ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ബോർഡർ-ഗവാസ്കർ ട്രോഫിയിലായിരുന്നു കെ എസ് ഭരത് തന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലെ അരങ്ങേറ്റം കുറിച്ചത്. എന്നാൽ മത്സരത്തിൽ കീപ്പർ എന്ന നിലയിൽ കെഎസ് ഭരത് ഒരുപാട് അവസരങ്ങൾ നഷ്ടമാക്കുന്നത് കാണാൻ സാധിച്ചു. അതിനാൽ തന്നെ വരുന്ന ടെസ്റ്റ് മത്സരങ്ങളിലേക്ക് കെഎസ് ഭരതിനെ ഉൾപെടുത്തുന്നതിനെ സംബന്ധിച്ച് വലിയ രീതിയിലുള്ള ചർച്ചകൾ നടക്കുന്നുണ്ട്. നിലവിൽ ഇഷാൻ കിഷനും കെ എൽ രാഹുലുമാണ് കെ എസ് ഭരതിന്റെ ഇന്ത്യൻ ടീമിലെ സ്ഥാനത്തിന് വെല്ലുവിളി ഉണ്ടാക്കുന്നത്. എന്നിരുന്നാലും ഭരതിനെ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ കളിപ്പിക്കണം എന്ന അഭിപ്രായമാണ് മുൻ ഇന്ത്യൻ താരം സാബാ കരീമിന് ഉള്ളത്.
“ഇക്കാര്യത്തെ സംബന്ധിച്ചുള്ള അവസാന തീരുമാനമെടുക്കേണ്ടത് ഇന്ത്യയുടെ ടീം മാനേജ്മെന്റ് ആണ്. എന്നിരുന്നാലും കഴിഞ്ഞ നാളുകളിലെ ഇന്ത്യൻ മാനേജ്മെന്റിന്റെ മനോഭാവങ്ങൾ എടുത്ത് പരിശോധിച്ചാൽ അവർ യുവകളിക്കാർക്ക് ഒരുപാട് അവസരങ്ങൾ നൽകുന്നുണ്ട്. അവരുടെ വളർച്ചയ്ക്കായി ഒരുപാട് സാഹചര്യങ്ങൾ ടീമിനുള്ളിൽ തന്നെ നൽകാൻ ഇന്ത്യൻ മാനേജ്മെന്റിന് കഴിഞ്ഞിട്ടുണ്ട്. യുവതാരങ്ങൾക്കെതിരെ ക്രൂരമായ ഒരു സമീപനം ഇന്ത്യ സ്വീകരിച്ചിട്ടില്ല. കാരണം അവരിൽ കൂടുതലായി ഇന്ത്യ വിശ്വസിക്കുന്നു.”- സാബാ കരിം ഹിന്ദുസ്ഥാൻ ടൈമസ്നോട് പറയുകയുണ്ടായി.
“ഇക്കാരണങ്ങൾ കൊണ്ട് തന്നെ ഇന്ത്യയുടെ മാനേജ്മെന്റ് കെഎസ് ഭരതിന് കൂടുതൽ അവസരങ്ങൾ നൽകുമെന്നാണ് ഞാൻ കരുതുന്നത്. ബോർഡർ-ഗവാസ്കർ ട്രോഫിയിലെ സാഹചര്യങ്ങൾ വളരെ കഠിനമായിരുന്നു. ഒരു യുവ വിക്കറ്റ് കീപ്പർക്ക് ഇത്തരത്തിൽ വെല്ലുവിളി ഉയർത്തുന്ന സാഹചര്യങ്ങളിൽ നന്നായി കളിക്കുക എന്നത് പ്രയാസമാണ്. എന്നിരുന്നാലും ചില ടെസ്റ്റ് മത്സരങ്ങളിൽ കെ എസ് ഭരത് വിക്കറ്റിന് പിന്നിൽ നന്നായി കളിച്ചു. എന്നിരുന്നാലും ഭരതിന് ഒരുപാട് മേഖലകളിൽ മെച്ചമുണ്ടാക്കാൻ ഉണ്ട്. അതിനാൽതന്നെ കെഎസ് ഭരതിന് ഇന്ത്യ കൂടുതൽ അവസരങ്ങൾ നൽകുകയും, അയാളെ മെച്ചപ്പെടുത്തി എടുക്കുകയും ചെയ്യണം.”- സാബാ കരീം പറയുന്നു.
ജൂൺ 7ന് ലണ്ടനിലെ ഓവലിൽ വച്ചാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ നടക്കുന്നത്. ഫൈനലിൽ ഇന്ത്യ ഓസ്ട്രേലിയയെ നേരിടും. ബോർഡർ ഗവാസ്കർ ട്രോഫി പരമ്പര 2-1 എന്ന നിലയിൽ വിജയിച്ച ശേഷമായിരുന്നു ഇന്ത്യ ഫൈനലിൽ എത്തിയത്. തുടർച്ചയായി രണ്ടാം തവണയാണ് ഇന്ത്യ ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ കാണുന്നത്.