ഇന്ത്യൻ ക്രിക്കറ്റിലെ നിർണായക താരങ്ങളിൽ ഒരാളായി മാറിക്കൊണ്ടിരിക്കുകയാണ് യുവതാരം റിങ്കു സിംഗ്. ഇന്ത്യയുടെ ട്വന്റി20 ടീമിൽ ഒരു ഫിനിഷറുടെ റോളിലാണ് റിങ്കു സിങ് കളിക്കുന്നത്. ഇന്ത്യയുടെ കഴിഞ്ഞ പരമ്പരകളിലൊക്കെയും വമ്പൻ പ്രകടനങ്ങളായിരുന്നു താരം കാഴ്ചവെച്ചത്.
ഇപ്പോൾ തനിക്ക് ഏറ്റവും പ്രിയപ്പെട്ട 4 ഇന്ത്യൻ താരങ്ങളെ തിരഞ്ഞെടുത്തുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് റിങ്കു സിംഗ്. മുൻ ഇന്ത്യൻ നായകനായ മഹേന്ദ്ര സിംഗ് ധോണിയെയും ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറെയും ഒഴിവാക്കിയാണ് റിങ്കു സിംഗ് 4 ഇന്ത്യൻ താരങ്ങൾ അടങ്ങുന്ന ലിസ്റ്റ് പ്രഖ്യാപിച്ചത്.
ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് റിങ്കു സിംഗ് തന്റെ പ്രിയപ്പെട്ട താരങ്ങളെ തിരഞ്ഞെടുത്തത്. നിലവിൽ ഇന്ത്യയുടെ ഏകദിന- ടെസ്റ്റ് ഫോർമാറ്റുകളിലെ നായകനായ രോഹിത് ശർമയെയാണ് തന്റെ ഏറ്റവും പ്രിയപ്പെട്ട താരമായി റിങ്കു തിരഞ്ഞെടുക്കുന്നത്. ഒപ്പം ഇന്ത്യയുടെ സൂപ്പർ ബാറ്ററായ വിരാട് കോഹ്ലിയെയും റിങ്കു സിംഗ് തെരഞ്ഞെടുക്കുകയുണ്ടായി. കഴിഞ്ഞ വർഷങ്ങളിലൊക്കെയും ഇന്ത്യയ്ക്കായി തകര്‍പ്പന്‍ പ്രകടനങ്ങൾ ആയിരുന്നു ഈ താരങ്ങൾ കാഴ്ചവച്ചത്. ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളായി മാറാൻ രോഹിതിനും കോഹ്ലിയ്ക്കും സാധിച്ചിട്ടുണ്ട്.
ഇന്ത്യയുടെ ഇടംകയ്യൻ ബാറ്റർ ആയിരുന്ന സുരേഷ് റെയ്നയാണ് റിങ്കൂ സിംഗിന്റെ ലിസ്റ്റിലുള്ള മൂന്നാമത്തെ പ്രിയപ്പെട്ട താരം. റെയ്നയുമായി മികച്ച ഒരു ബന്ധം തനിക്കുണ്ടായിരുന്നു എന്ന് റിങ്കു സിംഗ് പറയുന്നു. ഒപ്പം ഇന്ത്യയുടെ ഏറ്റവും പുതിയ ട്വന്റി20 നായകനായ സൂര്യകുമാർ യാദവിനെയാണ് റിങ്കു സിംഗ് തന്റെ പ്രിയപ്പെട്ട നാലാമത്തെ താരമായി തിരഞ്ഞെടുത്തത്. വ്യത്യസ്തമായ ബാറ്റിംഗ് ശൈലിയാണ് സൂര്യകുമാർ യാദവിനെ തന്റെ പ്രിയപ്പെട്ടവനാക്കിയത് എന്ന് റിങ്കു പറഞ്ഞു. എന്നാൽ ഇന്ത്യൻ ടീമിലെ വമ്പൻ താരങ്ങളെ റിങ്കു മറന്നു എന്നാണ് ചില സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിൽ വന്ന കമന്റുകൾ.
“റെയ്ന ഭായ് എന്റെ പ്രിയപ്പെട്ട താരമാണ്. രോഹിത് ഭായുമായി കുറച്ചധികം സമയം മൈതാനത്ത് ചിലവഴിക്കാൻ എനിക്ക് സാധിച്ചിട്ടുണ്ട്. വിരാട് ഭായും എന്റെ പ്രിയപ്പെട്ട താരമാണ്. സൂര്യ ഭായ് എന്റെ വഴികാട്ടി കൂടിയാണ്. സൂര്യ വളരെ വ്യത്യസ്തനായ ഒരു ക്രിക്കറ്റർ ആണ്. മറ്റൊരു ക്രിക്കറ്റ് താരത്തിനും കളിക്കാൻ സാധിക്കാത്ത ഷോട്ടുകൾ സൂര്യകുമാറിന്റെ ബാറ്റിൽ നിന്ന് എത്താറുണ്ട്.”- റിങ്കു സിംഗ് പറഞ്ഞു. ഇതുവരെ ഇന്ത്യക്കായി ട്വന്റി20 മത്സരങ്ങളിലാണ് റിങ്കു അണിനിരന്നിട്ടുള്ളത്. ഇപ്പോൾ ഏകദിന- ടെസ്റ്റ് ടീമിലേക്ക് എത്താനുള്ള തയ്യാറെടുപ്പിലാണ് റിങ്കു സിംഗ്.