ചരിത്ര നേട്ടവുമായി മലയാളി മുത്ത് മിന്നുമണി. ഇന്ത്യൻ രാജ്യന്തര ടീമിന്റെ ആദ്യ മലയാളീ ക്യാപ്റ്റൻ.

minnu mani

വനിതാ ക്രിക്കറ്റിൽ ചരിത്രം കുറിച്ച് മലയാളി താരം മിന്നുമണി. ഇന്ത്യൻ വനിതാ എ ടീമിന്റെ ഇംഗ്ലണ്ട് എ ടീമുമായുള്ള മത്സരത്തിൽ മിന്നുമണിയാണ് ഇന്ത്യയെ നയിക്കുന്നത്. ഇത് ആദ്യമായാണ് രാജ്യാന്തര ക്രിക്കറ്റിൽ ഒരു മലയാളി താരം ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനാവുന്നത്. മിന്നുവിനെ സംബന്ധിച്ച് വളരെ വലിയൊരു നേട്ടം തന്നെയാണ് ഇത്.

ഇന്ത്യൻ വനിതാ ടീമിന്റെ കഴിഞ്ഞ മത്സരങ്ങളിലൊക്കെയും വളരെ മികച്ച പ്രകടനങ്ങളായിരുന്നു മിന്നുമണി പുറത്തെടുത്തത് ഒരു സ്പിന്നർ എന്ന നിലയിൽ ഏഷ്യൻ ഗെയിംസിൽ അടക്കം ഇന്ത്യക്കായി കരുത്തുറ്റ പ്രകടനങ്ങൾ പുറത്തെടുക്കാൻ മിന്നുമണിക്ക് സാധിച്ചിരുന്നു. ശേഷമാണ് ഇന്ത്യ തങ്ങളുടെ ക്യാപ്റ്റനായി മിന്നുമണിയെ പ്രഖ്യാപിച്ചത്.

മൂന്നു മത്സരങ്ങളടങ്ങുന്ന പരമ്പരയാണ് ഇന്ത്യൻ വനിത എ ടീം ഇംഗ്ലണ്ട് വനിത എ ടീമിനെതിരെ കളിക്കുന്നത്. നവംബർ 29, ഡിസംബർ 1, ഡിസംബർ 3 എന്നീ തീയതിയിലാണ് 3 മത്സരങ്ങൾ നടക്കുന്നത്. മുംബൈയിലെ സ്റ്റേഡിയമാണ് പരമ്പരയ്ക്ക് വേദിയാവുന്നത്. മിന്നുമണിയോടൊപ്പം സീനിയർ ടീമിൽ നിന്ന് കനിക അഹൂജ, മോണിക്ക പട്ടേൽ എന്നീ സൂപ്പർ താരങ്ങളും ഇന്ത്യ എ ടീമിന്റെ നിരയിലുണ്ട്. ഇന്ത്യയെ നയിക്കാൻ ഇത്രയും മികച്ച അവസരം ലഭിച്ചത് മിന്നുമണിയെ സംബന്ധിച്ച് ഒരു സ്വപ്നസാക്ഷാത്കാരം തന്നെയാണ്.

Read Also -  "യുവതാരങ്ങൾക്ക് കോഹ്ലി കൃത്യമായ റോൾമോഡലാണ്. അവനെ കണ്ടുപഠിക്കണം "- മുഹമ്മദ്‌ ഷാമി പറയുന്നു.

ഈ വർഷം തന്നെയായിരുന്നു മിന്നുമണി ഇന്ത്യൻ സീനിയർ ടീമിൽ അരങ്ങേറിയത്. 2023 ജൂലൈയിൽ മിർപൂരിൽ നടന്ന ബംഗ്ലാദേശ് വനിതാ ടീമിനെതിരായ ഇന്ത്യയുടെ മത്സരത്തിലാണ് മിന്നുമണി സീനിയർ ടീമിലേക്കുള്ള തന്റെ അരങ്ങേറ്റം കുറിച്ചത്. ഇതുവരെ ഇന്ത്യക്കായി 4 ട്വന്റി20 മത്സരങ്ങളാണ് മിന്നുമണി കളിച്ചിട്ടുള്ളത്.

ഇതിൽ നിന്ന് 5 വിക്കറ്റുകൾ സ്വന്തമാക്കാൻ കേരള താരത്തിന് സാധിച്ചു. മുൻപ് ഇന്ത്യൻ വനിതാ ടീമിനായി ട്വന്റി20 മത്സരം കളിക്കുന്ന ആദ്യ മലയാളി താരം എന്ന റെക്കോർഡും മിന്നുമണി സ്വന്തമാക്കിയിരുന്നു. ഇതിന് ശേഷം വലിയ പ്രശംസകളാണ് മിന്നുവിനെ തേടിയെത്തിയത്.

ചൈനയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ സ്വർണ്ണം സ്വന്തമാക്കിയ ഇന്ത്യയുടെ വനിതാ ടീമിലെ അംഗം കൂടിയായിരുന്നു മിന്നു. ഒരു ഇടംകയ്യൻ ബാറ്ററും വലംകൈയും സ്പിൻ ബോളറുമാണ് മിന്നുമണി. മാനന്തവാടിയിൽ ആണ് മിന്നുവിന്റെ ജനന സ്ഥലം. എന്തായാലും കേരളത്തെ സംബന്ധിച്ച് വളരെ അഭിമാനകരമായ നിമിഷമാണ് വന്നെത്തിയിരിക്കുന്നത്.

കഴിഞ്ഞ വർഷത്തിലുടനീളം വളരെ മികച്ച പ്രകടനങ്ങൾ ആഭ്യന്തര ക്രിക്കറ്റിലും മറ്റും പുറത്തെടുക്കാനും മിന്നു മണിയ്ക്ക് സാധിച്ചിരുന്നു. വനിത ഇന്ത്യൻ പ്രീമിയർ ലീഗിലടക്കം വമ്പൻ പ്രകടനങ്ങൾ നടത്തിയാണ് മിന്നു ഇന്ത്യൻ ടീമിലേക്ക് എത്തിയത്.

Scroll to Top