ഫിനിഷിങ്ങിൽ അഗ്രകണ്യനാണ് റിങ്കു, ധോണിയ്ക്കും ഹർദിക്കിനും ശേഷം ഇന്ത്യൻ ഫിനിഷറെന്ന് മുൻ താരം.

rinku singh finish

ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ആദ്യ ട്വന്റി20 മത്സരത്തിൽ വളരെ മികച്ച ഒരു ഫിനിഷിംഗാണ് റിങ്കു സിങ്‌ കാഴ്ചവച്ചത്. അവസാന ഓവറുകളിൽ മറുവശത്ത് തുരുതുരാ വിക്കറ്റുകൾ നഷ്ടമാവുമ്പോഴും ഒരുവശത്ത് റിങ്കു സിംഗ് ഇന്ത്യക്കായി ഒരു തകർപ്പൻ ഫിനിഷിംഗ് പുറത്തെടുക്കുകയായിരുന്നു. മത്സരത്തിൽ 2 വിക്കറ്റുകളുടെ ത്രസിപ്പിക്കുന്ന വിജയമാണ് റിങ്കു സിംഗ് ഇന്ത്യക്ക് സമ്മാനിച്ചത്.

14 പന്തുകളിൽ 22 റൺസാണ് റിങ്കു മത്സരത്തിൽ സ്വന്തമാക്കിയത്. മത്സരത്തിലെ റിങ്കുവിന്റെ പ്രകടനത്തെ പ്രശംസിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റർ അഭിഷേക് നായർ. ധോണിയെയും പാണ്ട്യയെയും പോലെ ഫിനിഷിംഗ് ഒരു കലയാക്കിയ താരമാണ് റിങ്കു എന്ന് അഭിഷേക് നായർ പറയുന്നു.

ആഭ്യന്തര ക്രിക്കറ്റിലെ വലിയ അനുഭവസമ്പത്ത് റിങ്കുവിനെ മത്സരത്തിൽ സഹായിച്ചിട്ടുണ്ട് എന്നാണ് അഭിഷേക് നായരുടെ പക്ഷം. “മത്സരത്തിൽ മികച്ച പ്രകടനമായിരുന്നു റിങ്കു പുറത്തെടുത്തത്. ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലുമൊക്കെ ഇത്തരത്തിൽ വളരെ മികച്ച പ്രകടനങ്ങൾ പുറത്തെടുക്കുന്ന റിങ്കുവിനെ നമുക്കറിയാം.

മത്സരത്തിന്റെ അവസാന സമയങ്ങളിൽ വരെ സമ്മർദ്ദം തന്നിലേക്ക് ചേർക്കാനും, ശാന്തനായി തുടരാനും റിങ്കുവിന് സാധിച്ചു. അയാൾ ഉയർന്നുവന്ന രീതിയാണ് അയാളെ വ്യത്യസ്തനാക്കുന്നത്.”- അഭിഷേക് നായർ പറയുകയുണ്ടായി.

Read Also -  സഞ്ജു ആദ്യ ചോയ്സ് കീപ്പറായി ലോകകപ്പിൽ കളിക്കണം : കുമാർ സംഗക്കാര പറയുന്നു.

“ഇന്ത്യക്കായി ഇത് മൂന്നാം തവണയാണ് ഇത്തരത്തിൽ റിങ്കു ഫിനിഷിംഗ് പ്രകടനം നടത്തുന്നത്. മൂന്നാം തവണയും ഇന്ത്യയ്ക്ക് റിങ്കുവിൽ നിന്ന് പ്രത്യേകതയുള്ള ഒരു ഇന്നിംഗ്സ് ആവശ്യമായിരുന്നു. ആ സമയത്ത് അത് നൽകാൻ റിങ്കുവിന് സാധിച്ചു. കഴിഞ്ഞ 5 മുതൽ 7 വർഷം വരെ അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിക്കാൻ റിങ്കുവിന് സാധിച്ചിരുന്നില്ല. എന്നാൽ ആഭ്യന്തര ക്രിക്കറ്റിലെ അനുഭവസമ്പത്തും പക്വതയും കഴിവും അയാൾക്ക് ഗുണം ചെയ്തു.”- അഭിഷേക് കൂട്ടിച്ചേർക്കുന്നു.

“അയാൾ ഫിനിഷിംഗ് എന്ന കലയിൽ അഗ്രഗണ്യനാണ് എന്ന് തന്നെയാണ് ഈ ഇന്നിംഗ്സ് തുറന്നുകാട്ടുന്നത്. ഇതത്ര അനായാസമായ ഇന്നിംഗ്സ് ആയിരുന്നില്ല. ഹർദിക് പാണ്ട്യയും മഹേന്ദ്ര സിംഗ് ധോണിയും നമുക്കായി ഫിനിഷിംഗ് റോൾ ഇതിന് മുമ്പ് ചെയ്തിട്ടുണ്ട്. എന്നാൽ അതിന് ശേഷം മറ്റൊരു താരത്തിനും ആ റോളിൽ മികവ് പുലർത്താൻ സാധിച്ചില്ല.”

“മത്സരത്തിൽ ആവശ്യമായ റൺസ് നേടുക എന്നത് മാത്രമല്ല കാര്യം. അത് റിങ്കു സിങ് നേടിയ രീതിയും പ്രധാനപ്പെട്ടതാണ്. അയാൾ തന്റെ ഗെയിം കളിക്കുന്ന രീതി വളരെ ശാന്തവും പക്വത നിറഞ്ഞതുമാണ്.”- അഭിഷേക് നായർ പറഞ്ഞു വെക്കുന്നു.

Scroll to Top