ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നു മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് വിജയം. ഇന്ത്യ ഉയര്‍ത്തിയ 199 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 148 ല്‍ എല്ലാവരും പുറത്തായി. 50 റണ്‍സിന്‍റെ വമ്പന്‍ വിജയമാണ് ഇന്ത്യ നേടിയത്. ബാറ്റുകൊണ്ടും ബോളുകൊണ്ടും ഇന്ത്യന്‍ താരങ്ങള്‍ തിളങ്ങിയപ്പോള്‍ ഒരു ഘട്ടത്തിലും ഭീക്ഷണി ഉയര്‍ത്താന്‍ ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ക്കായില്ലാ.
6.1 ഓവറില്‍ 33 ന് 4 എന്ന നിലയിലേക്കാണ് ഇംഗ്ലണ്ട് വീണത്. അതിനു പ്രധാന കാരണമായത് ഭുവനേശ്വര്‍ കുമാറും, അര്‍ഷദീപ് സിങ്ങും, ഹാര്‍ദ്ദിക്ക് പാണ്ട്യയെറിഞ്ഞ ആദ്യ ഓവറുകളാണ്. ആദ്യ ഓവറില്‍ ഔട്ട് സ്വിങ്ങ് – ഇന്‍സ്വിങ്ങ് ബോളുകളുമായി ഭുവനേശ്വര്‍ കുമാര്‍ ഇംഗ്ലണ്ട് ഓപ്പണര്‍മാരെ കുഴപ്പിച്ചു. ഔട്ട്സ്വിങ്ങ് പ്രതീക്ഷിച്ച് നിന്ന ജോസ് ബട്ട്ലറെ ഇന്‍സ്വിങ്ങില്‍ കുറ്റി തെറിപ്പിച്ചാണ് ഭുവനേശ്വര്‍ കുമാര്‍, ഇന്ത്യക്ക് മികച്ച തുടക്കം നല്‍കിയത്.
ജോസ് ബട്ട്ലറിനു ഫുള്‍ ടൈം ക്യാപ്റ്റന്‍സി ലഭിച്ചതിനു ശേഷമുള്ള ആദ്യ ടി20 മത്സരം കൂടിയായിരുന്നു ഇത്. എന്നാല്‍ ഭുവനേശ്വര്‍ കുമാറിന്‍റെ മാജിക്ക് ബോള്‍ ദയനീയ തുടക്കമാണ് നല്‍കിയത്. മത്സരത്തില്‍ ഭുവനേശ്വര്‍ കുമാറിനെ പറ്റിയും ഇംഗ്ലണ്ട് ക്യാപ്റ്റന്‍ പറഞ്ഞു. ടി20 യില്‍ ഇങ്ങനെ ഒരു ബോള്‍ സ്വിങ്ങ് ചെയ്തത് ഓര്‍മ്മയില്ലാ എന്നാണ് ബട്ട്ലര്‍ പറഞ്ഞത്.
” അവർ ന്യൂ ബോളില്‍ നന്നായി ബൗൾ ചെയ്യുകയും ഞങ്ങളെ സമ്മർദ്ദത്തിലാക്കുകയും ചെയ്തു. ഞങ്ങൾക്ക് ആ ഘട്ടത്തിൽ നിന്ന് രക്ഷപ്പെടാൻ കഴിഞ്ഞില്ല, അവർ പന്ത് സ്ഥിരമായി സ്വിംഗ് ചെയ്തു. ഭുവനേശ്വർ കുമാറിന് ഏത് സാഹചര്യത്തിലും സ്വിംഗ് ചെയ്യാം. ഒരു ടി20 മത്സരത്തില്‍ ഇത്രയും സ്വിങ് ചെയ്ത പന്ത് എന്‍റെ ഓര്‍മ്മയില്‍ ഇല്ലാ. ഒരു സിക്സടിച്ച് സ്വിങ്ങ് ആദ്യമേ തന്നെ നിര്‍ത്തണമായിരുന്നു. ” മത്സര ശേഷം ജോസ് ബട്ട്ലര്‍ പറഞ്ഞു.