അക്ഷർ വേണ്ട, മൂന്നാം സ്പിന്നറായി ഇന്ത്യ അവനെ ഉൾപ്പെടുത്തണം. ടെസ്റ്റ്‌ പരമ്പരയിൽ ഗുണം ചെയ്യുമെന്ന് ഹർഭജൻ.

AXAR AND JADEJA

ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പര മറ്റന്നാൾ ഹൈദരാബാദിൽ ആരംഭിക്കുകയാണ്. ആദ്യ ടെസ്റ്റിനുള്ള ടീമിനെ സംബന്ധിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിലടക്കം വലിയ സജീവമായി നിൽക്കുന്നു. പ്രധാനമായും സ്പിന്നർമാരാവും ഇത്തവണയും ടെസ്റ്റ് പരമ്പരയിൽ പ്രധാന സ്ഥാനം വഹിക്കാൻ പോകുന്നത്.

ഇന്ത്യ ടെസ്റ്റ്‌ മത്സരങ്ങളിൽ തങ്ങളുടെ പ്രധാന സ്പിന്നറായി രവിചന്ദ്രൻ അശ്വിനെയും രവീന്ദ്ര ജഡേജയെയും ഉൾപ്പെടുത്താനാണ് സാധ്യത. എന്നാൽ മൂന്നാം സ്പിന്നറായി ആര് ഇന്ത്യൻ ടീമിലെത്തണം എന്ന ചോദ്യം നിലനിൽക്കുകയാണ്. ഇതിനുള്ള ഉത്തരം കണ്ടെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ്.

മൂന്നാം സ്പിന്നറായി അക്ഷർ പട്ടേലിന് പകരം ഇന്ത്യ കുൽദീപ് യാദവിനെ ഉൾപ്പെടുത്തണമെന്നാണ് ഹർഭജന്റെ വാദം. “രവിചന്ദ്രൻ അശ്വിനും രവീന്ദ്ര ജഡേജയും നമ്മുടെ ടെസ്റ്റ് ടീമിൽ കളിക്കുമ്പോൾ നമ്മൾ അന്വേഷിക്കുന്നത് ഒരു മൂന്നാം സ്പിന്നറെയാണ്. അത് കുൽദീപ് ആയിരിക്കണം. കാരണം കുൽദീപ് ഒരു റിസ്റ്റ് സ്പിന്നറാണ്.”

“മാത്രമല്ല ഒരുപാട് വേരിയേഷനുകളും കുൽദീപിനുണ്ട്. എന്നിരുന്നാലും ടെസ്റ്റ് മത്സരങ്ങളിൽ അക്ഷർ പട്ടേലിനെ ഇന്ത്യ നിരന്തരം തിരഞ്ഞെടുക്കുന്നത് അയാളുടെ ബാറ്റിംഗ് കഴിവു കൊണ്ടാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. എട്ടാം നമ്പറിലായാലും ഒൻപതാം നമ്പറിലായാലും അക്ഷറിന് ബാറ്റ് ചെയ്യാൻ സാധിക്കും. അത് അദ്ദേഹത്തിന് നിരന്തരം ടീമിൽ അവസരം ലഭിക്കുന്നതിന് ഒരു കാരണമാണ്.”- ഹർഭജൻ പറയുന്നു.

“അക്ഷർ കുൽദീപിനെക്കാൾ ബാറ്റ് ചെയ്യും എന്നതുകൊണ്ട് ടീമിൽ ഉൾപ്പെടുത്തുന്നതിന്റെ യുക്തി എനിക്ക് മനസ്സിലാകുന്നില്ല. കാരണം ഒൻപതാം നമ്പരിൽ നമുക്ക് ഒരു മികച്ച ബാറ്ററെയല്ല ആവശ്യം. പലകാര്യങ്ങളിലും അക്ഷർ പട്ടേലിന്റെ കഴിവുകൾ രവീന്ദ്ര ജഡേജയുടെതിന് സമമാണ്. അതിനാൽ തന്നെ കുൽദീപിനെ ഇന്ത്യ മൂന്നാം നമ്പർ താരമായി ഉൾപ്പെടുത്തേണ്ടതുണ്ട്.”- ഹർഭജൻ കൂട്ടിച്ചേർത്തു.

Read Also -  "റൺവേട്ടക്കാരിൽ സച്ചിനെ മറികടക്കാൻ അവന് സാധിക്കും", ഇംഗ്ലണ്ട് താരത്തെപറ്റി മൈക്കിൾ വോൺ.

എന്നിരുന്നാലും ടേണിങ് പിച്ചുകളാണ് ഇന്ത്യ തിരഞ്ഞെടുക്കുന്നതെങ്കിൽ അക്ഷറിനെ ടീമിൽ ഉൾപ്പെടുത്താൻ വലിയ സാധ്യതയുണ്ട് എന്ന് ഹർഭജൻ പറയുന്നു. അക്ഷറിന് ഇത്തരം പിച്ചുകളിൽ കൃത്യമായി ബാറ്റർമാർക്ക് എതിരെ ആക്രമണം അഴിച്ചുവിടാൻ സാധിക്കുമെന്നാണ് ഹർഭജൻ കരുതുന്നത്.

“ടേണിങ് പിച്ചുകളിൽ നമുക്കാവശ്യം ഒരു മികച്ച ഷൂട്ടറെയാണ്. വിക്കറ്റ് ടു വിക്കറ്റ് ബോൾ ചെയ്യാനും തുടർച്ചയായി ലെങ്തിൽ പന്തറിയാനും സാധിക്കുന്ന ഒരു ബോളറെയാണ് നമുക്ക് വേണ്ടത്. ടേണിംഗ് പിച്ചുകളിൽ അധികമായി നമ്മൾ ടേൺ ചെയ്യിക്കാൻ ശ്രമിക്കുകയും വിക്കറ്റുകൾ സ്വന്തമാക്കാൻ വേരിയേഷനുകൾ പുറത്തെടുക്കുകയും ചെയ്യേണ്ടതില്ല.

അങ്ങനെയുള്ള സാഹചര്യങ്ങൾ വരുമ്പോൾ അക്ഷർ പട്ടേലിനെ തന്നെയാവും ഇന്ത്യ ടീമിലേക്ക് തിരഞ്ഞെടുക്കുന്നത്. മാത്രമല്ല ടേണിങ് പിച്ചുകളിലേക്ക് വരുമ്പോൾ ഇന്ത്യൻ ടീമിന്റെ ബാറ്റിംഗും അത്ര മികച്ചതല്ല. പല ടേണിങ് വിക്കറ്റുകളിലും നമ്മൾ ബാറ്റിംഗിൽ പരാജയപ്പെട്ടിട്ടുണ്ട്. അങ്ങനെയുള്ളപ്പോൾ വാലറ്റ ബാറ്റർമാർ മികവ് പുലർത്തേണ്ടതുണ്ട്. ഇങ്ങനെ ചിന്തിച്ചാലും അക്ഷറിനെ ഇന്ത്യ ടീമിൽ ഉൾപ്പെടുത്തും.”- ഹർഭജൻ പറഞ്ഞു വയ്ക്കുന്നു.

Scroll to Top