സഞ്ജുവിനെയായിരുന്നു ഇന്ത്യ ക്യാപ്റ്റനാക്കേണ്ടത്. ഇന്ത്യൻ ടീമിന്റെ മണ്ടൻ തീരുമാനത്തേപ്പറ്റി ചോപ്ര

Aakash Chopra 2

2023 ഏകദിന ലോകകപ്പിനുള്ള സ്ക്വാഡിൽ നിന്ന് സഞ്ജു സാംസനെ ഇന്ത്യ നേരത്തെ ഒഴിവാക്കിയിരുന്നു. അതിനുശേഷം ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള സ്ക്വാഡിൽ നിന്നും ഇപ്പോൾ സഞ്ജുവിനെ ഒഴിവാക്കിയിരിക്കുകയാണ്. ഇതിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ പൊട്ടിപ്പുറപ്പെടുകയുണ്ടായി. ഇന്ത്യൻ താരങ്ങളായ ഇർഫാൻ പത്താൻ അടക്കമുള്ളവർ സഞ്ജുവിന് പിന്തുണ നൽകി രംഗത്തെത്തുകയും ചെയ്തു. കഴിഞ്ഞ സമയങ്ങളിൽ സ്ഥിരതയാർന്ന പ്രകടനങ്ങൾ പുറത്തെടുത്ത സഞ്ജുവിനെ ഇന്ത്യ ഇങ്ങനെ അവഗണിക്കുന്നതിനെയാണ് ഈ താരങ്ങളൊക്കെയും ചോദ്യം ചെയ്യുന്നത്. ഇക്കാര്യത്തിൽ തന്നെ അഭിപ്രായം തുറന്നു പറയുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര.

സഞ്ജു സാംസണെ ഇന്ത്യ തങ്ങളുടെ ടീമിൽ നിന്ന് ഒഴിവാക്കിയത് നിരാശയും ആശങ്കയും സമ്മാനിക്കുന്നുണ്ട് എന്നാണ് ആകാശ് ചോപ്ര പറയുന്നത്. ഏഷ്യാകപ്പ്, ലോകകപ്പ്, ഏഷ്യൻ ഗെയിംസ് എന്നിങ്ങനെ മൂന്ന് വലിയ ടൂർണമെന്റുകളാണ് ഇന്ത്യ ഈ രണ്ടു മാസങ്ങളിൽ കളിച്ചിട്ടുള്ളത്. ഇതിൽ ഒരു ടീമിൽ പോലും സഞ്ജുവിനെ ഉൾപ്പെടുത്താതിരുന്നത് നിരാശാജനകമാണ് എന്നാണ് ആകാശ് ചോപ്രയുടെ അഭിപ്രായം.

മാത്രമല്ല ലോകകപ്പിൽ നിന്ന് സഞ്ജുവിനെ ഒഴിവാക്കാനായിരുന്നു തീരുമാനമെങ്കിൽ ഏഷ്യൻ ഗെയിംസിൽ സഞ്ജുവിനെ ക്യാപ്റ്റനാക്കേണ്ടിയിരുന്നു എന്നും ആകാശ് ചോപ്ര പറയുന്നു. “ഏഷ്യൻ ഗെയിംസിനുള്ള ടീമിൽ പോലും സഞ്ജു സാംസണെ ഉൾപ്പെടുത്തിയിട്ടില്ല എന്നത് വളരെ നിരാശ ഉണ്ടാകുന്ന കാര്യമാണ്. മാത്രമല്ല ഇത് വലിയ ആശങ്കയും സൃഷ്ടിക്കുന്നു. ഏഷ്യാകപ്പിൽ ഇന്ത്യ സഞ്ജുവിനെ ബാക്കപ്പ് കളിക്കാരനായിയാണ് നിശ്ചയിച്ചിരുന്നത്. ഇപ്പോൾ ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽ നിന്നും അവനെ ഇന്ത്യ ഒഴിവാക്കിയിട്ടുണ്ട്.”- ചോപ്ര പറയുന്നു.

Read Also -  ഷാഹീൻ അഫ്രീദിയും ഹാരിസ് റോഫും ബുമ്രയെയും പാണ്ട്യയെയും കണ്ടു പഠിക്കണം. വഖാർ യൂനിസ് പറയുന്നു.

“ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിലെങ്കിലും സഞ്ജു സാംസനെ ഇന്ത്യ ഉൾപ്പെടുത്തേണ്ടതായിരുന്നു. ലോകകപ്പിനുള്ള ടീമിൽ ഇടം നേടാൻ സഞ്ജുവിന് സാധിച്ചില്ല. എന്നാൽ ഏഷ്യൻ ഗെയിംസിൽ പോലും കളിക്കാൻ സഞ്ജു അർഹനല്ല എന്നു പറയുന്നത് അനീതി തന്നെയാണ്. ലോകകപ്പ് ടീമിൽ ചെറിയ ഒരു അകലത്തിലാണ് സഞ്ജുവിന് അവസരം നഷ്ടമായത്. അതിനാൽ തന്നെ ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിൽ സഞ്ജു അനിവാര്യമായിരുന്നു. ഒരുപക്ഷേ ആ ടീമിൽ ഇന്ത്യയുടെ ക്യാപ്റ്റനായി കളിക്കേണ്ടതും സഞ്ജു തന്നെയായിരുന്നു.”- ചോപ്ര കൂട്ടിച്ചേർത്തു.

“ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യക്കായി ഇഷാൻ കിഷൻ ഓപ്പണിങ് ഇറങ്ങുമെന്ന് ഞാൻ കരുതുന്നില്ല. ആദ്യ രണ്ടു മത്സരങ്ങളിൽ ശുഭാമാൻ ഗില്ലിനൊപ്പം ഗെയ്ക്വാഡായിരിക്കും ഓപ്പണറായി എത്തുക. ഇഷാൻ കിഷൻ പരമ്പരയിൽ മധ്യനിരയിലാവും കളിക്കുക. ലോകകപ്പിന് മുൻപ് ഇഷാൻ കിഷൻ മധ്യനിരയിൽ കുറച്ചധികം മത്സരങ്ങൾ കളിക്കേണ്ടത് ആവശ്യമാണ്.”- ചോപ്ര പറഞ്ഞുവെക്കുന്നു.

Scroll to Top