സെഞ്ചൂറിയൻ ക്രിക്കറ്റ് ടെസ്റ്റിലെ വമ്പൻ ജയത്തോടെ വാനോളം പ്രശംസയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമും നായകൻ വിരാട് കോഹ്ലിയും നേടുന്നത്. അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിൽ അജയ്യരായി കുതിപ്പ് തുടരുന്ന ഇന്ത്യൻ ടീം ഓസ്ട്രേലിയക്ക് പിന്നാലെ സൗത്താഫ്രിക്കൻ മണ്ണിലും ചരിത്ര നേട്ടം കുറിച്ചിരിക്കുകയാണ്. സെഞ്ചൂറിയനിൽ ആദ്യമായി ഒരു ടെസ്റ്റ് മത്സരത്തിൽ സൗത്താഫ്രിക്കൻ ടീമിനെ തോൽപ്പിച്ച ഇന്ത്യൻ ടീം ഈ നേട്ടത്തിലേക്ക് എത്തുന്ന ആദ്യത്തെ ഏഷ്യൻ ടീമായയി മാറിയിരുന്നു.
കൂടാതെ രണ്ടാമത്തെ ബോക്സിങ് ഡേ ടെസ്റ്റിൽ ജയിച്ച വിരാട് കോഹ്ലി ഈ റെക്കോർഡിലേക്ക് എത്തുന്ന ആദ്യത്തെ ഇന്ത്യൻ ക്യാപ്റ്റൻ എന്നുള്ള നേട്ടവും സ്വന്തമാക്കി. ഒരു ബാറ്റ്‌സ്മാൻ എന്നുള്ള നിലയിൽ കോഹ്ലിക്ക് ഇത് മോശം വർഷമാണെങ്കിലും ക്യാപ്റ്റൻ കോഹ്ലിക്ക് ഇത് അപൂർവ്വ നേട്ടങ്ങളുടെ സുവർണ്ണ വർഷമാണ്.
സെഞ്ചൂറിയനിലെ 113 റൺസ് ജയം ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ഏഷ്യൻ ക്യാപ്റ്റനും കരസ്ഥമാക്കാനായി സാധിക്കാത്ത നേട്ടം കൂടി സ്വന്തമാക്കാൻ വിരാട് കോഹ്ലിക്ക് സഹായകമായി മാറി. സെഞ്ചൂറിയനിൽ സൗത്താഫ്രിക്കൻ ടീമിനെ തോൽപ്പിക്കുന്ന മൂന്നാമത്തെ മാത്രം ക്യാപ്റ്റനാണ് വിരാട് കോഹ്ലി. കൂടാതെ ടെസ്റ്റ് ക്രിക്കറ്റിൽ വിരാട് കോഹ്ലി ക്യാപ്റ്റൻസിയിൽ ഇന്ത്യൻ ടീം ജയിക്കുന്ന നാൽപതാം മത്സരമാണ്.ഈ ജയത്തോടെ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും അധികം ജയങ്ങളുള്ള നായകന്മാരിൽ നാലാമത് എത്താനും വിരാട് കോഹ്ലിക്ക് കഴിഞ്ഞു.
53 ടെസ്റ്റ് ജയങ്ങളുള്ള സൗത്താഫ്രിക്കൻ മുൻ ക്യാപ്റ്റൻ ഗ്രേയിം സ്മിത്ത്, മുൻ ഓസ്ട്രേലിയ നായകൻ സ്റ്റീവ് വോ (41 ജയം ) റിക്കി പോണ്ടിങ് (48 ജയം ) എന്നിവരാണ് കോഹ്ലിക്ക് മുൻപിൽ ഈ നേട്ടത്തിലുള്ളത്.നേരത്തെ 2018ലെ ഓസ്ട്രേലിയൻ പര്യടനത്തിൽ കോഹ്ലി ക്യാപ്റ്റൻസിയിലാണ് ഇന്ത്യൻ ടീം ബോക്സിങ് ഡേ ടെസ്റ്റ് ജയിച്ചത്. ടീം ഇന്ത്യയുടെ ആദ്യത്തെ ടെസ്റ്റ് പരമ്പര സൗത്താഫ്രിക്കൻ മണ്ണിൽ ലക്ഷ്യമിടുന്ന കോഹ്ലി രണ്ടാം ടെസ്റ്റിലും ജയിക്കാനായി കഴിയുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ജനുവരി മൂന്നിന്നാണ് രണ്ടാം ടെസ്റ്റ് മത്സരം ആരംഭിക്കുന്നത്.