ഇന്ത്യ :ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര അത്യന്തം ആവേശപൂർവ്വമാണ് പുരോഗമിക്കുന്നത്. നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ചരിത്രജയം നേടി വിരാട് കോഹ്ലിയും സംഘവും ഈ ടെസ്റ്റ് പരമ്പരയിൽ അധിപത്യം ഉറപ്പിച്ചപ്പോൾ അഞ്ചാം ടെസ്റ്റിൽ മറ്റൊരു ജയമാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമും ആരാധകരും എല്ലാം പ്രതീക്ഷിക്കുന്നത്. നേരത്തെ ലോർഡ്‌സ് ടെസ്റ്റിൽ ഐതിഹാസിക ജയം കരസ്ഥമാക്കിയ ഇന്ത്യൻ ടീമിന് പക്ഷേ ലീഡ്സിൽ കാലിടറിയത് എല്ലാ ക്രിക്കറ്റ് ആരാധകരെയും ഞെട്ടിച്ചിരുന്നു.ഓവൽ ടെസ്റ്റിൽ ഇങ്ങനെ ഒരു തോൽവി പക്ഷേ ജോ റൂട്ടും ടീമും ആഗ്രഹിച്ചിരുന്നില്ല. ഒന്നാം ഇന്നിങ്സിൽ 99 റൺസിന്റെ വമ്പൻ ലീഡ് വഴങ്ങിയിട്ടും വളരെ മനോഹര ബാറ്റിങ് പ്രകടനത്താൽ ഇന്ത്യൻ ടീം ശക്തമായ തിരിച്ചടിയാണ് ഓവൽ ടെസ്റ്റ് മത്സരത്തിൽ നൽകിയത്
എന്നാൽ ഓവൽ ടെസ്റ്റിലെ തോൽവി ഇംഗ്ലണ്ട് ക്യാംപിൽ രൂക്ഷമായ പ്രശ്നം സൃഷ്ടിക്കുകയാണ്. ഓവലിൽ 50 വർഷം ശേഷമാണ് ഇംഗ്ലണ്ട് ടീം ഇന്ത്യയോട് ഒരു തോൽവി വഴങ്ങുന്നതും.ടീമിന്റെ ഈ ഒരു തോൽവി എന്റെയും പരാജയമാണ് എന്നും അഭിപ്രായപ്പെട്ട നായകൻ ജോ റൂട്ട് വരാനിരിക്കുന്ന അവസാന ടെസ്റ്റിൽ ജയം നേടാമെന്നുള്ള ആത്മവിശ്വാസം തുറന്ന് പറഞ്ഞു. ഇംഗ്ലണ്ട് ടീമിന് ഇന്ത്യൻ ബാറ്റിങ് നിരയെ രണ്ടാം ഇന്നിങ്സിൽ തളക്കാൻ കഴിഞ്ഞില്ല എന്നും റൂട്ട് സമ്മതിച്ചു.
അതേസമയം വരുന്ന അഞ്ചാം ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിന് മുൻപായി സർപ്രൈസ് താരങ്ങളെ ടീമിലേക്ക് എത്തിക്കാനുള്ള പ്ലാനിലാണ് ഇംഗ്ലണ്ട് ടീം മാനേജ്മെന്റ്. ഇതിന്റെ കൂടി ഭാഗമായി നേരത്തെ നാലാം ടെസ്റ്റ് മത്സരം കളിക്കാതിരുന്ന വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ജോസ് ബട്ട്ലർക്ക് അഞ്ചാം ടെസ്റ്റിൽ അവസരം ലഭിക്കും എന്നും റിപ്പോർട്ടുകളുണ്ട്. കൂടാതെ സ്പിന്നർ ജാക്ക് ലീച്ചും അവസാന ടെസ്റ്റ് കളിക്കും എന്നാണ് സൂചനകൾ. സ്പിൻ ബൗളിങ്ങിനെ തുണക്കുന്ന അവസാന ടെസ്റ്റ് മത്സരത്തിലെ പിച്ചിൽ ലീച്ചിനെ കൂടി കളിപ്പിക്കുന്നത് ഇന്ത്യൻ ബാറ്റിങ് നിരക്ക് ഭീക്ഷണിയായി മാറുമെന്നാണ് ക്രിക്കറ്റ് നിരീക്ഷകർ വിലയിരുത്തുന്നത്. ജോസ് ബട്ട്ലർ, ജാക്ക് ലീച്ച് എന്നിവർ കൂടി വരുന്നതോടെ ഇംഗ്ലണ്ട് ടീം ശക്തമായി മാറും എന്നാണ് ആരാധകർ പറയുന്നത്