സെഞ്ച്വറി അടിച്ച് റോബിൻ ഉത്തപ്പ 2 വിക്കറ്റുമായി തിളങ്ങി ശ്രീശാന്ത് : വിജയ് ഹസാരെ ട്രോഫിയിൽ ആദ്യ മത്സരത്തിൽ കേരളത്തിന് വിജയം

വിജയ് ഹസാരെ ട്രോഫി ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ഒഡീഷക്കെതിരെ കേരളത്തിന് ആവേശകരമായ 6 വിക്കറ്റ് വിജയം .ഒഡീഷ ഉയർത്തിയ 259 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കേരള ടീം  മത്സരം ജയിച്ചത് .ഓപ്പണിങ്ങിൽ ഇറങ്ങി  സെഞ്ച്വറി അടിച്ച് കേരളത്തിന്റെ ടോപ്സ്കോററായ മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പയുടെ ബാറ്റിങ്ങാണ് കേരളത്തിന് അനുഗ്രഹമായത് .

നേരത്തെ ടോസ് നേടിയ കേരള  നായകൻ സച്ചിൻ ബേബി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു . ആദ്യം  ബാറ്റിങ്ങിന് ഇറങ്ങിയ ഒഡീഷ 45 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 258 റണ്‍സ് നേടിയത്. മഴമൂലം കളി കുറച്ച് സമയം വൈകിയാണ് തുടങ്ങിയത് .
അതിനാൽ തന്നെ   മത്സരം 45 ഓവറുകളാക്കി ചുരുക്കി നടത്തുവാൻ തീരുമാനിച്ചു .മികച്ച തുടക്കമാണ് ഒഡീഷയ്ക്ക് ലഭിച്ചത്. സന്ദീപ്- ഗൗരവ്  ഓപ്പണിങ് ജോഡി  119 റണ്‍സ് ആദ്യ വിക്കറ്റില്‍  ഒഡീഷക്കായി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഗൗരവിനെ പുറത്താക്കി സച്ചിന്‍ ബേബി കേരളത്തിന്   പ്രധാന ബ്രേക്ക് ത്രൂ നല്‍കി. പിന്നാലെ സന്ദീപിനെ ശ്രീശാന്തും മടക്കി. പിന്നീട്് കൃത്യമായ ഇടവേളകളില്‍ അവർക്ക്  വിക്കറ്റുകൾ നഷ്ടമായതോടെ
വലിയ സ്കോറെന്ന ഒഡീഷ സ്വപ്നം വിഫലമായി . സുബ്രാന്‍ഷു സേനാപതി (4), ഷാന്തനു മിശ്ര (7), അഭിഷേക് യാദവ് (13), രാജേഷ് ധുപര്‍ (20), ദേബബ്രത പ്രഥാന്‍ (27), സൂര്യകാന്ത് പ്രഥാന്‍ (0) എന്നിവര്‍ക്ക് പിന്നീട്  അധികനേരം പിടിച്ചുനില്‍ക്കാനായില്ല. അവസാന ഓവറുകളിൽ സ്കോറിങ്ങിന് വേഗത കൂട്ടിയ  കാര്‍ത്തികിന്റെ 45 റണ്‍സാണ് ഒഡീഷയുടെ സ്‌കോര്‍ 250 കടത്തിയത്.

45 ഓവറാക്കി ചുരുക്കുകയായിരുന്നു. ഓപ്പണര്‍മാരായ സന്ദീപ് പട്‌നായ്ക് (66), ഗൗരവ് ചൗധരി (57), കൃതിക് ബിശ്വല്‍ (പുറത്താവാതെ 45) എന്നിവർ ഒഡീഷ നിരയിൽ തിളങ്ങി .കേരള ബൗളിങ്ങിൽ ശ്രീശാന്ത് 2 വിക്കറ്റ് നേടി തന്റെ  പ്രകടന മികവ് കൈമോശം വന്നിട്ടില്ലയെന്ന്  തെളിയിച്ചു .എട്ട് ഓവറില്‍ 41 റണ്‍സ് വഴങ്ങിയാണ് ശ്രീശാന്ത് രണ്ട് വിക്കറ്റ് വീഴ്ത്തിയത്. നിതീഷ്, സക്‌സേന എന്നിവര്‍ക്ക് പുറമെ സച്ചിന്‍ ബേബി ഒരു വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗ് ആരംഭിച്ച കേരളത്തിന് വേണ്ടി വിഷ്ണു വിനോദ് : റോബിൻ ഉത്തപ്പ ജോഡി മികച്ച തുടക്കം സമ്മാനിച്ചു .ഒൻപതാം ഓവറിൽ വിഷ്ണു വിനോദ് പുറത്തായി . പേസർ സൗരവ് കനോജയുടെ പന്തിൽ വിഷ്ണുവിന്റെ കുറ്റി തെറിക്കുകയായിരുന്നു .24 പന്തിൽ 4 ഫോറും ഒരു സിക്സും അടക്കം 28 റൺസെടുത്ത വിഷ്ണു വിനോദ് ഉത്തപ്പക്കൊപ്പം ഓപ്പണിങ്ങിൽ  61 റൺസ് പാർട്ണർഷിപ് കൂട്ടിച്ചേർത്ത ശേഷമാണ് മടങ്ങിയത് .പിന്നാലെ മൂന്നാം നമ്പറിൽ വന്ന സഞ്ജു സാംസൺ ഒരിക്കൽ കൂടി ക്രിക്കറ്റ് പ്രേമികളെ നിരാശപ്പെടുത്തി .സഞ്ജു നാല് റണ്‍സോടെ മടങ്ങി. സൗരഭ് കനോജിയയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ രാജേഷ് ധുപറിന് ക്യാച്ച് നല്‍കിയാണ് സഞ്ജു പുറത്തായത് .ടീമിന്റെ പ്രധാന താരമായ  രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ കൂടിയായ സഞ്ജുവിന് തിളങ്ങാന്‍ സാധിച്ചില്ല. ജാര്‍ഖണ്ഡിന് വേണ്ടി വെടിക്കെട്ട് സെഞ്ചുറി നേടിയ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഇഷാന്‍ കിഷന്‍ 94 പന്തില്‍ 173 റണ്‍സ് നേടിയപ്പോഴാണ് സഞ്ജുവിന്റെ ദയനീയ പ്രകടനം എന്നതാണ് ശ്രദ്ധേയം .ഇംഗ്ലണ്ട് എതിരായ വരാനിരിക്കുന്ന ടി:20 പരമ്പരയിൽ ഇന്ത്യൻ ടീമിൽ ഇടംനേടുവാൻ സഞ്ജുവിനൊപ്പം മത്സരിക്കുന്ന താരമാണ് ഇഷാൻ കിഷൻ .

