ലോക ക്രിക്കറ്റിലെ ഇതിഹാസ താരമാണ് സച്ചിൻ ടെണ്ടുൽക്കർ. ക്രിക്കറ്റിലെ ബാറ്റിംഗിൽ സച്ചിനെ തേടിയെത്താത്ത വളരെ അപൂർവ്വം ചില റെക്കോർഡുകൾ മാത്രമാണ് ഉള്ളത്. ക്രിക്കറ്റ് ചരിത്രത്തിൽ പല താരങ്ങളെയും ഇതിഹാസം എന്ന പേര് ഉൾപ്പെടുത്തി വിളിച്ചിട്ടുണ്ടെങ്കിൽ ക്രിക്കറ്റിലെ ദൈവം എന്ന പദവി ലഭിച്ചിട്ടുള്ളത് സച്ചിന് മാത്രമാണ്. സച്ചിൻ തൻറെ ആയകാലത്ത് നേടിയെടുത്ത പല റെക്കോർഡുകളും ഇപ്പോൾ ആധുനിക ക്രിക്കറ്റിലെ പല വമ്പൻ താരങ്ങളും മാറ്റി കുറിച്ച് കൊണ്ടിരിക്കുകയാണ്.
ഏറ്റവും ഒടുവിൽ സച്ചിൻ്റെ റെക്കോർഡ് തകർത്തത് വിരാട് കോഹ്ലിയാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഏകദിന സെഞ്ച്വറി നേടിയ സച്ചിൻ്റെ റെക്കോർഡ് ആണ് കോഹ്ലി തൻ്റെ പേരിലേക്ക് മാറ്റിയത്. സച്ചിൻ്റെ പല റെക്കോർഡുകളും മാറ്റിക്കുറിച്ച കോഹ്ലി ഒരു പക്ഷേ ഏകദിനത്തിലെ ഏറ്റവും കൂടുതൽ സെഞ്ച്വറി എന്ന സച്ചിൻ്റെ ആ നാഴികക്കല്ലും തൻ്റെ പേരിലേക്ക് മാറ്റുവാൻ സാധ്യത വളരെയധികം കൂടുതലാണ്. അതുകൊണ്ടുതന്നെ കോഹ്ലിയെ സച്ചിനുമായി താരതമ്യം ചെയ്യുന്നവർ വളരെയധികം കൂടുതലാണ്.
ഇപ്പോഴിതാ ഈ വിഷയത്തിൽ അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇംഗ്ലണ്ട് സൂപ്പർ താരം ജോ റൂട്ട്. സൂപ്പർ താരങ്ങൾ പലരും ഉണ്ടെങ്കിലും സച്ചിനോടൊപ്പം വളരാൻ ആർക്കും ആകില്ല എന്നാണ് ഇംഗ്ലണ്ട് താരം പറഞ്ഞത്. “നന്നായി കളിക്കുന്ന താരങ്ങളെ ഇന്നത്തെ കാലത്ത് കാണാനാകും. എന്നാൽ കരിയറിൽ സച്ചിൻ നേടിയത് എന്താണെന്ന് നോക്കുക. അത് നേടിയെടുക്കുക എന്നത് പ്രയാസമാണ്. വളരെ ചെറുപ്പത്തിലെ ഇന്ത്യയ്ക്കു വേണ്ടി കളിക്കാനും വലിയ പ്രകടനങ്ങളോടെ വലിയ കരിയർ സൃഷ്ടിക്കാനും സച്ചിന് സാധിച്ചു. 20 വർഷം ടീമിന്റെ ഭാരത്തെ ചുമക്കാൻ അദ്ദേഹത്തിന് സാധിച്ചു.
അത് വളരെ മഹത്തായ കാര്യമാണ്. സച്ചിനോളം ആരാധകരെ സ്വാധീനിച്ച മറ്റൊരു താരവും ഇന്ത്യൻ ക്രിക്കറ്റിൽ ഇല്ല എന്ന് പറയാം. നിലവിലെ പല ക്രിക്കറ്റ് താരങ്ങളും സച്ചിൻ്റെ കടുത്ത ആരാധകരാണ്. ഇന്ത്യക്ക് വേണ്ടി ഞാൻ ജനിക്കുന്നതിനു മുൻപ് അരങ്ങേറിയ സച്ചിൻ എൻ്റെ അരങ്ങേറ്റ മത്സരത്തിലും ഇന്ത്യൻ ടീമിൽ ഉണ്ടായിരുന്നു. ഇന്ത്യൻ ക്രിക്കറ്റിന് അദ്ദേഹം എന്തായിരുന്നു എന്ന് ഇതിൽ നിന്ന് തന്നെ വ്യക്തമാകും. ഒരു കായിക ഇനത്തിലും എളുപ്പമല്ലാത്ത കാര്യമാണ് അത്.
എന്ത് അനായാസമായാണ് കളിക്കുന്നത് എന്ന് ചെറുപ്പത്തിൽ സച്ചിൻ്റെ കളി കാണുമ്പോൾ തോന്നുമായിരുന്നു. ഇന്ത്യൻ ക്രിക്കറ്റിന് മാത്രമല്ല ലോക ക്രിക്കറ്റിനും മഹത്തായ സംഭാവന നൽകിയ താരമാണ് സച്ചിൻ. ബാല്യം മുതൽ ആരാധന തോന്നിയ താരങ്ങളിൽ ഒരാളായിരുന്നു അദ്ദേഹം.”- റൂട്ട് പറഞ്ഞു.