കോഹ്ലിയെ കളിയാക്കിയ ബാർമി ആർമി നിസ്സാരക്കാരല്ല : ചരിത്രം അറിയാം

Barmy Army

” Meet us in the stadium, if not check it out at the nearest beer parlour”

കഴിഞ്ഞ ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് മത്സരത്തിൽ ഒരിക്കൽക്കൂടി വാർത്തകളിൽ നിറഞ്ഞ പ്രസിദ്ധമായ ബാമി ആർമിയുടെ ആദ്യകാല സ്ലോഗൺ ആണിത്. തുടക്ക കാലത്ത് ബാമി ആർമി എന്താണെന്ന് മനസ്സിലാക്കാൻ ഈയൊരു കാപ്ഷൻ തന്നെ ധാരാളം. …. കഴിഞ്ഞ ഓവൽ ടെസ്റ്റിൽ പരാജയത്തിലേക്ക് അടുക്കുന്ന ഇംഗ്ലീഷ് ക്രിക്കറ്റ് ടീമിനെ ഉത്തേജിപ്പിക്കാൻ വേണ്ടി വാദ്യോപകരണങ്ങളുമായി ആർത്തു വിളിച്ച ബാർമി ആർമിയെ കളിയാക്കാൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി അവരെ അനുകരിക്കുന്നത് നമ്മൾ ടി വി യിലൂടെ കണ്ടതാണ്.

326982

1994-95 ഓസ്ട്രേലിയയിൽ നടന്ന ആഷസ് സീരീസ് – ബാമി ആർമി എന്ന പേരിൻ്റെ തുടക്കം അവിടെ നിന്നാണ്. അഡ്‌ലെയ്ഡിലെ നാലാം ടെസ്റ്റിൽ (3-1 ന് ഓസ്ട്രേലിയ ജയിച്ച സീരീസിൽ ഇംഗ്ലണ്ടിൻ്റെ ഏക വിജയം ഈ ടെസ്റ്റിൽ 106 റൺസിനാണ് ) ആദ്യ ദിവസത്തെ ലഞ്ച് ബ്രേക്കിനിടക്ക് തൊട്ടടുത്ത സ്ട്രീറ്റിലെ കടയിൽ നിന്നു “Atherton’s Barmy Army” എന്നെഴുതിയ 50 ടീ ഷർട്ടുകൾ മേടിച്ചാണ് അവർ ടിവി കമൻ്റേറ്റർമാരുടെ ശ്രദ്ധ ആകർഷിച്ചത്. ഇംഗ്ലീഷ് ക്യാപ്റ്റൻ മൈക്ക് അതേർടന്നും ഗ്രഹാം ഗൂച്ചും മികച്ചു നിന്നു ബാറ്റ് ചെയ്യുന്ന സമയവും ആയിരുന്നത്. Barmy എന്ന വാക്കിന് mad, Crazy എന്നൊക്കെയാണ് അർത്ഥം. കളി കഴിഞ്ഞപ്പോഴേക്കും സ്റ്റേഡിയത്തിൽ അത്തരത്തിൽ 200 ടീ ഷർട്ടുകൾ കൂടി ഇടം നേടിയിരുന്നു

ഡേവിഡ് പീകോക്ക്, പോൾ ബേൺഹം, ഗാരത് ഇവാൻസ് എന്നിവർ ചേർന്ന് തുടങ്ങിയ ബാമി ആർമി ആദ്യ കാലത്തെ ശൈശവ ദശകൾ പിന്നിട്ട് ഇന്ന് ഒരു ലിമിറ്റഡ് കമ്പനിയാണ്. ഇംഗ്ലീഷ് ക്രിക്കറ്റ് ടീം ലോകത്ത് എവിടെയൊക്കെ ഏത് ഫോർമാറ്റിൽ കളിച്ചാലും പ്രോത്സാഹിപ്പിക്കാൻ ഇവർ ഗ്യാലറിയിൽ ഉണ്ടാവും. ആട്ടവും പാട്ടും വാദ്യങ്ങളും ബഹളവും ബിയർ കാനും കൂടെ ഉച്ചത്തിൽ ഇംഗ്ലീഷ് ടീമിനെ പ്രോത്സാഹിപ്പിക്കലും ഇവരുടെ മുഖമുദ്രയാണ്. വിരാട് കോഹ്ലിയുടെ തമാശക്ക് തിരിച്ച് അതേ സ്പോർട്സ് മാൻ സ്പിരിട്ടിൽ തന്നെ മറുപടി നൽകിയ അവർ, മികച്ചു കളിച്ച ടീം ഇന്ത്യയെ അഭിനന്ദിക്കുകയും ചെയ്തു.

