കൊച്ചിയിൽ 40,000 പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയം നിർമിക്കാൻ കേരള ക്രിക്കറ്റ് അസോസിയേഷൻ സംസ്ഥാന സർക്കാരിന് പ്രപോസല്‍ നൽകി. നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിനടത്തുള്ള ആലുവയിലെ ചെങ്ങമനാട് വില്ലേജിൽ 40 ഏക്കറിലാണ് നിർദിഷ്ട ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കുകയെന്ന് കെസിഎ വാർത്താക്കുറിപ്പിൽ അറിയിച്ചു.
‘കൊച്ചിൻ സ്‌പോർട്‌സ് സിറ്റി’ എന്ന് പേരിട്ടിരിക്കുന്ന സ്റ്റേഡിയത്തിന്റെ നിർദ്ദേശം കെസിഎ പ്രസിഡന്റ് ജയേഷ് ജോർജ് മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ചു. 40,000 കപ്പാസിറ്റിയുള്ള ഈ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം, ഇന്ത്യയിലെ ആദ്യത്തെ കാർബൺ ന്യൂട്രൽ സ്‌പോർട്‌സ് സിറ്റിയായിരിക്കും ഈ പദ്ധതി,” കെസിഎ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
സ്‌പോർട്‌സ് സിറ്റിയിൽ ഇൻഡോർ-ഔട്ട്‌ഡോർ പരിശീലന സൗകര്യങ്ങൾ, പരിശീലന ഗ്രൗണ്ട്, സ്‌പോർട്‌സ് അക്കാദമി, റിസർച്ച് സെന്റർ, ഇക്കോ പാർക്ക്, വാട്ടർ സ്‌പോർട്‌സ് പാർക്ക്, സ്‌പോർട്‌സ് മെഡിസിൻ ആൻഡ് ഫിറ്റ്‌നസ് സെന്റർ, ഇ-സ്‌പോർട്‌സ് അരീന, വിനോദത്തിനായുള്ള സൗകര്യങ്ങള്‍, ക്ലബ് ഹൗസ് എന്നിവ ഉണ്ടായിരിക്കും.
സംസ്ഥാനത്ത് ഇതുവരെ 150 കോടി രൂപ ചെലവഴിച്ച് 12 ഫസ്റ്റ് ക്ലാസ് വേദികൾ നിർമിച്ചതായും കെസിഎ അറിയിച്ചു. വിധിധ ജില്ലകളിലായി മൂന്ന് ആഭ്യന്തര വേദികൾ കൂടി കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രഖ്യാപിച്ചു. തിരുവനന്തപുരത്തെ സ്‌പോർട്‌സ് ഹബ്ബായ ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയം 33 വർഷത്തേക്ക് നിലനിർത്താനുള്ള താൽപര്യവും കെസിഎ അറിയിച്ചട്ടുണ്ട്.