ഇന്ത്യയുടെ ശ്രീലങ്കയ്ക്കെതിരായ ആദ്യ ട്വന്റി20 മത്സരത്തിൽ അത്ഭുതം തീർത്ത് ശ്രീലങ്കൻ ബോളർ കമിന്തു മെൻഡിസ്. ക്രിക്കറ്റിൽ കണ്ടിട്ടില്ലാത്ത അപൂർവമായ രീതിയിൽ പന്തറിഞ്ഞാണ് മെൻഡീസ് ശ്രദ്ധ പിടിച്ചു പറ്റിയത്. ഇന്ത്യൻ നിരയിലെ ബാറ്റർമാർക്ക് എതിരെ ഇരുകൈകളും ഉപയോഗിച്ച് ബോൾ ചെയ്താണ് മെൻഡിസ് അത്ഭുതപ്പെടുത്തിയത്.
ഇന്ത്യയുടെ വലംകയ്യൻ ബാറ്റർ സൂര്യകുമാർ യാദവും ഇടങ്കയ്യൻ ബാറ്റർ റിഷഭ് പന്തും ക്രീസിലുണ്ടായിരുന്ന സമയത്താണ് കമിന്തു മെൻഡീസ് ഈ അത്ഭുതപ്രകടനം കാഴ്ചവച്ചത്. സൂര്യകുമാറിനെതിരെ ഇടംകയ്യിലാണ് മെൻഡീസ് പന്തറിഞ്ഞത്. പന്തിനെതിരെ വലംകൈ ഉപയോഗിച്ചും മെൻഡിസ് പന്തറിയുകയുണ്ടായി.
മാത്രമല്ല ഇരുകൈകൾ ഉപയോഗിച്ച് പന്തെറിഞ്ഞപ്പോഴും കൃത്യമായി തന്റെ ലെങ്ത് പാലിക്കാൻ മെൻഡിസിന് സാധിച്ചിട്ടുണ്ട്. ഇത് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിന് വലിയ പ്രതീക്ഷ നൽകുന്ന ഒന്നുതന്നെയാണ്. കൃത്യമായി ലൈനും ലെങ്തും പാലിച്ചാണ് ഇരുകൈകളാലും മെൻഡിസ് പന്തറിഞ്ഞത്. വരും നാളുകളിൽ മെൻഡിസ് ശ്രീലങ്കയ്ക്ക് ഒഴിച്ചു നിർത്താൻ പറ്റാത്ത ബോളറായി മാറും എന്നതിന് ഉദാഹരണമാണ് ലഭിച്ചിരിക്കുന്നത്. മത്സരത്തിൽ ഓരോവർ മാത്രമാണ് മെൻഡീസ് ബോൾ ചെയ്തത്. ഇന്ത്യ ആക്രമണം അഴിച്ചുവിട്ട സമയത്തായിരുന്നു മെൻഡിസിനെ ശ്രീലങ്ക ഉപയോഗിച്ചത്. തന്റെ ഓവറിൽ 9 റൺസ് മാത്രമാണ് മെൻഡിസ് വിട്ടുനൽകിയത്. വിക്കറ്റുകൾ ഒന്നും സ്വന്തമാക്കാൻ മെഡിസിന് സാധിച്ചില്ല.
ഇന്ത്യയുടെ ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്ക ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിംഗിന് അനുകൂലമായ പിച്ചിൽ വളരെ മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് ഓപ്പണർമാർ നൽകിയത്. ഓപ്പണർമാരായ ജയസ്വാളും ഗില്ലും പവർപ്ലേ ഓവറുകളിൽ അടിച്ചുതർത്തതയുടെ ശ്രീലങ്ക പൂർണമായും സമ്മർദ്ദത്തിൽ ആവുകയായിരുന്നു. ജയസ്വാൾ മത്സരത്തിൽ 21 പന്തുകളിൽ 5 ബൗണ്ടറികളും 2 സിക്സറുകളുമടക്കം 60 റൺസാണ് നേടിയത്. ശുഭമാൻ ഗിൽ 16 പന്തുകളിൽ 6 ബൗണ്ടറികളും ഒരു സിക്സറുമടക്കം 34 റൺസ് നേടുകയുണ്ടായി.
ശേഷം ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവും അടിച്ചു തകർത്തു. തന്റേതായ ഷോട്ടുകൾ കൊണ്ട് കളം നിറയാൻ സൂര്യകുമാർ യാദവിന് സാധിച്ചിരുന്നു. 26 പന്തുകളിൽ 8 ബൗണ്ടറികളും 2 സിക്സറുകളുമടക്കം 58 റൺസാണ് സൂര്യകുമാർ യാദവ് സ്വന്തമാക്കിയത്. ഇന്നിംഗ്സിന്റെ മധ്യസമയത്ത് ഒരു ആങ്കറുടെ റോളിലാണ് റിഷഭ് പന്ത് കളിച്ചിരുന്നത്. എന്നാൽ അവസാന ഓവറുകളിൽ വേണ്ട രീതിയിൽ വെടിക്കെട്ട് തീർക്കാൻ പന്തിനും സാധിച്ചു. 33 പന്തുകളിൽ 49 റൺസായിരുന്നു പന്തിന്റെ സമ്പാദ്യം. ഇങ്ങനെ ഇന്ത്യ നിശ്ചിത 20 ഓവറുകളിൽ 213 റൺസ് സ്വന്തമാക്കുകയുണ്ടായി.