അവൻ ഭാവിയിലെ സൂപ്പർസ്റ്റാർ. ഇന്ത്യ കളിപ്പിക്കാത്തതിന്റെ കാരണമെന്ത്? ശക്തമായ ചോദ്യവുമായി വിജയ്

കഴിഞ്ഞ സമയങ്ങളിൽ ഇന്ത്യക്കായി ആഭ്യന്തര ക്രിക്കറ്റിൽ ഏറ്റവും മികച്ച പ്രകടനങ്ങൾ കാഴ്ചവച്ചിട്ടുള്ള ക്രിക്കറ്ററാണ് പൃഥ്വി ഷാ. എന്നാൽ ഇത്തരത്തിൽ മികച്ച പ്രകടനങ്ങൾ പുറത്തെടുത്തിട്ടും പൃഥ്വി ഷായെ ഇന്ത്യ ടീമിലേക്ക് തിരഞ്ഞെടുത്തിരുന്നില്ല. 2021നു ശേഷം പൃഥ്വി ഷാ ഇന്ത്യൻ ടീമിലെത്തുന്നത് ഈ വർഷം നടന്ന ന്യൂസിലാൻഡിനെതിരായ പരമ്പരയിലായിരുന്നു. എന്നാൽ പരമ്പരയിൽ ഒരു മത്സരം പോലും കളിക്കാൻ ഷായ്ക്ക് സാധിച്ചില്ല. ഈ അവസരത്തിൽ പൃഥ്വി ഷായെ ഇന്ത്യ ടീമിൽ ഉൾപ്പെടുത്താത്തതിന്റെ കാരണം അന്വേഷിക്കുകയാണ് മുൻ ഇന്ത്യൻ താരം മുരളി വിജയ്.

പൃഥ്വി ഷായെ ടീമിൽ ഉൾപ്പെടുത്താത്തതിനെതിരെയും, കെഎൽ രാഹുലിനെതിരെ ഉയരുന്ന വിമർശനങ്ങൾക്കെതിരെയും വിജയ് സംസാരിക്കുകയുണ്ടായി. “പൃഥ്വി ഷാ എന്തുകൊണ്ടാണ് ഇന്ത്യൻ ടീമിന് വേണ്ടി കളിക്കാത്തത് എന്ന് എനിക്കറിയില്ല. എന്തുകൊണ്ടാണ് അദ്ദേഹത്തെ ഇന്ത്യ തങ്ങളുടെ ടീമിൽ ഉൾപ്പെടുത്താത്തത് എന്നത് ടീം മാനേജ്മെന്റ് തന്നെ വിശദീകരിക്കണം. മറുവശത്ത് കെ എൽ രാഹുലിന്റെ കാര്യമെടുത്താൽ, എങ്ങനെ ടീമിലേക്ക് തിരികെ എത്തണമെന്ന് അയാൾക്ക് പൂർണമായ ബോധ്യമുണ്ട്. അതിനാൽതന്നെ ഈ വിമർശനങ്ങൾക്ക് അർത്ഥമില്ല. അയാളെ വെറുതെ വിടാൻ തയ്യാറാവണം. ഈ വിമർശനങ്ങളൊക്കെയും രാഹുലും നിസ്സാരമായി എടുക്കും എന്നാണ് ഞാൻ കരുതുന്നത്.”- മുരളി വിജയ് പറഞ്ഞു.

ഇതിനൊപ്പം ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ട് കൊണ്ടുവന്ന ബെസ് ബോൾ സമീപനത്തെയും മുരളി വിജയ് അഭിനന്ദിക്കുകയുണ്ടായി. “ഇത്തരം ഒരു സമീപനം സംഭവിക്കേണ്ടത് തന്നെയായിരുന്നു. ഇങ്ങനെയൊന്ന് ഏത് സമയത്തും ടെസ്റ്റ് ക്രിക്കറ്റിൽ വരിക തന്നെ ചെയ്യും. വളരെ പോസിറ്റീവായ മനോഭാവത്തോടെയാണ് ഇംഗ്ലണ്ട് ഇപ്പോൾ ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്നത്. ഈ മനോഭാവം എല്ലാ ടീമുകളും പുലർത്തണം എന്നാണ് എനിക്ക് തോന്നുന്നത്. ഈ ആക്രമണപരമായ ശൈലിയെ സ്വീകരിച്ച ഇംഗ്ലണ്ട് താരങ്ങൾക്കാണ് കൂടുതൽ ക്രെഡിറ്റ് നൽകേണ്ടത്.”- മുരളി വിജയ് കൂട്ടിച്ചേർത്തു.

കഴിഞ്ഞ സീസണുകളിലെ രഞ്ജി ട്രോഫിയിലടക്കം മികച്ച പ്രകടനങ്ങളായിരുന്നു പൃഥ്വി ഷാ പുറത്തെടുത്തത്. എന്നാൽ സഞ്ജുവിനെ പോലെ തന്നെ പൃഥ്വി ഷായ്ക്ക് അവസരങ്ങൾ നിഷേധിക്കുന്നതാണ് കാണാൻ സാധിച്ചത്. എന്നിരുന്നാലും ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിന്റെ അടുത്ത സർക്കിൾ വരുമ്പോൾ പൃഥ്വി ഷായ്ക്ക് ഒരുപാട് അവസരങ്ങൾ വന്നെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.