മലയാളി ക്രിക്കറ്റ് ആരാധകർ വളരെ ആകാംക്ഷപൂർവ്വം കാത്തിരുന്ന വിജയ് ഹസാരെ ട്രോഫിയിലെ മൂന്നാമത്തെ മത്സരത്തിൽ സൂപ്പർ ജയം. അത്യന്തം നാടകീയത നിറഞ്ഞുനിന്ന കളിയിൽ വിഷ്ണു വിനോദ് (100 റൺസ് ) സിജോമോൻ ജോസഫ് (71 റൺസ് ) എന്നിവരുടെ പോരാട്ടമാണ് കേരള ടീമിന് വമ്പൻ ഒരു ജയം സമ്മാനിച്ചത്.
എല്ലാ അർഥത്തിലും തോൽവി ഉറപ്പിച്ച മത്സരത്തിൽ ഏഴാം വിക്കറ്റിൽ ഒന്നിച്ച ഇരുവരാണ് വിജയം ഉറപ്പാക്കിയത്. മികച്ച ടീമായ മഹാരാഷ്ട്ര ഉയർത്തിയ 292 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കേരള ടീം ഒരുവേള 120-6 എന്നുള്ള തകർച്ചയിലായി. എന്നാൽ ശേഷം ഏഴാം വിക്കറ്റിൽ ഒന്നിച്ച ഈ സഖ്യം കേരളത്തിന് ത്രില്ലർ ജയം സമ്മാനിച്ചു.
മഹാരാഷ്ട്ര ബൗളിംഗ് മുൻപിൽ തകർന്ന കേരള ടോപ് ഓർഡർ ബാറ്റിങ്.നിരക്ക് സഹായകമായി എത്തിയത് ഏഴാം വിക്കറ്റിലെ ഈ ജോഡിയാണ്.വെറും 82 പന്തുകളിൽ നിന്നും 100 റൺസുമായി പുറത്താകാതെ നിന്ന വിഷ്ണു വിനോദ് തിളങ്ങിയപ്പോൾ 70ബോളിൽ നിന്നും 71 റൺസാണ് സിജോമോൻ ജോസഫ് അടിച്ചെടുത്തത്.നായകൻ സഞ്ജു സാംസൺ(35 പന്തിൽ 42 റൺസ് ) പോരാട്ടവും ശ്രദ്ധേയമായി.അതേസമയം ടൂർണമെന്റിലെ രണ്ടാം ജയമാണ് കേരള ടീം മഹാരാഷ്ട്ര ടീമിനെതിരെ നേടിയത്. ഏഴാം വിക്കറ്റിൽ 24 ഓവറിൽ നിന്നും 174 റൺസ് വിഷ്ണു വിനോദ് : സിജോമോൻ ജോസഫ് സഖ്യം നേടി.
നേരത്തെ ടോസ് നേടിയ കേരള ടീം ക്യാപ്റ്റൻ സഞ്ജു സാംസൺ ബൗളിംഗ് ആദ്യം തിരഞ്ഞെടുത്തപ്പോൾ ഋതുരാജ് ഗെയ്ക്ഗ്വാദിന്റെ ബാറ്റിങ് മികവാണ് മഹാരാഷ്ട്ര ടീമിനെ നയിച്ചത്. വിജയ് ഹസാരെ ടൂർണമെന്റിലെ തുടർച്ചയായ മൂന്നാമത്തെ സെഞ്ച്വറി അടിച്ചെടുത്ത ഗെയ്ക്ഗ്വാദിന് മികച്ച സപ്പോർട്ടുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം ത്രിപാഠി 108 ബോളിൽ നിന്നും 99 റൺസ് അടിച്ചെടുത്തു.