ക്രിക്കറ്റിൻ്റെ മാന്യതയെ കളങ്കപ്പെടുത്തി എന്നാരോപിച്ച് ഇംഗ്ലണ്ട് മുൻനിര താരത്തെ വിലക്കി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്. ഇംഗ്ലണ്ട് ഓപ്പണിംഗ് ക്രിക്കറ്റ് താരം ജയ്സൺ റോയിക്കാണ് വിലക്കേർപ്പെടുത്തിയത്.
അടുത്ത രണ്ടു മത്സരങ്ങളിൽ നിന്നാണ് താരത്തെ വിലക്കിയിട്ടുള്ളത്. റോയ് കുറ്റമേറ്റതായി ഇസിബി അറിയിച്ചെങ്കിലും വിലക്കാൻ ഉണ്ടായ പെരുമാറ്റം എന്താണെന്ന് ബോർഡ് വെളിപ്പെടുത്തിയില്ല. ക്രിക്കറ്റിൻ്റെ മാന്യതക്ക് കളങ്കം ഏൽപ്പിക്കുന്ന പെരുമാറ്റമാണ് താരത്തിൽ നിന്നുണ്ടായതെന്ന് ബോർഡ് വ്യക്തമാക്കി.
നിലവിൽ അടുത്ത രണ്ടു മത്സരങ്ങളിൽ മാത്രം വിലക്കുള്ള റോയി പെരുമാറ്റം നന്നാക്കിയില്ലെങ്കിൽ 12 മാസം വരെ വിലക്കേർപ്പെടുത്തുമെന്ന് ഇസിബി വ്യക്തമാക്കി. ഇന്ത്യൻ രൂപ 2.5 ലക്ഷം രൂപ പിഴയും വിധിച്ചു. 2019ൽ നടന്ന ഏകദിന ലോകകപ്പിൽ ഇംഗ്ലണ്ടിന് കിരീടം നേടുന്നതിന് നിർണായക പങ്കുവഹിച്ച താരമാണ് റോയ്. ഈ വർഷം ഓസ്ട്രേലിയയിൽ വച്ച് നടക്കുന്ന ട്വൻറി 20 ലോകകപ്പിനുള്ള ടീമിൽ താരം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഐപിഎല്ലിൽ മെഗാ ലേലത്തിലൂടെ ഗുജറാത്ത് ടൈറ്റൻസിൽ എത്തിയ താരമായിരുന്നു റോയ്. എന്നാൽ ബയോ ബബിൾ സംവിധാനത്തിൽ കഴിയാൻ ആകില്ല എന്ന കാരണം പറഞ്ഞ് റോയ് ഒഴിവായി. പകരം അഫ്ഗാൻ യുവ വിക്കറ്റ്കീപ്പർ റഹ്മനുള്ള ഗുർബാസിനെ ഗുജറാത്ത് ടീമിൽ എത്തിച്ചു.
മാർച്ച് 28ന് ലഖ്നൗ ആയിട്ടാണ് ഗുജറാത്തിൻ്റെ ആദ്യമത്സരം.