻ താരം മുഷ്താഖ് അഹമ്മദ്. ഇന്ത്യൻ ടീമിന്റെ ഈ തകർച്ചക്ക് കാരണം ടീമിലെ തന്നെ വിവിധ പ്രശ്നങ്ങളാണെന്ന് പറഞ്ഞ മുൻ പാക് സ്പിന്നർ ടി :20 ക്യാപ്റ്റൻസി പദവി വിരാട് കോഹ്ലി ഒഴിയാനുള്ള കാരണം ടീമിലെ ആഭ്യന്തര പ്രശ്നങ്ങളാണ് എന്നും ചൂണ്ടികാട്ടി.കൂടാതെ ഇത്തരം ചില പ്രശ്നങ്ങൾ തുടരുന്നതിനാൽ തന്നെ കോഹ്ലി വൈകാതെ അന്താരാഷ്ട്ര ടി :20 ക്രിക്കറ്റിൽ നിന്നും വിരമിക്കാനും എല്ലാ സാധ്യതകളുണ്ടെന്നും മുഷ്താഖ് സൂചന നൽകി.
“എന്താണ് പെട്ടന്നുള്ള കോഹ്ലിയുടെ ഈ ക്യാപ്റ്റൻസി ഒഴിയൽ എന്ന് ചോദിച്ചാൽ ഞാൻ പറയുക അത് ടീമിലെ വിവിധ പ്രശ്നങ്ങൾ എന്നാണ്. കൂടാതെ വളരെ വിജയിയായ ഒരു ക്യാപ്റ്റൻ നായകന്റെ പദവി ഒഴിയുമ്പോൾ അതിൽ എന്തോ പ്രശ്നം ഉണ്ട്.ഐപിൽ കാരണമാണ് ടീം ഇന്ത്യക്ക് ഈ പ്രശ്നം വന്നതെന്നും എനിക്ക് തോന്നുന്നുണ്ട്. താരങ്ങൾ എല്ലാം ക്ഷീണിതരായി കാണപ്പെട്ടിരുന്നു. ഒപ്പം ഐപിഎല്ലിൽ തുടർന്നാലും കോഹ്ലി അന്താരാഷ്ട്ര ടി :20യിൽ നിന്നായി ഇനി അതിവേഗം വിരമിക്കാനാണ് പ്ലാൻ. ടീം ഇന്ത്യയിൽ ഡൽഹി, മുംബൈ ലോബി സജീവമാണ് “മുൻ പാകിസ്ഥാൻ താരം ആരോപണം ഉന്നയിച്ചു.