2022 ട്വന്റി20 ലോകകപ്പിന് ശേഷം ഇന്ത്യയുടെ സീനിയർ താരങ്ങളായ രോഹിത് ശർമയും വിരാട് കോഹ്ലിയും ഇന്ത്യയെ ട്വന്റി20 മത്സരങ്ങളിൽ പ്രതിനിധീകരിച്ചിട്ടില്ല. ലോകകപ്പിന് ശേഷം ഇന്ത്യക്കായി ട്വന്റി20 കളിച്ചവരൊക്കെ യുവതാരങ്ങൾ ആയിരുന്നു. ഹർദിക് പാണ്ട്യയുടെ നേതൃത്വത്തിൽ 2024 ട്വന്റി20 ലോകകപ്പിനായി ഒരു യുവതാരങ്ങൾ അടങ്ങിയ ടീമിനെ കെട്ടിപ്പടുക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്.
അതിനാൽ തന്നെ രോഹിത് ശർമയും വിരാട് കോഹ്ലിയും ട്വന്റി20 ക്രിക്കറ്റിൽ നിന്ന് ഉടനെ തന്നെ വിരമിക്കും എന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. പക്ഷേ ഈ നീക്കം അത്ര ഉത്തമമല്ല എന്നാണ് മുൻ ഇന്ത്യൻ താരം ആശിഷ് നെഹ്റ ഇപ്പോൾ പറയുന്നത്.
വിരാട് കോഹ്ലിയും രോഹിത് ശർമയും ഇനിയും ട്വന്റി20 ഫോർമാറ്റിൽ കളിക്കണമെന്നാണ് ആശിഷ് നെഹ്റ നിർദ്ദേശിക്കുന്നത്. 2023 നവംബർ 22ന് പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം രോഹിത് ശർമ ഇനി അന്താരാഷ്ട്ര ട്വന്റി20 മത്സരങ്ങൾ കളിക്കാൻ സാധ്യതയില്ല. ഇത് ഇന്ത്യയെ വലിയ രീതിയിൽ ബാധിക്കും എന്ന് മുൻ താരങ്ങളടക്കം പ്രവചിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ആശിഷ് നെഹ്റയുടെ ഈ പ്രതികരണം.
തങ്ങൾക്ക് അന്താരാഷ്ട്ര ക്രിക്കറ്റിൽ റൺസ് കണ്ടെത്താൻ സാധിക്കുന്ന അത്രയും കാലം ഇന്ത്യ രോഹിത്തിനെയും കോഹ്ലിയെയും ട്വന്റി20 ഫോർമാറ്റിൽ പരിഗണിക്കണം എന്നാണ് ആശിഷ് നെഹ്റയ്ക്ക് പറയാനുള്ളത്. ഇരുവരും സ്വയമേ വിരമിക്കുന്നത് വരെ ഇന്ത്യ ഇരുവരെയും മാറ്റിനിർത്തരുത് എന്നും നെഹ്റ ചൂണ്ടിക്കാട്ടുകയുണ്ടായി.
“വിരാട് കോഹ്ലി ഒരു കലണ്ടർ വർഷത്തിൽ 800 – 1000 റൺസൊക്കെ സ്വന്തമാക്കുന്നുണ്ട്. രോഹിത് ശർമ ബാറ്റ് ചെയ്യുന്ന രീതിയും മികച്ചതാണ്. ഒരു ടീം സെലക്ടർ എന്തായാലും രോഹിത്തിന്റെ ഈ പ്രവണതയിൽ ആകൃഷ്ടനാവും. രോഹിത് ശർമയും കോഹ്ലിയും ഇതിനോടകം തന്നെ തങ്ങൾ ട്വന്റി20 ഫോർമാറ്റിൽ കളിക്കണോ എന്ന കാര്യം ചർച്ച ചെയ്തിട്ടുണ്ട്. ഒരുപക്ഷേ ഞാനിനി കളിക്കുന്നില്ല, ഞാൻ വിശ്രമം എടുക്കുകയാണ് എന്ന് തീരുമാനിക്കാനും അവർക്ക് സാധിക്കും.
എന്നാൽ എന്നെങ്കിലും ട്വന്റി20 ഫോർമാറ്റിൽ നിന്ന് ഇരുവരും വിരമിക്കാൻ തീരുമാനിക്കുന്നത് വരെ ഇന്ത്യ ഇവരെ പരിഗണിക്കണം എന്നാണ് ഞാൻ കരുതുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇരുവരും റൺസ് കണ്ടെത്തുന്ന സമയം വരെ രോഹിത്തിനും വിരാട്ടിനും ക്രിക്കറ്റിന്റെ ഏത് ഫോർമാറ്റിലും കളിക്കാൻ സാധിക്കും.”- നെഹ്റ പറയുന്നു.
2023 ഏകദിന ലോകകപ്പിൽ വളരെ മികച്ച പ്രകടനങ്ങളായിരുന്നു വിരാട് കോഹ്ലിയും രോഹിത് ശർമയും കാഴ്ചവച്ചത്. ഇന്ത്യക്കായി ടൂർണമെന്റിലൂടനീളം ഇരുവരും മികവ് പുലർത്തി. ഈ ലോകകപ്പിൽ ഏറ്റവുമധികം റൺസ് സ്വന്തമാക്കിയ താരം വിരാട് കോഹ്ലിയായിരുന്നു. അതിനാൽ തന്നെ ടൂർണമെന്റിലെ താരമായി വിരാട് കോഹ്ലി മാറുകയുണ്ടായി.
ടൂർണ്ണമെന്റിൽ ഏറ്റവുമധികം റൺസ് കണ്ടെത്തിയ രണ്ടാമത്തെ താരമായി രോഹിത് ശർമയും മാറിയിരുന്നു. അതിനാൽ തന്നെ ട്വന്റി20യിലും ഇരുവരും കളിക്കണമെന്ന അഭിപ്രായവുമായി മുൻ ഇന്ത്യൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ അടക്കമുള്ളവർ രംഗത്തെത്തുകയും ചെയ്തു.