ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ പ്ലേയോഫ് സാധ്യതകള്‍ സജീവമാക്കി കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്സ്. സണ്‍റൈസേഴ്സ് ഹൈദരബാദിനെതിരെയുള്ള പോരാട്ടത്തില്‍ 54 റണ്‍സിന്‍റെ വിജയമാണ് കൊല്‍ക്കത്ത നേടിയത്. 178 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഹൈദരബാദ് നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സാണ് നേടിയത്.
വിജയലക്ഷ്യവുമായി ഇറങ്ങിയ ഹൈദരബാദിനു ക്യാപ്റ്റന്‍ കെയിന്‍ വില്യംസണിന്‍റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. സ്കോര്‍ ബോര്‍ഡില്‍ 30 റണ്‍സുള്ളപ്പോള്‍ 17 പന്തില്‍ 9 റണ്ണുമായാണ് ന്യൂസിലന്‍റ് താരം മടങ്ങിയത്. ആന്ദ്രേ റസ്സലിനെ സ്കൂപ്പ് ചെയ്യാനുള്ള ശ്രമത്തിനിടെ സ്റ്റംപ് തെറിക്കുകയായിരുന്നു.
സീസണിലുടനീളം വളരെ മോശം ഫോമിലാണ് കെയിന്‍ വില്യംസണ്‍. 12 മത്സരങ്ങളില്‍ നിന്നായി 18.90 ശരാശരിയില്‍ 92.85 സ്ട്രൈക്ക് റേറ്റില്‍ നേടാനായത് 208 റണ്‍സ് മാത്രമാണ്. മെഗാ ലേലത്തിനു മുന്നോടിയായി 14 കോടി രൂപക്കാണ് കെയിന്‍ വില്യംസണിനെ ഹൈദരബാദ് നിലനിര്‍ത്തിയത്.
കഴിഞ്ഞ സീസണില്‍ മോശം ഫോമിന്‍റെ പേരില്‍ ഡേവിഡ് വാര്‍ണറെ, ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും നീക്കിയിരുന്നു. അതിനു പിന്നാലെ പ്ലേയിങ്ങ് ഇലവനില്‍ നിന്നും ഓസ്ട്രേലിയന്‍ താരത്തെ ഒഴിവാക്കി. ഇപ്പോഴിതാ അതുപോലെ ഒരു ഘട്ടത്തിലൂടെയാണ് കെയിന്‍ വില്യംസണ്‍ കടന്നു പോകുന്നത്. അന്ന് 8 ഇന്നിംഗ്സില്‍ 195 റണ്‍സ് ഓസ്ട്രേലിയന്‍ താരം നേടിയിരുന്നു. കണക്കില്‍ ഇപ്പോഴത്തെ കെയിന്‍ വില്യംസണേക്കാളും നല്ല കണക്കുകള്‍.