2023 ഏകദിന ലോകകപ്പ് ആരംഭിക്കാൻ കേവലം ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഒക്ടോബർ അഞ്ചിന് ആരംഭിക്കുന്ന ലോകകപ്പ് ഇന്ത്യയിലെ 10 മൈതാനങ്ങളിലാണ് നിശ്ചയിച്ചിരിക്കുന്നത്. ടൂർണമെന്റിലെ ഏറ്റവും ശക്തരായ ടീമുകൾ ഇന്ത്യയും ഓസ്ട്രേലിയയും ഇംഗ്ലണ്ടും തന്നെയാണ്. ലോകകപ്പിന് മുൻപ് തന്നെ പല മുൻ താരങ്ങളും തങ്ങളുടെ ഫേവറേറ്റ് ടീമുകളെ പ്രഖ്യാപിച്ചുകൊണ്ട് രംഗത്തെത്തുകയുണ്ടായി.
പല മുൻ താരങ്ങളുടെയും അഭിപ്രായത്തിൽ, ഇന്ത്യൻ മണ്ണിൽ നടക്കുന്ന ലോകകപ്പ് ആയതിനാൽ തന്നെ ഇന്ത്യക്ക് തന്നെയാണ് വലിയ സാധ്യതയുള്ളത്. എന്നാൽ ഇതിലൊക്കെ നിന്ന് വ്യത്യസ്തമായ അഭിപ്രായമാണ് ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്സൺ ഇപ്പോൾ പ്രകടിപ്പിച്ചിരിക്കുന്നത്. ഇന്ത്യയും ഇംഗ്ലണ്ടും ഓസ്ട്രേലിയയും ഇത്തവണത്തെ ലോകകപ്പ് നേടില്ല എന്നാണ് കെവിൻ പീറ്റേഴ്സന്റെ അഭിപ്രായം.
ഇത്തവണ ലോകകപ്പിലേക്ക് കരുത്തരായി എത്തുന്ന ദക്ഷിണാഫ്രിക്കയാണ് കിരീടം ചുടാൻ സാധ്യതയുള്ള ടീം എന്ന കെവിൻ പീറ്റേഴ്സൺ പറയുന്നു. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് പീറ്റേഴ്സൺ ഇതിനെപ്പറ്റി സംസാരിച്ചത്. എന്നിരുന്നാലും ഇന്ത്യൻ മണ്ണിൽ നടക്കുന്ന ലോകകപ്പിൽ ഇന്ത്യ തന്നെയാണ് ഫേവറേറ്റുകൾ എന്ന് കെവിൻ പീറ്റേഴ്സൺ അംഗീകരിക്കുന്നുണ്ട്. ഒപ്പം പാക്കിസ്ഥാൻ ടൂർണമെന്റിലെ വലിയ ഭീഷണിയായി മാറുമെന്നും പീറ്റേഴ്സൺ പറയുകയുണ്ടായി. ഇന്ത്യയെ ഒഴിച്ചു നിർത്തിയാൽ ഫേവറേറ്റ് കാറ്റഗറിയിൽ വരുന്ന മറ്റ് ടീമുകൾ ഇംഗ്ലണ്ടും ഓസ്ട്രേലിയയുമാണ് എന്നും കെവിൻ പീറ്റേഴ്സൺ വിശദമാക്കി.
“ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽ ശക്തമായ ഒരു വിജയം തന്നെയാണ് ദക്ഷിണാഫ്രിക്ക നേടിയിരിക്കുന്നത്. അതോടുകൂടി ഏകദിന ലോകകപ്പ് സ്വന്തമാക്കാനുള്ള വലിയ സാധ്യതയാണ് ദക്ഷിണാഫ്രിക്കയ്ക്ക് വന്നെത്തിയിരിക്കുന്നത്. ദക്ഷിണാഫ്രിക്കയെ സംബന്ധിച്ച് ക്ലാസനാണ് ഏറ്റവും വലിയ വജ്രായുധം. ഏഷ്യാകപ്പിലെ വിജയം കൂടിയായതോടെ ഇന്ത്യ തങ്ങളുടെ നാട്ടിൽ ഫേവറേറ്റുകളായി മാറിയിട്ടുണ്ട്. പാക്കിസ്ഥാൻ എല്ലായിപ്പോഴും ഭീഷണി ഉണ്ടാക്കുന്നുണ്ട്. ഫേവറേറ്റ് കാറ്റഗറി എടുത്ത് പരിശോധിച്ചാൽ ഇന്ത്യയ്ക്ക് തൊട്ടു താഴെവരുന്നത് ഇംഗ്ലണ്ട് ടീമാണ്. ഒപ്പം ഓസ്ട്രേലിയയും ഈ ലോകകപ്പിലെ ഫേവറേറ്റുകളാണ്. അവരും മറ്റു ടീമുകൾക്ക് വലിയ ഭീഷണി ഉണ്ടാക്കും.”- പീറ്റേഴ്സൺ പറയുന്നു.
2023 ഏഷ്യാകപ്പിൽ ഒരു ഉഗ്രൻ വിജയം നേടിക്കൊണ്ടാണ് ഇന്ത്യ 2023 ഏകദിന ലോകകപ്പിലേക്ക് എത്തുന്നത്. ശുഭമാൻ ഗിൽ, രോഹിത് ശർമ, വിരാട് കോഹ്ലി തുടങ്ങിയ താരങ്ങളൊക്കെയും മികച്ച രീതിയിൽ റൺസ് കണ്ടെത്താൻ തുടങ്ങിയത് ഇന്ത്യയ്ക്ക് ആശ്വാസം പകരുന്നു. ഒപ്പം മുഹമ്മദ് സിറാജ്, ബുമ്ര, കുൽദീപ് യാദവ് എന്നിവർ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ സ്വന്തമാക്കുന്നതും ഇന്ത്യയ്ക്ക് ആശ്വാസം പകരുന്നുണ്ട്.
ലോകകപ്പിന് തൊട്ടുമുൻപായി ഓസ്ട്രേലിയക്കെതിരെ 3 ഏകദിന മത്സരങ്ങൾ കളിക്കാനുള്ള അവസരവും ഇന്ത്യയ്ക്കുണ്ട്. ഒക്ടോബർ 8ന് ഓസ്ട്രേലിയക്കെതിരെ തന്നെയാണ് ഇന്ത്യയുടെ ഏകദിന ലോകകപ്പിലെ ആദ്യ മത്സരവും നടക്കുന്നത്.