സമീപകാലത്ത് ഏകദിന ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ചവച്ച് കൊണ്ടിരിക്കുന്ന ഇന്ത്യൻ ഓപ്പണർ ശുബ്മാൻ ഗിൽ കഴിഞ്ഞ ദിവസം നടന്ന ന്യൂസിലാൻഡിനെതിരായ മൂന്നാം 20-20 മത്സരത്തിൽ സെഞ്ച്വറി നേടി കുട്ടി ക്രിക്കറ്റിലും തന്റെ കഴിവ് തെളിയിച്ചിരിക്കുകയാണ്. 63 പന്തുകളിൽ നിന്നും 126 റൺസ് ആണ് ഇന്ത്യൻ യുവ താരം നേടിയത്. ട്വൻ്റി -20യിലെ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ കൂടിയാണ് ഇത്. ഇന്ത്യയുടെ വിശ്വസ്തനായ ബാറ്റ്സ്മാൻ ആയി കഴിഞ്ഞ കുറച്ച് നാൾ കൊണ്ട് ഗിൽ മാറി.
എന്നാൽ ഇപ്പോഴിതാ ഗില്ലിനെ കുറിച്ചുള്ള ഒരു അഭിപ്രായവുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഷോർട്ടർ ഫോർമാറ്റിലെ ഈ പ്രകടനം കൊണ്ട് മാത്രം തിളങ്ങാൻ സാധിക്കില്ല എന്നാണ് മുൻ ഇന്ത്യൻ താരം അഭിപ്രായപ്പെട്ടത്. ഓപ്പണർ ആയി മൂന്ന് ഫോർമാറ്റുകളിലും ഇറങ്ങാൻ ഗിൽ ആയോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
“മൂന്നിലും അല്ല, നിലവിൽ രണ്ട് ഫോർമാറ്റുകളിൽ മാത്രമാണ് ഗില്ലിനെ ഓപ്പണർ ആയി ഇറക്കാൻ കഴിയു.
ടെസ്റ്റ് മത്സരത്തിലേക്ക് വന്നാൽ പ്രതികൂല സാഹചര്യത്തിൽ പോലും റൺസ് അടിച്ചു കൂട്ടിയ രണ്ട് ബാറ്റേഴ്സ് നമുക്കുണ്ട്. ഇന്ത്യക്കായി വിജയങ്ങൾ അവർ ഇംഗ്ലണ്ടിൽ ചെന്ന് കളിച്ച് കൊയ്തവരാണ്. രോഹിത് ശർമയും കെഎൽ രാഹുലും അവിടെത്തന്നെയുണ്ട്.
ട്വന്റി-ട്വന്റി യിൽ ഗിൽ കുറച്ച് റൺസ് അടിച്ചുകൂട്ടി എന്ന് കരുതി “നിങ്ങൾ ഒന്ന് മാറി നിൽക്കൂ ഇവന് അവസരം കൊടുക്കൂ”എന്ന് പറയാൻ അവർ രണ്ടുപേരോടും പറ്റില്ല. കുറച്ച് സ്ഥിരതയൊക്കെ ഇക്കാര്യത്തിൽ വേണം.”-ഇർഫാൻ പത്താൻ പറഞ്ഞു. ഏകദിനത്തിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കുന്ന താരം ട്വന്റി-20യിലും ടെസ്റ്റ് ക്രിക്കറ്റിലും ഇതുവരെയും ആ ലെവലിലേക്ക് എത്തിയിട്ടില്ല. ട്വന്റി-20 യിൽ സെഞ്ചുറി നേടിയത് കഴിഞ്ഞ കുറച്ച് ഇന്നിംഗ്സുകളിലെ മോശം പ്രകടനത്തിന് ശേഷമാണ്. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് മത്സരത്തിൽ സെഞ്ചുറി നേടിയ താരം ഓസ്ട്രേലിയക്കെതിരെയും ആ മികവ് തുടരുമെന്നാണ് എല്ലാവരുടെയും പ്രതീക്ഷ.