നിലവിൽ ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസ് ബോളർമാരിൽ ഒരാളാണ് ജസ്പ്രീത് ബുംറ. തന്റെ വ്യത്യസ്തമായ ബൗളിംഗ് ആക്ഷൻ കൊണ്ടും യോർക്കറുകൾ കൊണ്ടും എതിർ ടീമുകളെ വിറപ്പിക്കാൻ എല്ലായിപ്പോഴും ബുംറയ്ക്ക് സാധിക്കാറുണ്ട്. ലോകനിലവാരമുള്ള ബാറ്റർമാർ പോലും ബുംറയുടെ ഈ തകർപ്പൻ പ്രകടനങ്ങൾക്ക് മുൻപിൽ വിറച്ചിട്ടുണ്ട് എന്നതാണ് വസ്തുത.
2024ൽ ട്വന്റി20 ലോകകപ്പ് ഇന്ത്യ സ്വന്തമാക്കിയപ്പോൾ ഇതിൽ പ്രധാന പങ്കു വഹിച്ചത് ബുംറയായിരുന്നു. പ്രസ്തുത ടൂർണമെന്റിന് ശേഷം ഇപ്പോൾ വിശ്രമത്തിലാണ് ബുംറ. ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലൂടെ ബുംറ ഇന്ത്യൻ ടീമിൽ തിരികെ എത്തും എന്നാണ് റിപ്പോർട്ടുകൾ. ലോക ക്രിക്കറ്റിലെ വമ്പന്മാരെ വിറപ്പിക്കുന്ന ബുംറയെ ഏതെങ്കിലും ബാറ്റർമാർ പ്രയാസപ്പെടുത്തിയിട്ടുണ്ടോ എന്ന് ചോദ്യത്തിന് താരം നൽകിയ മറുപടി രസകരമായിരുന്നു.
അത്തരത്തിൽ തന്നെ വിറപ്പിക്കാൻ ഒരു സാഹചര്യം താൻ ഉണ്ടാക്കിയിട്ടില്ല എന്നാണ് ബുംറ ഇതിന് മറുപടി നൽകിയത്. “ഈ ചോദ്യത്തിന് നിങ്ങൾക്കൊക്കെയും മികച്ച ഒരു ഉത്തരം നൽകണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. സത്യസന്ധമായ കാര്യമെന്തെന്നാൽ ആരെയും തലയിൽ കയറാൻ ഞാൻ സമ്മതിക്കാറില്ല. എല്ലാവരെയും ബഹുമാനിക്കുന്ന താരമാണ് ഞാൻ. പക്ഷേ എന്റെ തലച്ചോറിനോട് ഞാൻ എല്ലായിപ്പോഴും പറയാറുള്ള ഒരു കാര്യമുണ്ട്. നന്നായി ജോലി ചെയ്താൽ നിന്നെ ആർക്കും തോൽപ്പിക്കാനോ ഇല്ലാതാക്കാനോ സാധിക്കില്ല എന്നാണ് ഞാൻ തലച്ചോറിനോട് പറയാറുള്ളത്.”- ബുംറ പറയുന്നു.
“ഞാൻ എതിരാളികളെ നിരീക്ഷിക്കുന്ന താരമാണ്. അതുകൊണ്ടുതന്നെ ഞാൻ എന്നിലേക്ക് നോക്കാനാണ് ശ്രമിക്കുന്നത്. എന്റെ എല്ലാകാര്യത്തിനും എനിക്ക് നിയന്ത്രണമുണ്ട്. ഞാൻ എനിക്ക് മികച്ച അവസരം നൽകിയാൽ മറ്റെല്ലാ കാര്യങ്ങളും നോക്കിക്കൊള്ളും.”- ബുംറ കൂട്ടിച്ചേർക്കുന്നു. ആധുനിക ക്രിക്കറ്റിലെ എല്ലാത്തരം ബാറ്റർമാരെയും വിറപ്പിക്കാൻ ബുംറ എന്ന ബോളർക്ക് സാധിച്ചിട്ടുണ്ട്. നിശ്ചിത ഓവർ ക്രിക്കറ്റിന്റെ അവസാന ഓവറുകളിൽ എല്ലാവർക്കും പേടിസ്വപ്നമായി മാറാനും ഈ ഇന്ത്യൻ പേസർക്ക് കഴിഞ്ഞിരുന്നു. അമിതമായ പേസിലും അങ്ങേയറ്റം കൃത്യതയോടെ പന്തറിയാൻ സാധിക്കുന്നു എന്നതാണ് ബുംറയുടെ കരുത്ത്.
നിലവിൽ ബുംറ ഇന്ത്യയെ സംബന്ധിച്ച് പ്രധാനപ്പെട്ട താരമാണ്. അതുകൊണ്ടു തന്നെ എല്ലാ മത്സരങ്ങളിലും ബുംറയെ കളിപ്പിക്കാൻ ഇന്ത്യ തയ്യാറാകാറില്ല. വളരെ നിർണ്ണായകമായ മത്സരങ്ങളിൽ മാത്രമാണ് ഇന്ത്യ ബുംറയെ കളത്തിൽ ഇറക്കാറുള്ളത്. ഇന്ത്യയെ സംബന്ധിച്ച് ഇനി വരാനിരിക്കുന്ന നിർണായക പരമ്പരകൾ ന്യൂസിലാൻഡിനും ഓസ്ട്രേലിയക്കും എതിരായ ടെസ്റ്റ് പരമ്പരകളാണ്. ഇതിൽ ബുംറ കളിക്കും എന്ന കാര്യം 100% ഉറപ്പാണ്. ശേഷം പ്രധാനമായും ബുംറ ലക്ഷ്യം വയ്ക്കുന്നത് 2025 ചാമ്പ്യൻസ് ട്രോഫി ആയിരിക്കും