ടെസ്റ്റ് ക്രിക്കറ്റിൽ കഴിഞ്ഞ സമയങ്ങളിൽ ഇന്ത്യക്കായി വലിയ ഇമ്പാക്ട് ഉണ്ടാക്കിയിട്ടുള്ള കീപ്പറാണ് ഋഷഭ് പന്ത്. എന്നാൽ കഴിഞ്ഞ ഒരു വർഷമായി പരിക്കുമൂലം പന്തിന് ഇന്ത്യൻ ടീമിൽ കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ ഇന്ത്യ കെഎസ് ഭരത് അടക്കമുള്ള മറ്റു താരങ്ങളെ ടെസ്റ്റ് ഫോർമാറ്റിൽ വിക്കറ്റ് കീപ്പർമാരായി നിയോഗിക്കുകയുണ്ടായി.
എന്നാൽ ഭരതിൽ നിന്നും മികച്ച പ്രകടനങ്ങൾ ഉണ്ടാവാത്ത സാഹചര്യത്തിലാണ് ഇപ്പോൾ ഇന്ത്യ ജൂറലിനെ കീപ്പറായി ഇംഗ്ലണ്ടിനെതിരെ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ പന്ത് തിരികെ വരുന്നതോടു കൂടി ജൂറലിന്റെ ഇന്ത്യൻ ടീമിലെ സ്ഥാനം നഷ്ടമാകുമോ എന്ന ചോദ്യം നിലനിൽക്കുന്നു. ഈ ചോദ്യത്തിന് ഉത്തരം നൽകി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഓസ്ട്രേലിയൻ സ്പിന്നർ ബ്രാഡ് ഹോഗ്.
പന്ത് തന്റെ പൂർണ്ണമായ ഫിറ്റ്നസ് വീണ്ടെടുത്താലും, ഇന്ത്യ ജൂറലിനെ തന്നെ ടീമിൽ വിക്കറ്റ് കീപ്പറായി ഉൾപ്പെടുത്തേണ്ടതുണ്ട് എന്ന് ഹോഗ് പറയുന്നു. മാത്രമല്ല ഇത്ര ധൃതി കാട്ടി പന്തിനെ ടെസ്റ്റ് ടീമിലേക്ക് ഉൾപ്പെടുത്താൻ ഇന്ത്യ തയ്യാറാവരുത് എന്നും ഹോഗ് ഓർമ്മിപ്പിക്കുന്നു. ആഭ്യന്തര ക്രിക്കറ്റിലും മറ്റും ആവശ്യമായ സമയം നൽകി അവനെ ടെസ്റ്റ് ക്രിക്കറ്റ് ടീമിലേക്ക് തിരികെയെത്തിക്കണം എന്നാണ് ഹോഗിന്റെ അഭിപ്രായം.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇതുവരെ വളരെ മികച്ച പ്രകടനമാണ് ജൂറൽ പുറത്തെടുത്തിരിക്കുന്നത്. പരമ്പരയിലെ നാലാമത്തെ മത്സരത്തിലെ താരമായി ജൂറൽ മാറുകയുണ്ടായി. ഇതിന് പിന്നാലെയാണ് തന്റെ അഭിപ്രായം പ്രകടിപ്പിച്ച് ഹോഗ് രംഗത്ത് എത്തിയത്.
“എന്റെ അഭിപ്രായത്തിൽ ഇന്ത്യ ജുറലിനെ തന്നെ ടീമിൽ ഉൾപ്പെടുത്തണം. ഇത്ര പെട്ടെന്ന് തന്നെ പന്തിലേക്ക് പോകേണ്ട ആവശ്യമില്ല. അതേസമയം പന്തിന് കൂടുതൽ സമയം നൽകുകയും, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ കൂടുതൽ ടെസ്റ്റ് മത്സരങ്ങൾ കളിക്കാനുള്ള അവസരം നൽകുകയും ചെയ്യണം.”
” ഇത്തരത്തിൽ അവന്റെ ശരീരം ടെസ്റ്റ് ക്രിക്കറ്റിനോട് യോജിച്ചു എന്ന് ഉറപ്പുവരുത്തിയിട്ട് വേണം ടീമിലേക്ക് ക്ഷണിക്കാൻ. എന്നാൽ ബാറ്റിംഗിന്റെ കാര്യമെടുത്താൽ അപകടത്തിന് മുൻപുള്ള അതേ കഴിവുകൾ പന്തിന് ഇപ്പോഴുമുണ്ട് എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്.”- തന്റെ യൂട്യൂബ് ചാനലിൽ ഹോഗ് പറഞ്ഞു.
“എന്നിരുന്നാലും പന്ത് ഉടനെ തന്നെ ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരികെയെത്തും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. പക്ഷേ തിരക്ക് കൂട്ടി അവനെ ടീമിലേക്ക് ഉൾപ്പെടുത്തുന്നത് വലിയ റിസ്ക് തന്നെ സമ്മാനിക്കും.”- ഹോഗ് കൂട്ടിച്ചേർത്തു.
2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസ് ടീമിന്റെ നായകനായി പന്ത് ക്രിക്കറ്റിലേക്ക് തിരികെ വരും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മുൻപ് ഇന്ത്യക്കായി വളരെ മികച്ച പ്രകടനങ്ങൾ ടെസ്റ്റ് മത്സരങ്ങളിൽ കാഴ്ചവച്ച താരമാണ് പന്ത്. ഇന്ത്യക്ക് പുറത്ത് വലിയ റെക്കോർഡ് തന്നെയാണ് പന്തിന് ടെസ്റ്റ് മത്സരങ്ങളിൽ ഉള്ളത്.