ആദ്യം ബാറ്റിംഗ് പിന്നെ ബോളിംഗിലും ഫീല്‍ഡിങ്ങിലും. തകര്‍പ്പന്‍ പ്രകടനവുമായി സജന

SAJANA CATCH

വനിത ഐപിഎല്ലില്‍ തകര്‍പ്പന്‍ ഓള്‍റൗണ്ട് പ്രകടനവുമായി മലയാളി താരം സജന സജീവന്‍. യുപി വാരിയേഴ്സിനെതിരെയുള്ള പോരാട്ടത്തിലാണ് മൂന്നു മേഖലയിലും സജന തിളങ്ങിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് 6 വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സാണെടുത്തത്.

14 പന്തില്‍ 4 ഫോര്‍ സഹിതം 22 റണ്‍സ് നേടി സജന പുറത്താകതെ നിന്നു. ആറാം വിക്കറ്റില്‍ അമേലിയ കെറിനൊപ്പം 26 പന്തില്‍ 43 റണ്‍സിന്‍റെ കൂട്ടുകെട്ടും സ്ഥാപിച്ചു.

മറുപടി ബാറ്റിംഗിനിറങ്ങിയ യു.പി വാരിയേഴ്സിനു നിശ്ചിത 20 ഓവറില്‍ 118 റണ്‍സില്‍ എത്താനാണ് സാധിച്ചത്. 42 റണ്‍സിന്‍റെ വിജയം മുംബൈ നേടുമ്പോള്‍ ഫീല്‍ഡിലും ബോളിംഗിലും സജന സംഭാവന നല്‍കി.

3 ക്യാച്ചുകളാണ് സജന ഇന്ന് നേടിയത്. അതില്‍ ഒന്ന് മനോഹരമായ ഡൈവിംഗ് ക്യാച്ചായിരുന്നു. സോഫി എക്ലിസ്റ്റോണെ പുറത്താക്കാന്‍ സജന എടുത്ത ക്യാച്ച്, സീസണിലെ ഏറ്റവും നല്ല ക്യാച്ചുകളില്‍ ഒന്നാണ്.

ബോളിംഗില്‍ ആവട്ടെ അവസാന ഓവര്‍ എറിഞ്ഞ സജന 12 റണ്‍ വഴങ്ങി 1 വിക്കറ്റും സ്വന്തമാക്കി. സൈമ താക്കോറിനെയാണ് ഇരയാക്കിയത്.

See also  ബാറ്റിംഗോ ബൗളിംഗോ ? ഏതാണ് രാജസ്ഥാന്‍ റോയല്‍സിന്‍റെ ശക്തി ? റേറ്റിങ്ങുമായി സഞ്ചു സാംസണ്‍.

ഒരു സ്വപ്ന സീസണാണ് മലയാളി താരം സജനക്ക് നടന്നുകൊണ്ടിരിക്കുന്നത്. ആദ്യ മത്സരത്തില്‍ സിക്സടിച്ച് തുടങ്ങിയ സജന, നിരന്തരമായ പ്രകടനങ്ങളിലൂടെ ശ്രദ്ധ നേടികൊണ്ടിരിക്കുകയാണ്.

Scroll to Top