സഞ്ജുവിന്റെ ഗതി വേറൊരു കളിക്കാരനും ഉണ്ടാവരുത്. നിരാശ പ്രകടിപ്പിച്ച് റോബിൻ ഉത്തപ്പ.

ഇന്ത്യൻ ടീമിൽ നിരന്തരം അവഗണനകൾ നേരിട്ടുകൊണ്ടിരിക്കുന്ന ക്രിക്കറ്ററാണ് സഞ്ജു സാംസൺ. ഈ 2 മാസങ്ങൾക്കിടയിൽ 3 വലിയ ടൂർണമെന്റുകളാണ് ഇന്ത്യ കളിച്ചത്. ഇതിൽ 40ലധികം കളിക്കാരെ അണിനിരത്താനും ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്. പക്ഷേ ഈ 40 പേരിൽ സഞ്ജു സാംസണില്ല എന്നതാണ് അത്ഭുതപ്പെടുത്തുന്ന കാര്യം. അടുത്തിടെ സമാപിച്ച 2023 ഏഷ്യാകപ്പിനുള്ള സ്ക്വാഡിൽ പോലും ഇന്ത്യ സഞ്ജുവിനെ ഉൾപ്പെടുത്തിയില്ല.

ഏഷ്യൻ ഗെയിംസിനായി ഇന്ത്യയുടെ രണ്ടാം ടീമിനെയാണ് തിരഞ്ഞെടുത്തത്. അവിടെയും സഞ്ജുവിന് നിരാശയായിരുന്നു ഫലം. ലോകകപ്പിലും സഞ്ജുവിനെ ഇന്ത്യ ഒഴിവാക്കി. ഇപ്പോൾ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലും സഞ്ജുവിനെ മാറ്റി നിർത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ സഞ്ജുവിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ.

സഞ്ജുവിനെ പുറത്താക്കാൻ വ്യത്യസ്ത തരം ന്യായങ്ങളുമായാവും ബിസിസിഐ രംഗത്തെത്തുക എന്നാണ് ഉത്തപ്പ ഓർമ്മപ്പെടുത്തുന്നത്. സഞ്ജുവിന്റെ കാര്യത്തിൽ വലിയ നിരാശ തനിക്കുണ്ടെന്നും ഉത്തപ്പ പറയുകയുണ്ടായി. “ടീമിൽ തിരഞ്ഞെടുത്താലും പ്ലെയിങ് ഇലവണിൽ സഞ്ജുവിന് കളിക്കാൻ സാധിക്കില്ല എന്ന പ്രസ്താവനയായിരിക്കും ഒഴിവാക്കാനുള്ള കാരണമായി ഇന്ത്യൻ ടീം മാനേജ്മെന്റ് പറയാൻ പോകുന്നത്. എന്നാൽ ഇന്ത്യയുടെ ടീമിൽ പോലും സഞ്ജുവിനെ ഉൾപ്പെടുത്താതിരിക്കുന്നത് നിരാശാജനകം തന്നെയാണ്. രാജ്യത്തെ മറ്റൊരു കളിക്കാരനും സഞ്ജുവിന്റെ അവസ്ഥ ഉണ്ടാകരുത് എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.”- റോബിൻ ഉത്തപ്പ പറഞ്ഞു.

മുൻപ് ഇർഫാൻ പത്താൻ അടക്കമുള്ള ഇന്ത്യൻ താരങ്ങൾ സഞ്ജുവിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഓസ്ട്രേലിയക്കെതിരായ ആദ്യ 2 മത്സരങ്ങളിലും ഇന്ത്യ തങ്ങളുടെ സീനിയർ താരങ്ങൾക്കൊക്കെയും വിശ്രമം അനുവദിച്ചിട്ടുണ്ട്. ഈ അവസ്ഥയിൽ പോലും സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്താതിരുന്നത് മറ്റെന്തെങ്കിലും ഗൂഢലക്ഷത്തിന്റെ ഭാഗമാണോ എന്ന് പോലും സംശയിക്കേണ്ടിയിരിക്കുന്നു

മാത്രമല്ല ഏകദിന ക്രിക്കറ്റിൽ സഞ്ജുവിനെക്കാൾ മോശം പ്രകടനങ്ങൾ ആവർത്തിക്കുന്ന സൂര്യകുമാർ യാദവും ഋതുരാജും ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. മാത്രമല്ല ഒരു ഏകദിന മത്സരം മാത്രം കളിച്ച തിലക് വർമ്മയേയും ഇന്ത്യ ഉൾപ്പെടുത്തിയിരിക്കുന്നു. ഈ സാഹചര്യത്തിൽ മികച്ച റെക്കോർഡുള്ള സഞ്ജുവിനെ മാറ്റി നിർത്തിയത് പലർക്കും സംശയം ഉണ്ടാക്കുന്നു.

2021 ജൂലൈയിൽ ആയിരുന്നു സഞ്ജു ഇന്ത്യക്കായി ഏകദിന ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. ഇതുവരെ 13 ഏകദിന മത്സരങ്ങളാണ് സഞ്ജു സാംസൺ കളിച്ചിട്ടുള്ളത്. ഇതിൽ നിന്നായി 55.71 ശരാശരിയിൽ 390 റൺസ് ഈ മലയാളി താരം സ്വന്തമാക്കിയിട്ടുണ്ട്. 104 എന്ന വലിയ സ്ട്രൈക്ക് റേറ്റിലാണ് സഞ്ജു ഈ റൺസ് നേടിയിട്ടുള്ളത്. ദക്ഷിണാഫ്രിക്കക്കെതിരെ 2022ൽ പുറത്താവാതെ 86 റൺസ് നേടിയതാണ് സഞ്ജുവിന്റെ ഏകദിനത്തിലെ ഏറ്റവും മികച്ച പ്രകടനം. മാത്രമല്ല തന്റെ അവസാന ഏകദിനത്തിൽ വെസ്റ്റിൻഡീസിനെതിരെ 51 റൺസിന്റെ തകർപ്പൻ ഇന്നിങ്‌സും സഞ്ജു കളിച്ചിരുന്നു. പക്ഷേ ഇത്ര മികച്ച പ്രകടനം നടത്തിയിട്ടും ഇന്ത്യ സഞ്ജുവിനെ തഴയുന്നതാണ് സ്ഥിരം കാണുന്നത്.