ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ എല്ലാം തന്നെ ടി :20 ലോകകപ്പിൽ സൂപ്പർ 12 റൗണ്ട് മത്സരങ്ങൾ പുരോഗമിക്കുമ്പോൾ വളരെ ഏറെ സമ്മർദ്ദത്തിലാണ്. കിവീസ്, പാകിസ്ഥാൻ ടീമുകൾക്ക് മുൻപിൽ വമ്പൻ തോൽവി വഴങ്ങിയ വിരാട് കോഹ്ലിക്കും ടീമിനും ഇന്ന് നടക്കുന്ന സ്കോട്ലാൻഡ് എതിരായ മത്സരവും പ്രധാനമാണ്. ഈ ടി :20 ലോകകപ്പിൽ ആദ്യമായി ടോസ് നേടിയ നായകൻ വിരാട് കോഹ്ലി ബൗളിംഗ് തിരഞ്ഞെടുത്തപ്പോൾ ബൗളർമാർ പുറത്തെടുത്തത് ഗംഭീര പ്രകടനം. ബുംറയുടെ നേതൃത്വത്തിൽ ഇന്ത്യ ബൗളർമാർ എല്ലാം മികവിലേക്ക് ഉയർന്നപ്പോൾ സ്കോട്ലാൻഡ് ടീമിന്റെ സ്കോർ വെറും 85 റൺസിൽ തന്നെ അവസാനിച്ചു.17.4 ഓവറിൽ അവരുടെ സ്കോർ 10 വിക്കറ്റ് നഷ്ടത്തിൽ 85 റൺസിൽ ഒതുങ്ങിയപ്പോൾ പഴയ ബൗളിംഗ് മികവിലേക്ക് എത്തുകയാണ് ഇന്ത്യൻ ബൗളർമാർ.
മത്സരത്തിലെ ആദ്യത്തെ ഓവർ മുതൽ മനോഹര ബൗളിംഗ് പ്രകടനം കാഴ്ചവെച്ച ഇന്ത്യൻ ടീം സ്കോട്ലാൻഡ് ബാറ്റിങ് നിരയെ എറിഞ്ഞോതുക്കി. മുഹമ്മദ് ഷമി മൂന്ന് വിക്കറ്റും ബുംറ രണ്ടും രവീന്ദ്ര ജഡേജ മൂന്നും അശ്വിൻ ഒരു വിക്കറ്റും വീഴ്ത്തി. മത്സരത്തിൽ രണ്ട് വിക്കറ്റുകൾ വീഴ്ത്തിയ ജസ്‌പ്രീത് ബുംറ അപൂർവ്വ റെക്കോർഡ് കൂടി കരസ്ഥമാക്കി.ടി :20 അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും അധികം വിക്കറ്റ് വീഴ്ത്തിയ ഇന്ത്യൻ ടീം ബൗളറായി ബുംറ ഇന്നത്തെ ബൗളിംഗ് പ്രകടനത്തോടെ മാറി.53 ടി:20കളിൽ നിന്നും 64 വിക്കറ്റുകളാണ് അന്താരാഷ്ട്ര ടി :20 കരിയറിൽ ബുംറ നേടിയത്.
ഇന്ത്യൻ ടീം ലെഗ് സ്പിന്നർ യൂസ്വേന്ദ്ര ചാഹലിനെയാണ് ബുംറ ഈ നേട്ടത്തിൽ മറികടന്നത്.49 മത്സരങ്ങളിൽ നിന്നും 63 വിക്കറ്റുകളാണ് ചാഹൽ നേടിയത്.ഈ ടി :20 ലോകകപ്പിൽ വളരെ പ്രതീക്ഷകൾ നൽകിയ ബുംറ തന്റെ മൂർച്ചയേറിയ യോർക്കറുകൾ ഒരിക്കൽ കൂടി ഇന്ന് പുറത്തെടുത്തു. 3.4 ഓവറിൽ വെറും 10 റൺസാണ് ബുംറ വഴങ്ങിയത്