2023 ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസ് ടീമിന് വേണ്ടി അത്ഭുതകരമായ പ്രകടനങ്ങൾ പുറത്തെടുത്ത ക്രിക്കറ്ററാണ് ധ്രുവ് ജൂറൽ. 2023 ഐപിഎല്ലിൽ രാജസ്ഥാന് വേണ്ടി 13 മത്സരങ്ങളിൽ ധ്രുവ് ജൂറൽ കളിക്കുകയുണ്ടായി. ഇതിൽനിന്ന് 152 റൺസാണ് ജൂറൽ നേടിയത്. ഒരു മധ്യനിര ബാറ്റർ എന്ന നിലക്ക് 172 ആയിരുന്നു ജുറാലിന്റെ സ്ട്രൈക്ക് റേറ്റ്. ടൂർണമെന്റിലുടനീളം രാജസ്ഥാൻ റോയൽസിനായി മികച്ച ഫിനിഷുകൾ ജൂറൽ നടത്തിയിരുന്നു. മുൻപ് ഇന്ത്യയുടെ അണ്ടർ 19 ക്യാപ്റ്റനായയും ജുറൽ കളിച്ചിട്ടുണ്ട്. സഞ്ജു സാംസനെ പോലെ ഒരു കീപ്പർ ബാറ്റർ രാജസ്ഥാൻ ടീമിന്റ നായകനായതിന്റെ ഗുണത്തെപ്പറ്റി ജൂറൽ സംസാരിക്കുകയുണ്ടായി.
ഒരു വിക്കറ്റ് കീപ്പർ, നായക നാകുമ്പോൾ അത് ടീമിന് കൂടുതൽ മെച്ചമാകും എന്നാണ് ജൂറൽ പറയുന്നത്. വിക്കറ്റിന്റെ പിന്നിൽ മധ്യഭാഗത്തായിയാണ് വിക്കറ്റ് കീപ്പർമാർ നിൽക്കാറുള്ളതെന്നും, അവിടെ നിന്നുകൊണ്ട് മത്സരത്തെ പൂർണ്ണമായും നിയന്ത്രിക്കാൻ സാധിക്കുമെന്നും ജൂറൽ പറയുന്നു. ഇതോടൊപ്പം തന്റെയും ആഗ്രഹം ഇത്തരത്തിൽ വിക്കറ്റ് കീപ്പ് ചെയ്യുക എന്നതാണെന്നും ജൂറൽ പറയുകയുണ്ടായി. അങ്ങനെയെങ്കിൽ ടീമിന്റെ നിയന്ത്രണം പൂർണമായും നമ്മുടെ കയ്യിൽ വരും എന്നാണ് ജൂറലിന്റെ പക്ഷം.
“ഇന്ത്യൻ അണ്ടർ 19 ടീമിന്റെ നായകനായിരുന്നു ഞാൻ. ക്യാപ്റ്റനായി കളിച്ച നല്ല അനുഭവങ്ങൾ എനിക്കുണ്ട്. ഒരു താരം കീപ്പറായി കളിക്കുമ്പോൾ ക്യാപ്റ്റൻസി നിയന്ത്രിക്കാൻ കൂടുതൽ എളുപ്പമാണ്. കാരണം കീപ്പർ നിൽക്കുന്നത് വിക്കറ്റിന്റെ മധ്യഭാഗത്താണ്. കീപ്പർക്ക് മത്സരത്തെ പൂർണമായും സ്വാധീനിക്കാനും നിയന്ത്രിക്കാനും സാധിക്കും. ഒപ്പം മത്സരം അതിവേഗത്തിൽ മനസ്സിലാക്കാനും സാധിക്കും. നിലവിൽ സഞ്ജു സാംസനാണ് രാജസ്ഥാന്റെ വിക്കറ്റ് കീപ്പർ. പക്ഷേ സഞ്ജുവിനെപ്പോലെ കീപ്പിംഗ് ചെയ്യാൻ ഞാനും ആഗ്രഹിക്കുന്നു. എന്നിരുന്നാലും എനിക്ക് ഇതുവരെ അവസരം ലഭിച്ചിട്ടില്ല. പക്ഷേ ഫീൽഡിങ്ങിൽ അവസരം കിട്ടിയതിൽ ഞാൻ സന്തോഷവാനാണ്.”- ജൂറൽ പറഞ്ഞു.
രാജസ്ഥാനെ സംബന്ധിച്ച് 2023 ഐപിഎല്ലിലെ ഒരു സർപ്രൈസ് പാകേജ് തന്നെയായിരുന്നു ധ്രുവ് ജൂറൽ. ഹെറ്റ്മേയറിനൊപ്പം ചേർന്ന് പല മത്സരങ്ങളിലും മികച്ച ഫിനിഷുകൾ നടത്താൻ ജുറാലിന് സാധിച്ചിരുന്നു. എന്നാൽ ടീമിൽ ഒന്നിലധികം വിക്കറ്റ് കീപ്പർമാർ ഉള്ളതിനാൽ ടീമിനായി കീപ്പിങ് ചെയ്യാൻ ജുറാലിന് സാധിച്ചില്ല. വരുന്ന ആഭ്യന്തര മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ച വയ്ക്കാനുള്ള തയാറെടുപ്പിലാണ് ജൂറൽ.