ഇത് ബട്ലർ അല്ല, ഡക്ക്ലർ. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മോശം റെക്കോർഡ് പേരിൽ ചേർത്തു.

പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിലെ മോശം പ്രകടനത്തിനുശേഷം നാണക്കേടിന്റെ റെക്കോർഡ് പേരിൽ ചേർത്ത് രാജസ്ഥാന്റെ സ്റ്റാർ ഓപ്പണർ ജോസ് ബട്ലർ. നിർണായകമായ മത്സരത്തിൽ പൂജ്യനായി പുറത്തായാണ് ബട്ലർ നാണക്കേടിന്റെ കൊടുമുടിയിൽ എത്തിയത്. പഞ്ചാബിനെരായ മത്സരത്തിലും പൂജ്യത്തിനു പുറത്തായതോടെ ഒരു സീസണിൽ ഏറ്റവുമധികം തവണ ഡക്കായി പുറത്താവുന്ന താരം എന്ന റെക്കോർഡാണ് ബട്ലർ ഇപ്പോൾ പേരിൽ ചേർത്തിരിക്കുന്നത്. ഈ സീസണിൽ ഇത് അഞ്ചാമത്തെ തവണയാണ് ജോസ് ബട്ലർ പൂജ്യനായി മടങ്ങുന്നത്. ഇതിനുമുമ്പ് മറ്റൊരു കളിക്കാരനും ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഒരു സീസണിൽ അഞ്ചു തവണ പൂജ്യനായിട്ടില്ല.

കഴിഞ്ഞ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെയും പൂജ്യനായി തന്നെയായിരുന്നു ജോസ് ബട്ലർ പുറത്തായത്. ഇതോടെ ഏറ്റവുമധികം തവണ പൂജ്യനായി പുറത്താവുന്നവരുടെ ലിസ്റ്റിൽ ജോസ് ബട്ലറും ഉൾപ്പെട്ടിരുന്നു. മുൻപ് ഹെർഷൽ ഗിബ്സ്, മിഥുൻ മൻഹാസ് എന്നിവരാണ് നാലുതവണ സീസണിൽ പൂജ്യനായി പുറത്തായിരുന്നത്. എന്നാൽ അവസാന ലീഗ് മത്സരത്തിൽ വീണ്ടും ബട്ലർ പൂജ്യനായി മടങ്ങി. ഇതോടെ മറ്റാർക്കുമില്ലാത്ത റെക്കോർഡ് പേരിൽ ചേർത്തിരിക്കുകയാണ് ബട്ലർ. ഈ സീസണിൽ ബാംഗ്ലൂർ, ഗുജറാത്ത്, കൊൽക്കത്ത എന്നിവർക്കെതിരെയാണ് ബട്ലർ പൂജ്യനായി മടങ്ങിയത്.

2023 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ സീസണിൽ മികച്ച തുടക്കം തന്നെയായിരുന്നു ബട്ലറിന് ലഭിച്ചത്. എന്നാൽ സീസണിന്റെ മധ്യഭാഗത്ത് വച്ച് കാര്യങ്ങൾ പിഴച്ചു. യാതൊരു തരത്തിലും സ്ഥിരത കണ്ടെത്താൻ സാധിക്കാതെ വന്ന ബട്ലറിനെയാണ് പിന്നീട് കാണാൻ സാധിച്ചത്. പഞ്ചാബിനെതരായ മത്സരത്തിൽ കേവലം നാലു പന്തുകൾ മാത്രമാണ് ബട്ലർ നേരിട്ടത്. റബാടയുടെ ഒരു ഉഗ്രൻ പന്തിൽ ബട്ലർ വിക്കറ്റിനു മുൻപിൽ കുടുങ്ങുകയായിരുന്നു. ശേഷം ഒരു റിവ്യൂവിന് പോലും ബട്ലർ ശ്രമിച്ചില്ല.

എന്തായാലും രാജസ്ഥാനെ സംബന്ധിച്ച് നിരാശപ്പെടുത്തുന്ന ഒരു പ്രകടനം തന്നെയാണ് ബട്ലറുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. പക്ഷേ മത്സരത്തിൽ നാല് വിക്കറ്റുകൾക്ക് വിജയം നേടാൻ സാധിച്ചത് രാജസ്ഥാന് ആശ്വാസമായിട്ടുണ്ട്. ഈ വിജയത്തോടെ തങ്ങളുടെ പ്ലേയോഫ് പ്രതീക്ഷകൾ നിലനിർത്താനും രാജസ്ഥാൻ റോയൽസിന് സാധിച്ചു. ഇനി വരാനിരിക്കുന്ന രണ്ടു മത്സരങ്ങളിലെ ഫലങ്ങൾ രാജസ്ഥാന്റെ പ്ലേയോഫ് സ്ഥാനത്തെ വളരെയധികം ആശ്രയിച്ചിരിക്കുന്നു.