“കോഹ്ലി വർഷങ്ങളായി ഇത് തുടരുന്നു, ബാറ്റിംഗിലെ ശാന്തത ഗുണം ചെയ്തു”- രോഹിത് ശർമ.

ഓസ്ട്രേലിയക്കെതിരായ ചാമ്പ്യൻസ് ട്രോഫി സെമിഫൈനൽ മത്സരത്തിൽ 4 വിക്കറ്റുകളുടെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ സ്റ്റീവ് സ്മിത്തിന്റെ തകർപ്പൻ ബാറ്റിംഗിന്റെ ബലത്തിൽ 264 റൺസാണ് സ്വന്തമാക്കിയത്. മറുപടി ബാറ്റിംഗിൽ ഇന്ത്യക്കായി വിരാട് കോഹ്ലി തട്ടുപൊളിപ്പൻ ബാറ്റിംഗ് പ്രകടനം പുറത്തെടുക്കുകയുണ്ടായി. ഇതോടെ മത്സരത്തിൽ ഇന്ത്യ 4 വിക്കറ്റുകൾക്ക് വിജയം സ്വന്തമാക്കുകയായിരുന്നു. മത്സരത്തിലെ വിജയത്തെ പറ്റി ഇന്ത്യൻ നായകൻ രോഹിത് ശർമ സംസാരിക്കുകയുണ്ടായി.

ബാറ്റിംഗിൽ ശാന്തത പുലർത്താൻ സാധിച്ചതാണ് മത്സരത്തിലെ തങ്ങളുടെ വിജയരഹസ്യം എന്ന് രോഹിത് തുറന്നു പറഞ്ഞു. “മത്സരത്തിന്റെ അവസാന പന്ത് എറിയുന്നത് വരെ ഒന്നുംതന്നെ പറയാൻ സാധിക്കില്ല. ആദ്യ ഇന്നിങ്സ് അവസാനിച്ചപ്പോൾ ഓസ്ട്രേലിയ സ്വന്തമാക്കിയത് ഒരു മികച്ച സ്കോറാണെന്ന് ഞാൻ കരുതി. കാരണം ഇവിടത്തെ പിച്ചിന്റെ സ്വഭാവം ബാറ്റർമാർക്ക് അനായാസമായി ഷോട്ടുകൾ കളിക്കാൻ സാധിക്കുന്ന തരത്തിൽ ആയിരുന്നില്ല. എന്നിരുന്നാലും ബാറ്റിംഗിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ഞങ്ങൾക്ക് സാധിച്ചു. ചേയ്സിൽ ശാന്തത പിന്തുടർന്നത് ഞങ്ങൾക്ക് ഗുണം ചെയ്തു.”- രോഹിത് പറഞ്ഞു.

“നിലവിൽ പിച്ച് അല്പം മെച്ചപ്പെട്ടതായാണ് തോന്നുന്നത്. ന്യൂസിലാൻഡിനെതിരായ മത്സരത്തിലെതിനേക്കാൾ പിച്ച് മെച്ചപ്പെട്ടിട്ടുണ്ട്. മികച്ച രീതിയിൽ കളിക്കുക എന്നതിനാണ് ഇവിടെ പ്രാധാന്യം. ഞങ്ങളുടെ ടീമിൽ ഒരുപാട് അനുഭവസമ്പത്തുള്ള താരങ്ങളുണ്ട്. 6 ബോളിംഗ് ഓപ്ഷനുകളാണ് ഞങ്ങൾക്ക് ഉണ്ടായിരുന്നത്. മാത്രമല്ല ബാറ്റിംഗിൽ ആവശ്യത്തിന് ഡെപ്ത്തും ഉണ്ടായിരുന്നു. ഇതായിരുന്നു ഞങ്ങൾക്ക് ആവശ്യം. ടീമിൽ മികച്ച പ്രകടനം നടത്തിയ എല്ലാവർക്കും ഈ വിജയത്തിന്റെ ക്രെഡിറ്റ് നൽകുകയാണ്.”- രോഹിത് ശർമ കൂട്ടിച്ചേർത്തു.

വിരാട് കോഹ്ലിയുടെ മത്സരത്തിലെ പ്രകടനത്തെ പറ്റിയും രോഹിത് സംസാരിച്ചു. “ഒരുപാട് വർഷങ്ങളായി കോഹ്ലി ഇന്ത്യയ്ക്കായി ഇതേപോലെയുള്ള പ്രകടനങ്ങൾ കാഴ്ചവെക്കുന്നു. ബാറ്റ് ചെയ്യുന്ന സമയത്ത് ശാന്തത പുലർത്താൻ ഞങ്ങൾക്ക് സാധിച്ചിരുന്നു. മത്സരത്തിന്റെ അവസാനഭാഗങ്ങളിലെ ഹർദിക്കിന്റെ വമ്പൻ ഷോട്ടുകൾ വളരെ നിർണായകമായിരുന്നു. ഇതുപോലെ ഒരു ടൂർണമെന്റിന്റെ ഫൈനലിൽ എത്തുമ്പോൾ നമുക്കാവശ്യം ടീമിലെ എല്ലാ താരങ്ങളും ഫോമിൽ തുടരുക എന്നതാണ്. എല്ലാവർക്കും ഇതുവരെ മികച്ച പ്രകടനങ്ങൾ നടത്താൻ സാധിച്ചിട്ടുണ്ട്. അത് ഞങ്ങൾക്ക് ആത്മവിശ്വാസം നൽകുന്നു. കൂടുതൽ കാര്യങ്ങൾ ഞങ്ങൾ ആലോചിക്കുന്നില്ല. ന്യൂസിലാൻഡും ദക്ഷിണാഫ്രിക്കയും മികച്ച ടീമുകൾ തന്നെയാണ്. ഇത് ഒരുപാട് സമ്മർദ്ദമുള്ള ടൂർണമെന്റ് ആണ് അതുകൊണ്ടുതന്നെ ഫൈനലിന് മുൻപ് അല്പസമയം ഇടവേള ലഭിച്ചത് ഭാഗ്യമാണ്.”- രോഹിത് പറഞ്ഞുവെക്കുന്നു.