ഇന്ത്യയുടെ ഏറ്റവും ആക്രമണ മനോഭാവമുള്ള ടെസ്റ്റ് നായകനായിരുന്നു വിരാട് കോഹ്ലി. ടെസ്റ്റിൽ നായക സ്ഥാനമേറ്റതിന് ശേഷം വിരാട് കോഹ്ലിയുടെ മറ്റൊരു മുഖം തന്നെ ലോക ക്രിക്കറ്റ് കാണുകയുണ്ടായി. അതുവരെ ഉണ്ടായിരുന്ന രീതികളിൽ നിന്ന് വ്യത്യസ്തമായി മത്സരത്തിൽ അത്യന്തം ആവേശം വിതറുന്നതായിരുന്നു കോഹ്ലിയുടെ ക്യാപ്റ്റൻസി മികവ്. ഓസ്ട്രേലിയയെ അവരുടെ നാട്ടിൽ ബോർഡർ- ഗവാസ്കർ ട്രോഫിയിൽ മുട്ടുകുത്തിച്ച ആദ്യ നായകൻ കൂടിയാണ് വിരാട് കോഹ്ലി. ഇപ്പോൾ വിരാട് കോഹ്ലിയുടെ ആക്രമണ ശൈലിയിലുള്ള ക്യാപ്റ്റൻസിയെ പറ്റി തുറന്നു പറഞ്ഞിരിക്കുകയാണ് മുൻ സ്പിന്നർ കരൺ ശർമ.
2014 ലായിരുന്നു കോഹ്ലി ഇന്ത്യയുടെ ടെസ്റ്റ് നായകനായി അരങ്ങേറ്റം കുറിച്ചത്. അന്നത്തെ ബോർഡർ- ഗവാസ്കർ ട്രോഫിയിലൂടെ ആയിരുന്നു കോഹ്ലിയുടെ അരങ്ങേറ്റം. അന്നത്തെ നായകനായിരുന്ന മഹേന്ദ്ര സിംഗ് ധോണിയ്ക്ക് കൈവിരലിന് പരിക്കേറ്റതിന് പിന്നാലെയാണ് കോഹ്ലിയ്ക്ക് നായകസ്ഥാനം ലഭിച്ചത്.
നായകനായുള്ള ആദ്യ മത്സരത്തിൽ തകർപ്പൻ പ്രകടനം തന്നെയായിരുന്നു താരം കാഴ്ചവെച്ചത്. മത്സരത്തിന്റെ 2 ഇന്നിങ്സുകളിലും സെഞ്ച്വറി സ്വന്തമാക്കാൻ കോഹ്ലിയ്ക്ക് സാധിച്ചിരുന്നു. മത്സരത്തിന്റെ അവസാന ദിവസം 363 എന്ന വമ്പൻ വിജയലക്ഷ്യമാണ് ഓസ്ട്രേലിയ ഇന്ത്യക്ക് മുൻപിലേക്ക് വെച്ചത്. എന്നാൽ ഇത് ചെയ്സ് ചെയ്യാമെന്നുള്ള ഉറച്ച വിശ്വാസം കോഹ്ലിയ്ക്ക് ഉണ്ടായിരുന്നു എന്ന് കരൺ പറയുന്നു.
“ഓസ്ട്രേലിയക്കെതിരെ അവരുടെ നാട്ടിൽ അരങ്ങേറ്റം കുറിക്കുക എന്നത് എല്ലായിപ്പോഴും ഒരു പ്രത്യേക ഫീൽ തന്നെയാണ്. വളരെ കുറച്ചു താരങ്ങൾക്ക് മാത്രമാണ് അത്തരം ഒരു തുടക്കം ലഭിച്ചിട്ടുള്ളത്. അന്ന് ഇന്ത്യൻ ടീമിന്റെ അന്തരീക്ഷം അങ്ങേയറ്റം മികച്ചത് തന്നെയായിരുന്നു. രവി ശാസ്ത്രിയാണ് അന്ന് ഇന്ത്യയുടെ പരിശീലകൻ. മത്സരത്തിൽ ഞങ്ങൾക്ക് 300ന് മുകളിൽ ഒരു സ്കോർ ചെയ്സ് ചെയ്യാൻ ഉണ്ടായിരുന്നു. സമനില എന്ന ഓപ്ഷൻ മുൻപിലുണ്ടായിട്ടും അതിലേക്ക് ശ്രമിക്കേണ്ട എന്നാണ് നായകൻ വിരാട് കോഹ്ലി അന്ന് പറഞ്ഞത്. ഈ സ്കോർ ചെയ്സ് ചെയ്യാനാണ് ശ്രമിക്കേണ്ടത് എന്ന് കോഹ്ലി ഉറച്ചു പറയുകയായിരുന്നു.”- കരൺ പറഞ്ഞു.
“കോഹ്ലിയുടെ ഈ പെരുമാറ്റം ഡ്രസ്സിംഗ് റൂമിൽ വലിയ ഇമ്പാക്ട് തന്നെ ഉണ്ടാക്കി. വളരെ വ്യത്യസ്തമായ ഒരു സമീപനമായിരുന്നു അത്. പല ക്യാപ്റ്റൻമാരിലും വ്യത്യസ്തമായ സമീപനങ്ങളാണ് ഉണ്ടാവാറുള്ളത്. അന്ന് ആ മത്സരത്തിന്റെ നാലാം ഇന്നിങ്സിൽ, 300ന് മുകളിൽ ഒരു സ്കോർ ചെയ്സ് ചെയ്യാൻ സാധിക്കുമെന്ന് കോഹ്ലി പറഞ്ഞതിന് ശേഷം ഞങ്ങളെല്ലാവരും വലിയ ആവേശത്തിൽ ആയിരുന്നു. നമ്മുടെ ക്യാപ്റ്റന് മുമ്പിൽ വ്യത്യസ്തമായ പ്ലാനുകൾ ഉണ്ട് എന്ന ഒരു സൂചന കളിക്കാരിൽ എത്തിക്കാനും ഇത്തരം തീരുമാനങ്ങൾ സഹായിക്കും.”- കരൺ ശർമ കൂട്ടിച്ചേർത്തു.