“കോഹ്ലിയെ കണ്ടു പഠിക്കൂ രോഹിതേ… ” മൈതാനത്ത് രോഹിത് കോഹ്ലിയെപ്പോലെ കളിക്കണമെന്ന് അക്മൽ.

ഒരു സമയത്ത് ഇന്ത്യൻ ടീമിന്റെ പ്രധാന ശ്രദ്ധകേന്ദ്രമായിരുന്നു രോഹിത് ശർമ. ഏറ്റവും മികച്ച ബാറ്ററായി ഇന്ത്യൻ ടീമിൽ അറിയപ്പെട്ടിരുന്ന രോഹിത് ശർമ കഴിഞ്ഞ സമയങ്ങളിൽ മോശം പ്രകടനങ്ങളാണ് കാഴ്ചവയ്ക്കുന്നത്. ഈ അവസരത്തിൽ രോഹിത് ശർമ ഇനിയും മെച്ചപ്പെടേണ്ടതുണ്ട് എന്ന അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ പാക്കിസ്ഥാൻ വിക്കറ്റ് കീപ്പർ കമ്രാൻ അക്മൽ. രോഹിത്തിന്റെ കഴിഞ്ഞ ടെസ്റ്റ് മത്സരങ്ങളിലെ പ്രകടനം മോശമായിരുന്നു എന്നാണ് അക്മൽ പറഞ്ഞത്. ഒപ്പം രോഹിത് വിരാട് കോഹ്ലിയെ പോലെ ഫീൽഡിങ് മെച്ചപ്പെടുത്തണമെന്നും അക്മൽ പറയുകയുണ്ടായി. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കവേയാണ് അക്‌മൽ ഇക്കാര്യം ബോധിപ്പിച്ചത്.

ഓസ്ട്രേലിയക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ മത്സരത്തിൽ മോശം പ്രകടനം തന്നെയായിരുന്നു രോഹിത് കാഴ്ചവച്ചത്. മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ 14 റൺസും രണ്ടാം ഇന്നിങ്സിൽ 43 റൺസുമായിരുന്നു രോഹിത്തിന്റെ സംഭാവന. വരാനിരിക്കുന്ന മത്സരങ്ങളിൽ രോഹിത് നല്ല പ്രകടനങ്ങൾ കാഴ്ചവെക്കേണ്ടത് ഇന്ത്യക്ക് അത്യാവശ്യമാണ് എന്നും അക്മൽ പറഞ്ഞു. “വെസ്റ്റിൻഡീസ് പര്യടനത്തിലെ രണ്ട് ടെസ്റ്റുകളിലും ഇന്ത്യ മികവ് പുലർത്തേണ്ടതുണ്ട്. പരമ്പര വളരെ മികച്ച രീതിയിൽ തുടങ്ങുക എന്നത് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. ഇന്ത്യൻ നായകൻ രോഹിത് ശർമ മത്സരങ്ങളിൽ ഇനിയും മെച്ചപ്പെടണം. വിരാട് കോഹ്ലിയെ പോലെ മൈതാനത്ത് സാന്നിധ്യം അറിയിക്കാൻ രോഹിത്തിന് സാധിക്കണം.”- അക്മൽ പറഞ്ഞു.

361392

“വിരാട് കോഹ്ലി എക്കാലവും ഇന്ത്യൻ ക്രിക്കറ്റിലെ മികച്ച താരമാണ്. വളരെ മിടുക്കനായ ക്രിക്കറ്ററാണ് അവൻ. മൈതാനത്ത് കോഹ്ലിയുടെ സാന്നിധ്യം ഇന്ത്യയ്ക്ക് വളരെ പ്രതീക്ഷകൾ നൽകുന്നതാണ്. മാത്രമല്ല ടീമിലെ കളിക്കാർക്കും കോഹ്ലിയെ വലിയ കാര്യമാണ്. അദ്ദേഹത്തിന്റെ മൈതാനത്തെ ആവേശവും ബാറ്റിംഗിലെ ചടുലതയും മറ്റു താരങ്ങൾക്ക് ഒരുപാട് ഗുണം ചെയ്യുന്നുണ്ട്. ഇതൊക്കെയും യുവ താരങ്ങൾക്ക് പഠിക്കാനുള്ള അവസരമാണ്.”- അക്‌മൽ കൂട്ടിച്ചേർത്തു.

വെസ്റ്റിൻഡീസിനെതിരെ ജൂലൈ 13നാണ് ഇന്ത്യയുടെ പര്യടനം ആരംഭിക്കുന്നത്. രണ്ട് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും 5 ട്വന്റി20കളുമാണ് ഇന്ത്യ വിൻഡീസ് പര്യടനത്തിൽ കളിക്കുന്നത്. ഇതിൽ ആദ്യം നടക്കുന്നത് ടെസ്റ്റ് പരമ്പരയാണ്. ഓഗസ്റ്റ് 3, 6, 8, 12, 13 തീയതികളിലാണ് ട്വന്റി20 പരമ്പര നടക്കുന്നത്. ഇതിനൊപ്പം നിർണായകമായ ഏകദിന പരമ്പരയും നടക്കുന്നു. എന്തായാലും ഇന്ത്യയെ സംബന്ധിച്ച് ഏഷ്യാകപ്പിനും ലോകകപ്പിനും മുൻപ് നിർണായകമായ ഒരു പര്യടനമാണ് വന്നെത്തിയിരിക്കുന്നത്.

Previous articleഒരേ കണക്ക്. രണ്ട് തീരുമാനങ്ങള്‍. ചോദ്യം ചെയ്ത് ആകാശ് ചോപ്ര
Next articleസഞ്ജുവിന് വീണ്ടും ലോട്ടറി, ഏഷ്യ കപ്പ്‌ ടീമിലും കളിക്കും.. പരിക്ക് ഭേദമാവാതെ 2 താരങ്ങൾ.