ഐസിസി ടി :20 ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങൾക്ക് ഒക്ടോബർ മാസമാണ് തുടക്കം കുറിക്കുന്നത് എങ്കിലും ക്രിക്കറ്റ് പ്രേമികളിൽ എല്ലാം ഇതിനകം ടി :20 ക്രിക്കറ്റ് ലോകകപ്പ് ആവേശം ഉയർന്ന് കഴിഞ്ഞു. ടീമുകൾ എല്ലാം ലോകകപ്പ് മത്സരങ്ങൾക്കുള്ള സ്‌ക്വാഡുകളെയും ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു. എന്നാൽ ടീം ഇന്ത്യയുടെ സ്‌ക്വാഡിനായി എല്ലാവരും ആകാംക്ഷപൂർവ്വമാണ് കഴിഞ്ഞ എല്ലാ ദിവസവും കാത്തിരുന്നത്. എല്ലാവിധ ചർച്ചകൾക്കും ഒടുവിൽ 18 അംഗ ഇന്ത്യൻ സ്‌ക്വാഡിനെ പ്രഖ്യാപിച്ചപ്പോൾ വമ്പൻ സർപ്രൈസ് കൂടിയാണ് സെലക്ഷൻ കമ്മിറ്റി സമ്മാനിച്ചത്. വിരാട് കോഹ്ലി നയിക്കുന്ന ടീമിൽ അശ്വിൻ അടക്കം സീനിയർ താരങ്ങൾ ഇടം നേടിയപ്പോൾ എല്ലാ ആരാധകരെയും ഞെട്ടിച്ചാണ് മുൻ ഇന്ത്യൻ നായകനും ഇതിഹാസ താരവും കൂടിയായ ധോണിയെ ടീമിന്റെ മെന്റർ റോളിലാണ് ബിസിസിഐ നിയമിച്ചത്. ഹെഡ് കോച്ച് രവി ശാസ്ത്രിയുടെയും നായകൻ വിരാട് കോഹ്ലിയുടെയും കൂടി ആവശ്യപ്രകാരമാണ് ധോണിയുടെ വരവ് എന്നും മുൻ താരങ്ങൾ അടക്കമിപ്പോൾ വിലയിരുത്തുന്നുണ്ട്.
എന്നാൽ ധോണിയുടെ പുത്തൻ റോളിന് ഒപ്പം വിമർശനങ്ങളും സജീവമാണ്. ടീം ഇന്ത്യക്കൊപ്പം ഹെഡ് കോച്ച്, ബാറ്റിങ് കോച്ച് എന്നിവരുള്ളപ്പോൾ എന്തിനാണ് ധോണി കൂടി ലോകകപ്പ് സ്‌ക്വാഡിനൊപ്പം പോകുന്നതെന്ന് പലരും ചോദിക്കുന്നുണ്ട്. അതേസമയം ഇക്കാര്യത്തിൽ മികച്ച ഒരു അഭിപ്രായവുമായി ധോണിക്കും ഒപ്പം ബിസിസിഐക്കും വളരെ ഏറെ പിന്തുണ നൽകുകയാണ് മുൻ താരം കപിൽ ദേവ്.1983ൽ ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിനെ നയിച്ചത് അദ്ദേഹമാണ്.ചില പദ്ധതികൾക്ക് ഒപ്പമാണിപ്പോൾ ധോണി ഉപദേശകൻ റോളിൽ ടീമിനൊപ്പം ചേരുന്നത് എന്നും പറഞ്ഞ കപിൽ ദേവ് തന്റെ നിരീക്ഷണം വിശദമാക്കി.
“ധോണിയുടെ വരവ് ഒരു സ്പെഷ്യൽ കേസ് തന്നെയാണ്. ധോണി ഇന്ത്യൻ ടീമിന്റെ ഇതിഹാസ താരമാണ്. ടീം ഇന്ത്യക്ക് ലോകകപ്പിൽ മികച്ച അനേകം ഉപദേശങ്ങൾ നൽകുവാൻ ധോണിക്ക് സാധിക്കും. എക്കാലവും ഞാൻ ഉറച്ച് വിശ്വസിക്കുന്നത് വിരമിച്ച ഉടനെ ഒരു താരവും മറ്റുള്ള റോളിൽ ടീമിലേക്ക് വരരുത് എന്നാണ്. എന്നാൽ ധോണിയുടെ ഈ റോൾ സ്പെഷ്യലാണ്. കൂടാതെ രവി ശാസ്ത്രിക്ക് കോവിഡ് സ്ഥിതീകരിച്ച സാഹചര്യത്തിൽ ധോണിക്ക് ചില ചുമതലകൾ കൂടി വഹിക്കാനുണ്ട് “കപിൽ ദേവ് അഭിപ്രായം വ്യക്തമാക്കി