See also  "ഡിവില്ലിയേഴ്‌സിന്റെ ഒരു കൂടിയ വേർഷനാണ് സൂര്യകുമാർ". എല്ലാത്തിനും അവന്റെ കയ്യിൽ ഉത്തരമുണ്ടെന്ന് ഹർഭജൻ.
231395

ഇരുപത്തഞ്ച് കൊല്ലങ്ങൾക്കിപ്പുറം ബാമി ആർമി കുറെയേറെ വളർന്നു. 90 കളുടെ അവസാനം കലാകാരൻമാരായ പീറ്റർ സ്കെല്ലൻ, റിച്ചാർഡ് സ്റ്റിൽഗോ എന്നിവർ ചേർന്ന് അവർക്കായി ഒരു ” ബാർമി ആർമി ഗീതം ” ചിട്ടപ്പെടുത്തി. അതിനു ശേഷം ഏത് ഗ്രൗണ്ടിലും ഈ ഗാനം അലയടിച്ചു കൊണ്ടിരുന്നു. പതിനായിരം അംഗങ്ങൾ കയറിയ സിഡ്നി സ്റ്റേഡിയത്തിലായാലും അമ്പതു പേർ കയറിയ ഷാർജ സ്റ്റേഡിയത്തിലായാലും ലോകമാകമാനം ഇവർ ഇംഗ്ലീഷ് ടീമിനെ അനുഗമിക്കുന്നുണ്ട്. മറ്റു സ്പോർട്സ് ഇനങ്ങളിൽ ഇംഗ്ലീഷ് ടീമിനെ സപ്പോർട്ട് ചെയ്യുന്ന, അൽപ്പം അക്രമവാസനയും തെമ്മാടിത്തരവുമുള്ള “ഹൂളിഗൻസ്” ൽ നിന്നു വ്യത്യസ്തമായി ഇവർ തികച്ചും സൗഹാർദ്ദപരമായാണ് പെരുമാറുക.

മെമ്പർമാർക്കും ഫോളോവേഴ്സിന്നുമായി ഇംഗ്ലീഷ് ക്രിക്കറ്റ് ആസ്വദിക്കാനായി മികച്ച സേവനങ്ങൾ തന്നെ ഇവർ നൽകുന്നുണ്ട്. ടിക്കറ്റ് ശരിയാക്കൽ, സീറ്റിങ്ങ് അറേഞ്ച്മെൻ്റ്, കളി തുടങ്ങുന്നതിനു മുമ്പും ഇടവേളയിലും കളിക്കു ശേഷവും ഒത്തുചേരൽ, കലാ പരിപാടികളും ഇവയുടെ വീഡിയോയും, താമസ സൗകര്യം, ടൂർ അറേഞ്ച്മെൻ്റ്സ്, മെമ്പർമാർക്കായി രാജ്യത്തും വിദേശത്തും ക്രിക്കറ്റ് കളിക്കാൻ അവസരം നൽകൽ, കൂടാതെ ചാരിറ്റി പ്രവർത്തനങ്ങൾ എന്നിവ ബാമി ആർമി കമ്പനിയുടെ പ്രത്യേകതകളാണ്. ഹൂളിഗനിസത്തെ നിരുത്സാഹപ്പെടുത്തുന്നതിനൊപ്പം റഗ്ബി പോലുള്ള മറ്റു കായിക ഇനങ്ങളിലും ഇവർ ഇപ്പോൾ സജീവമാണ്.

Make watching Cricket more fun and make much more popular

ലേഖനത്തിൻ്റെ തുടക്കത്തിൽ പറഞ്ഞ സ്ലോഗണിൽ നിന്ന് ഈ നിലയിലേക്ക് ബാമി ആർമി വളർന്നു കഴിഞ്ഞു. ഇന്ത്യയുടെ ഭാരത് ആർമി പോലെ പലരും ഇന്ന് ഇവരുടെ വഴിയെ സഞ്ചരിക്കുന്നവരാണ്.

എഴുതിയത് – സുരേഷ് വാരിയത്ത്

Scroll to Top