ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് എല്ലാം വളരെ നിരാശകൾ സമ്മാനിച്ചാണ് കാൻ പൂർ ക്രിക്കറ്റ് ടെസ്റ്റിൽ ന്യൂസിലാൻഡ് ടീമിന് മുൻപിൽ ഇന്ത്യൻ ടീം സമനില വഴങ്ങിയത്. അത്യന്തം നാടകീയത അവസാന ഓവർ വരെ നീണ്ടുനിന്ന മത്സരത്തിൽ പത്താം വിക്കറ്റിൽ അജാസ് പട്ടേൽ :രചിൻ രവീന്ദ്ര എന്നിവരുടെ പോരാട്ടമാണ് കിവീസ് ടീമിന് ജയതുല്യ സമനില സമ്മാനിച്ചത്. സ്വദേശത്ത് കിവീസ് ടീമിന് മുൻപിൽ സമനില വഴങ്ങിയത് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് ടേബിളിൽ അടക്കം ഇന്ത്യൻ ടീമിന് തിരിച്ചടിയായി മാറി കഴിഞ്ഞു. രണ്ട് ടെസ്റ്റ് മത്സരങ്ങൾ അടങ്ങിയ ടെസ്റ്റ് പരമ്പരയിലെ അവസാനത്തെ ടെസ്റ്റ് ഡിസംബർ 3ന് ആരംഭിക്കുമ്പോൾ ഇരു ടീമുകൾക്കും ജയം മാത്രമാണ് ലക്ഷ്യം.
എന്നാൽ പ്രധാന മത്സരത്തിൽ ഇന്ത്യൻ ടീം പ്ലേയിംഗ് ഇലവനിൽ എന്തൊക്കെ മാറ്റങ്ങൾ സംഭവിക്കുമെന്നതാണ് പ്രധാന ചോദ്യം. നായകൻ വിരാട് കോഹ്ലി ടീമിന് ഒപ്പം എത്തുമ്പോൾ ആദ്യ ടെസ്റ്റിൽ തന്റെ അരങ്ങേറ്റ കുറിച്ച ശ്രേയസ് അയ്യർക്ക് സ്ഥാനം നഷ്ടമാകുമോയെന്നതാണ് ശ്രദ്ധേയം. അതേസമയം മുംബൈ ടെസ്റ്റിൽ ഇന്ത്യൻ ടീം മാറ്റങ്ങൾ അനവധി കൊണ്ടുവരേണ്ടത് പ്രധാനമാണെന്ന് പറഞ്ഞ മുൻ താരം വസീം ജാഫർ ഓപ്പണർ റോളിൽ ഒരു സർപ്രൈസ് താരത്തെ കൂടി നിർദ്ദേശിക്കുന്നുണ്ട്. തന്റെ അരങ്ങേറ്റ ടെസ്റ്റിൽ തന്നെ സെഞ്ച്വറിയും അർദ്ധ സെഞ്ച്വറിയും നേടിയ ശ്രേയസ് അയ്യറെ പ്ലെയിങ് ഇലവനിൽ നിന്നും മാറ്റാരുതെന്നും വസീം ജാഫർ വ്യക്തമാക്കി.
“കാൻപൂർ ടെസ്റ്റിൽ മോശം ബാറ്റിങ് പ്രകടനം കാഴ്ചവെച്ച രഹാനെ, മായങ്ക് അഗർവാൾ എന്നിവർ കോഹ്ലി കൂടി ടീമിലേക്ക് എത്തുന്ന സാഹചര്യത്തിൽ മാറ്റപെടണം. കൂടാതെ ഞാൻ മറ്റൊരു മാറ്റം കൂടി നിർദ്ദേശിക്കുന്നുണ്ട്. വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ സാഹയെ ഓപ്പണർ റോളിൽ പരീക്ഷിക്കാൻ കൂടി ഇന്ത്യൻ ടീം തയ്യാറാവണം.മായങ്ക് അഗാർവാളിനെ മാറ്റി പൂജാരയാണ് ഓപ്പണിങ് റോളിൽ എത്തുന്നത് എങ്കിൽ രഹാനെക്കും സ്ഥാനം ഉറപ്പിക്കാൻ കഴിയും. പക്ഷേ രഹാനെ കഴിഞ്ഞ 10-12 ഇന്നിങ്സുകളിൽ ബാറ്റിങ്ങിൽ മോശമാണ്. രഹാനെയെ മാറ്റണമോയെന്നത് കോഹ്ലിക്കും ടീം മാനേജ്മെന്റിനും തീരുമാനിക്കാം. അത് ഒരു കടുത്ത തീരുമാനമാണ് “വസീം ജാഫർ ചൂണ്ടികാട്ടി