ജോസേട്ടന്‍റെ ❛അഴിഞ്ഞാട്ടം❜ ; സീസണിലെ നാലാം സെഞ്ചുറിയുമായി രാജസ്ഥാനെ ഫൈനലില്‍ എത്തിച്ചു

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ രണ്ടാം ക്വാളിഫയറില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ തോല്‍പ്പിച്ചു രാജസ്ഥാന്‍ റോയല്‍സ് ഫൈനലില്‍ കടന്നു. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഉയര്‍ത്തിയ 158 റണ്‍സ് വിജയലക്ഷ്യം അനായാസം രാജസ്ഥാന്‍ റോയല്‍സ് മറികടന്നു. സെഞ്ചുറി നേടിയ ജോസ് ബട്ട്ലറിന്‍റെ കരുത്തില്‍ 18.1 ഓവറിലാണ് രാജസ്ഥാന്‍ റോയല്‍സിന്‍റെ വിജയം. ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സാണ് സഞ്ചുവിന്‍റെയും ടീമിന്‍റെയും എതിരാളികള്‍.

വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ റോയല്‍സിനു മികച്ച തുടക്കമാണ് ലഭിച്ചത്. പവര്‍പ്ലേയില്‍ 67 റണ്‍സാണ് ജയ്സ്വാളും ബട്ട്ലറും ചേര്‍ന്ന് അടിച്ചെടുത്തത്. ജയ്സ്വാള്‍ (21) പുറത്തായെങ്കിലും ബട്ട്ലര്‍ അടി നിര്‍ത്തിയില്ലാ. പിന്നീട് സഞ്ചു സാംസണ്‍ പോയതോടെ ഇന്നിംഗ്സ് സ്ലോ ആക്കിയ താരം സിക്സടിച്ച് ഫിനിഷ് ചെയ്ത് രാജസ്ഥാന്‍ റോയല്‍സിനെ ഫൈനലില്‍ എത്തിച്ചാണ് ക്രീസ് വിട്ടത്.

caa740ab 40d2 48d2 abac 376b977cdd64

സീസണിലെ നാലാമത്തെ സെഞ്ചുറിയാണ് ബട്ട്ലര്‍ നേടിയത്. 60 പന്തില്‍ 10 ഫോറും 6 സിക്സുമടക്കം 106 റണ്‍സാണ് ബട്ട്ലര്‍ നേടിയത്. 824 റണ്‍സുമായി ജോസ് ബട്ട്ലറാണ് ഓറഞ്ച് ക്യാപ്പ് ധരിച്ചിരിക്കുന്നത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂരിനെ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ പ്രസീദ് കൃഷ്ണയും ഓബഡ് മക്കോയുമാണ് കുറഞ്ഞ സ്കോറിൽ ഒതുക്കിയത്. 42 പന്തിൽ 58 റൺസ് നേടിയ രജത് പതിദാർ മാത്രമാണ് ആർ സീ ബി നിരയിൽ തിളങ്ങിയത്