ഐപിഎല്ലിന്റെ കടന്നുവരവോടെ ഇന്ത്യൻ ക്രിക്കറ്റ് പുതിയൊരു അധ്യായത്തിലേക്ക് കടക്കുകയുണ്ടായി. ശേഷം ഒരുപാട് യുവതാരങ്ങൾ ഓരോ ഐപിഎൽ സീസണിലൂടെ ഇന്ത്യൻ ടീമിലെത്താനും തുടങ്ങി. 2023 ഇന്ത്യൻ പ്രീമിയർ ലീഗിലും മികച്ച പ്രകടനങ്ങൾ നടത്തി ഇന്ത്യൻ ടീമിൽ അവസരത്തിനായി കാത്തുനിൽക്കുന്ന ഒരുപാട് താരങ്ങളുണ്ട്. ഇവരെ എല്ലാവരെയും കൂട്ടിയോജിപ്പിച്ച് മികച്ച ഒരു ബെഞ്ച് കരുത്ത് ഇന്ത്യ ഉണ്ടാക്കിയെടുക്കണം എന്നാണ് മുൻ ഇന്ത്യൻ താരവും മുൻ സെലക്ഷൻ കമ്മിറ്റി ചെയർമാനുമായ ദിലീപ് വെങ്‌സാക്കർ പറയുന്നത്. ഇതിനായി ഭാവിയിലേക്ക് രണ്ടു സൂപ്പർ താരങ്ങളെയും വെങ്‌സാക്കർ നിർദ്ദേശിക്കുന്നുണ്ട്.
രാജസ്ഥാൻ റോയൽസ് ടീമിന്റെ ഓപ്പണിങ് ബാറ്റർ ജെയിസ്വാളിനെയും ചെന്നൈ സൂപ്പർ കിംഗ്സ് ഓപ്പണർ ഋതുരാജ് ഗൈക്കുവാഡിനെയുമാണ് ഇന്ത്യയുടെ ഭാവി വാഗ്ദാനങ്ങളായി വെങ്‌സാക്കർ കാണുന്നത്. “നമ്മൾ നമ്മുടെ ബെഞ്ച് കരുത്ത് കൂടുതൽ വികസിപ്പിക്കേണ്ടതുണ്ട്. അതിന് വലിയ പ്രാധാന്യമുണ്ട്. ബെഞ്ച് കരുത്ത് ആവശ്യത്തിനനുസരിച്ച് ഇല്ലെങ്കിൽ ഒരു ഫോർമാറ്റിലും മികച്ച രീതിയിൽ കളിക്കാൻ നമുക്ക് സാധിക്കില്ല. മാത്രമല്ല നമ്മുടെ രാജ്യത്ത് ഒരുപാട് കഴിവുള്ള ക്രിക്കറ്റർമാരുണ്ട് എന്ന കാര്യം എനിക്ക് ഉറപ്പുമാണ്. അതുകൊണ്ടുതന്നെ അടുത്ത 10-15 വർഷങ്ങളിൽ നമുക്ക് വളരെ മികച്ച രീതിയിൽ ഉയർന്നുവരാൻ സാധിക്കും.”- വെങ്‌സാക്കർ പറയുന്നു.
“ശരിയാണ്. ഒരുപാട് യുവ താരങ്ങൾ വളരെയധികം കഴിവുകളുമായി കാത്തുനിൽക്കുകയാണ്. ഇന്ത്യയുടെ ഭാവി താരങ്ങളിൽ ഒരാൾ രാജസ്ഥാൻ താരം ജെയിസ്വാളാണ്. മറ്റൊരു പ്രതീക്ഷയായി ഞാൻ കാണുന്നത് ഋതുരാജിനെയാണ്. ഇവർക്കൊപ്പം കുറച്ച് നല്ല ഫാസ്റ്റ് ബോളർമാരെയും സെലക്ടർമാർ കണ്ടുപിടിക്കേണ്ടതുണ്ട്. മത്സരങ്ങൾ വിജയിപ്പിക്കാൻ സാധിക്കുന്ന സ്പിന്നർമാരെയും ടീമിൽ എത്തിക്കണം. ഇക്കാര്യങ്ങളൊക്കെയും ഭാവിയിൽ ടീമിന് വളരെ ഉപകാരപ്രദമായി മാറും.”- വെങ്‌സാക്കർ കൂട്ടിച്ചേർക്കുന്നു.
ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗിൽ വളരെ മികച്ച പ്രകടനം തന്നെയായിരുന്നു ജെയ്സ്വാൾ കാഴ്ചവച്ചത്. രാജസ്ഥാൻ റോയൽസിനു വേണ്ടി 14 മത്സരങ്ങളിൽ നിന്ന് 625 റൺസ് ഈ യുവതാരം നേടുകയുണ്ടായി. മാത്രമല്ല 15 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 80 റൺസ് ശരാശരിയിൽ കളിക്കാനും ജെയിസ്വാളിന് സാധിച്ചിട്ടുണ്ട്. ഇക്കാരണങ്ങൾ കൊണ്ട് തന്നെ ഇന്ത്യയുടെ വരാനിരിക്കുന്ന വിൻഡീസ് പര്യടനത്തിൽ ജെയിസ്വാൾ ടീമിൽ ഇടംപിടിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. മറുവശത്ത് ഋതുരാജ് ചെന്നൈ സൂപ്പർ കിങ്സിനായും മികച്ച പ്രകടനം തന്നെയാണ് കാഴ്ചവച്ചിട്ടുള്ളത്.