സഞ്ജുവിന് വീണ്ടും ലോട്ടറി, ഏഷ്യ കപ്പ്‌ ടീമിലും കളിക്കും.. പരിക്ക് ഭേദമാവാതെ 2 താരങ്ങൾ.

ഇന്ത്യയുടെ വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ മലയാളി താരം സഞ്ജു സാംസണെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടുകൂടി വലിയൊരു അവസരം തന്നെയാണ് സഞ്ജു സാംസണ് വന്നുചേർന്നത്. ലോകകപ്പിന് മുൻപായി ഇന്ത്യൻ ടീമിൽ സ്ഥാനം കണ്ടെത്താൻ സഞ്ജുവിന് ലഭിച്ച നിർണായകമായ ഒരു ചാൻസ് തന്നെയാണ് ഇത്. സഞ്ജുവിന് അനുകൂലമായ കൂടുതൽ റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. പരിക്കിന്റെ പിടിയിലായ ഇന്ത്യയുടെ സൂപ്പർ ബാറ്റർ കെഎൽ രാഹുൽ തിരിച്ചുവരാൻ വൈകുമെന്നാണ് ഇപ്പോൾ റിപ്പോർട്ടുകൾ പറയുന്നത്. ഏഷ്യാകപ്പിലൂടെ രാഹുൽ ടീമിൽ തിരിച്ചെത്തുമെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ അതിന് രാഹുലിന് സാധിച്ചേക്കില്ല എന്നാണ് പ്രമുഖ മാധ്യമമായ ക്രിക്ബസ് റിപ്പോർട്ട് ചെയ്യുന്നത്. ഇതോടുകൂടി സഞ്ജുവിന് ലോകകപ്പ് കളിക്കാനുള്ള സാധ്യതകൾ കൂടുകയാണ്.

തന്റെ കാൽതുടയ്ക്ക് ശസ്ത്രക്രിയ ആവശ്യമായതിനാലാണ് രാഹുൽ മുൻപ് ക്രിക്കറ്റിൽ നിന്ന് മാറിനിന്നിരുന്നത്. നിലവിൽ ബാംഗ്ലൂരിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനത്തിലാണ് രാഹുൽ. പക്ഷേ തന്റെ പൂർണമായ ഫിറ്റ്നസ് തിരിച്ചുപിടിക്കാൻ രാഹുലിന് ഇതുവരെ സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ എപ്പോൾ ഇന്ത്യൻ ടീമിലേക്ക് രാഹുൽ മടങ്ങി വരും എന്ന കാര്യത്തിൽ സ്ഥിരീകരണം എത്തിയിട്ടില്ല. രാഹുലിനൊപ്പം, പുറംവേദന കാരണം ടീമിൽ നിന്നും മാറിനിന്ന ശ്രേയസ് അയ്യരുടെ മടങ്ങിവരവും വൈകിയേക്കും എന്നാണ് റിപ്പോർട്ടുകൾ. ഇതിനെ സംബന്ധിച്ച് കൃത്യമായ അപ്ഡേറ്റുകൾ ഇന്ത്യ പുറത്തുവിട്ടിട്ടില്ല. രാഹുലും അയ്യരും ടീമിൽ ഇടംപിടിക്കാത്ത സാഹചര്യത്തിൽ സഞ്ജു സാംസൺ ടീമിൽ തുടരാനാണ് സാധ്യതകൾ കൂടുതൽ.

ഇതോടെ ഏഷ്യാകപ്പിലും സഞ്ജു കളിച്ചേക്കും എന്ന സൂചനകളാണ് ലഭിക്കുന്നത്. എന്നാൽ വെസ്റ്റിൻഡീസിനെതിരായ പര്യടനം സഞ്ജുവിനെ സംബന്ധിച്ച് വളരെ നിർണായകമാണ്. പര്യടനത്തിലെ മൂന്ന് ഏകദിനങ്ങളിലും മികച്ച പ്രകടനം കാഴ്ചവച്ചാൽ മാത്രമേ സഞ്ജുവിന് ഏഷ്യകപ്പ് ടീമിൽ ഇടംപിടിക്കാൻ സാധിക്കുകയുള്ളൂ. ഇത്തരത്തിൽ ഏഷ്യാകപ്പ് ടീമിൽ ഇടംപിടിക്കാൻ സാധിച്ചാൽ സഞ്ജുവിന് ലോകകപ്പ് കളിക്കാനുള്ള പ്രതീക്ഷകൾ വരും. ഈ സാഹചര്യത്തിൽ വലിയ പ്രതീക്ഷയിലാണ് സഞ്ജു ആരാധകർ.

2023 ഇന്ത്യൻ പ്രീമിയർ ലീഗിനിടെയായിരുന്നു കെ എൽ രാഹുലിന്റെ കാൽത്തുടക്ക് പരിക്കേറ്റത്. പരിക്കുപറ്റിയശേഷം അവശേഷിക്കുന്ന മത്സരങ്ങളിൽ രാഹുൽ കളിച്ചിരുന്നില്ല. ശേഷം ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ നിന്നും രാഹുൽ വിട്ടുനിന്നു. നിലവിൽ സഞ്ജുവിനെ പോലെ തന്നെ ഒരു മധ്യനിര താരമായി ആയിരുന്നു രാഹുൽ ഇന്ത്യൻ ടീമിൽ കളിച്ചിരുന്നത്. 45 റൺസിന് മുകളിൽ രാഹുലിന് ബാറ്റിംഗ് ശരാശരി ഉണ്ടായിരുന്നു. പക്ഷേ തുടർച്ചയായി എത്തുന്ന പരിക്കുകൾ രാഹുലിനെ അലട്ടുന്നു.