കോഹ്ലിയാണ് ഞങ്ങൾക്ക് എന്നും നായകൻ : വാനോളം പുകഴ്ത്തി ബുംറ

ഇന്ത്യൻ ക്രിക്കറ്റ്‌ പ്രേമികളെ എല്ലാം വളരെ അധികം ഞെട്ടിച്ചാണ് വിരാട് കോഹ്ലി ടെസ്റ്റ്‌ ക്യാപ്റ്റൻസി സ്ഥാനം ഒഴിഞ്ഞത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യൻ ടെസ്റ്റ്‌ ടീമിന് ഉയരങ്ങളിൽ സ്ഥാനം നൽകിയ വിരാട് കോഹ്ലി അപൂർവ്വ നേട്ടങ്ങൾ കരസ്ഥമാക്കിയാണ് പടിയിറങ്ങുന്നത്. എന്നാൽ കോഹ്ലിക്ക്‌ ശേഷം ആരാകും ടെസ്റ്റ്‌ ടീമിനെ നയിക്കുക എന്നുള്ള ചോദ്യമാണ് ഇപ്പോൾ ക്രിക്കറ്റ്‌ ലോകത്ത് അടക്കം വളരെ ഏറെ ചർച്ചയായി മാറി കഴിഞ്ഞത്. കോഹ്ലിക്ക്‌ പകരം രോഹിത് ശർമ്മ, ലോകേഷ് രാഹുൽ, റിഷാബ് പന്ത് ഇവരിൽ ആരെങ്കിലും ടെസ്റ്റ്‌ ക്യാപ്റ്റനായി എത്തുമെന്നാണ് സൂചനകൾ എങ്കിലും ഒരു പേസർ ഇന്ത്യൻ ടെസ്റ്റ്‌ നായകനായി എത്തിയാൽ ജസ്‌പ്രീത് ബുംറക്ക്‌ കൂടി അവസരം തെളിയും എന്നാണ് സൂചന. ഈ വിഷയത്തിൽ ആദ്യമായി അഭിപ്രായം വിശദമാക്കുകയാണ് ബുംറ ഇപ്പോൾ. ഈ മാസം 19ന് ആരംഭം കുറിക്കുന്ന ഏകദിന പരമ്പരക്ക്‌ മുന്നോടിയായി നടന്ന പ്രസ്സ് മീറ്റിലാണ് ബുംറ കാര്യങ്ങള്‍ വ്യക്തമാക്കിയത്.

വിരാട് കോഹ്ലി ടെസ്റ്റ്‌ ക്യാപ്റ്റൻസി റോൾ ഒഴിഞ്ഞതിനെ കുറിച്ച് തനിക്ക് ഒന്നും തന്നെ പ്രതിക്കരിക്കാനില്ലെന്ന് പറഞ്ഞ ബുംറ അദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമാണ് ഇതെന്നും വിശദമാക്കി. “ടെസ്റ്റ്‌ നായകസ്ഥാനം അദ്ദേഹം ഇപ്പോൾ ഒഴിഞ്ഞത് തികച്ചും വ്യക്തിപരമാണ്. ഓരോ വർഷം കഴിയുമ്പോഴും എങ്ങനെ എല്ലാമാണ് ബോഡി പ്രതികരിക്കുന്നത് എന്നത് കോഹ്ലിക്ക്‌ നല്ലത് പോലെ തന്നെ അറിയാം. നമ്മൾ ആ തീരുമാനത്തെ ബഹുമാനിക്കണം. എന്നാൽ കോഹ്ലിക്ക്‌ കീഴിൽ കളിക്കാൻ കഴിഞ്ഞത് വൻ സന്തോഷമാണ് എനിക്ക് നൽകുന്നത്. അദേഹത്തിന്റെ ക്യാപ്റ്റൻസിക്ക് കീഴിലാണ്‌ ഞാൻ എന്റെ ടെസ്റ്റ്‌ ക്രിക്കറ്റ്‌ അരങ്ങേറ്റം നടത്തിയത്. കോഹ്ലി ടീമിന് നൽകുന്ന ആവേശവും ഊർജവും ഏറെ വലുതാണ്. അതിനാൽ തന്നെ എന്നും കോഹ്ലി തന്നെയാണ് ഞങ്ങളുടെ ഗ്രൂപ്പിലെ ലീഡർ.ടീമിന് അദ്ദേഹം കരിയറിൽ എന്നും നൽകുന്ന സംഭാവന വലുതാണ് ” ബുംറ അഭിപ്രായം വ്യക്തമാക്കി.

“കോഹ്ലിയുടെ ഈ തീരുമാനത്തെ ഞാൻ ഏറെ ബഹുമാനിക്കുന്നുണ്ട്. കൂടാതെ ടീം അംഗങ്ങൾക്ക്‌ എല്ലാം അത് അതിവേഗം മനസ്സിലാകും. ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ റോൾ എനിക്ക് നൽകാൻ തീരുമാനിച്ചാൽ അത് എനിക്കൊരു അഭിമാനമാണ്‌ ” ബുംറ വാചാലനായി. അതേസമയം വരാനിരിക്കുന്ന ഏകദിന പരമ്പരക്കായി മുഹമ്മദ്‌ സിറാജ് ഫുൾ ഫിറ്റ്നസ് നേടി എന്നും ബുംറ പറഞ്ഞു.

“കോഹ്ലി ടീമിന് ഊര്‍ജം നല്‍കി. ശാരീരിക ക്ഷമത വേണമെന്ന ഒരു സംസ്കാരം തന്നെ സൃഷ്ടിച്ചു. കോഹ്ലിയുടെ കീഴില്‍ എല്ലാവരും ഒരു ദിശയിലായിരുന്നു. അദ്ദേഹം ഇനിയും ടീമിനെ പിന്തുണയ്ക്കുമെന്ന് ഉറപ്പുണ്ട്,” താരം വ്യക്തമാക്കി.

Previous articleകോഹ്ലി വേറെ ലെവൽ ക്യാപ്റ്റൻ :എല്ലാവരോടും സ്നേഹമെന്ന് മുൻ പാക് താരം
Next articleപണം വേണ്ട. രാജ്യമാണ് വലുത്. സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഐപിഎല്‍ കളിക്കാന്‍ ഇല്ലാ.