എന്നാൽ നാലാം നമ്പറിൽ ക്രീസിലെത്തിയ നായകൻ സച്ചിൻ ബേബി ഉത്തപ്പക്ക് മികച്ച പങ്കാളിയായി .പ്രതാപ കാലത്തെ അനുസ്‌മരിക്കും വിധം ഷോട്ടുകൾ കളിച്ച റോബിൻ ഉത്തപ്പ കേരള ഇന്നിംഗ്സ് അതിവേഗം മുൻപോട്ട് കൊണ്ടുപോയി .
സച്ചിൻ ബേബി : റോബിൻ ഉത്തപ്പ സഖ്യം
മൂന്നാം വിക്കറ്റിൽ  102 റൺസ് അടിച്ചെടുത്തു .ഇരുപത്തിയേയാം ഓവറിൽ സച്ചിൻ ബേബി ഔട്ട്‌ ആയെങ്കിലും ഉത്തപ്പ തന്റെ സെഞ്ച്വറി ഭംഗിയായി പൂർത്തിയാക്കി .55 പന്തിൽ 40 റൺസെടുത്ത സച്ചിൻ ബേബിയെ സൗരവ് കാനോജ്‌ തന്നെയാണ് പുറത്താക്കിയത് .തൊട്ടുപിന്നാലെ സെഞ്ച്വറി നേടിയ ഉത്തപ്പ കൂടി ഡ്രസിങ് റൂമിലേക്ക്‌ മടങ്ങിയതോടെ കേരള ക്യാമ്പ് പതറിയെങ്കിലും പിന്നീട് വന്ന വത്സൻ ഗോവിന്ദ് ( 40 പന്തിൽ 29)മുഹമ്മദ് അസറുദ്ധീൻ (21 പന്തിൽ  23)എന്നിവർ ചേർന്ന് കൂടുതൽ നഷ്ടങ്ങൾ ഇല്ലാതെ  സുരക്ഷിത തീരത്ത് എത്തിച്ചു .

38.2  ഓവറിൽ കേരളം  4 വിക്കറ്റ് നഷ്ടത്തിൽ  233 റൺസ് എടുത്തുനിൽക്കെ മഴ രസംകൊല്ലിയായായി വീണ്ടുമെത്തി .മത്സരം നനഞ്ഞ  ഔട്ട്‌ഫീൽഡ് കാരണം വീണ്ടും  പുനരാരംഭിക്കുവാൻ കഴിയാതെ  വന്നതോടെ  കേരളം വിജയിച്ചതായി പ്രഖ്യാപിച്ചു .ഇന്ത്യയിലെ പ്രാദേശിക മത്സരങ്ങളിൽ ബിസിസിഐ ഉപയോഗിക്കുന്ന VJD  Method ഉപയോഗിച്ചാണ് മത്സരം നിയന്ത്രിക്കുന്ന ഒഫീഷ്യൽസ്  തീരുമാനമെടുത്തത് .
ടൂർണമെന്റിലെ ആദ്യ മത്സരം തന്നെ ജയിക്കുവാൻ കഴിഞ്ഞത് കേരള ടീമിന് വലിയൊരു ആശ്വാസമാണ് .






Previous articleസന്ദീപ് സിങ്ങ് കേരളാ ബ്ലാസ്റ്റേഴ്സില്‍ തുടരും
Next articleഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര ; സഞ്ചു സാംസണ്‍ പുറത്ത്. ടീമില്‍ സര്‍പ്രൈസ് മാറ്റങ്ങള്‍