ധോണിയല്ല, അവനാണ് ക്രിക്കറ്റിലെ പുതിയ “മിസ്റ്റർ കൂൾ”. ഓസ്ട്രേലിയൻ താരത്തിന് ബഹുമതി നൽകി സേവാഗ്.

dhoni finish ipl 2023

ദുർഘടമായ സാഹചര്യങ്ങളിൽ തന്റെ ശാന്തത കാത്തുസൂക്ഷിച്ച് ശ്രദ്ധ നേടിയ താരമാണ് മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണി. ഇന്ത്യക്കായും ചെന്നൈ സൂപ്പർ കിങ്സിനായും പ്രതിസന്ധിഘട്ടങ്ങളിൽ വളരെ ശാന്തനായിയാണ് ധോണി കളിച്ചിട്ടുള്ളത്. അതിനാൽ തന്നെയാണ് ധോണിയെ ലോക ക്രിക്കറ്റ് ‘മിസ്റ്റർ കൂൾ’ എന്ന് വിളിക്കുന്നത്. ഇപ്പോൾ ഇന്ത്യയുടെ മുൻ താരം വീരേന്ദർ സേവാഗ് ‘മിസ്റ്റർ കൂൾ’ എന്ന പട്ടം മറ്റൊരു ക്രിക്കറ്റർക്ക് കൂടി നൽകിയിരിക്കുകയാണ്. 2023 ആഷസിലെ ആദ്യ ടെസ്റ്റിൽ ഓസ്ട്രേലിയയെ വിജയത്തിലെത്തിച്ച നായകൻ കമ്മിൻസിനെയാണ് സേവാഗ് ‘മിസ്റ്റർ കൂൾ’ എന്ന് വിളിച്ചിരിക്കുന്നത്. ആദ്യ ടെസ്റ്റിലെ ശാന്തതയാർന്ന ബാറ്റിംഗ് പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് സേവാഗ് ഇത്തരമൊരു കിരീടം കമ്മിൻസിനെ ചൂടിച്ചത് .

മത്സരത്തിൽ ബോളിങ്ങിൽ മാത്രമായിരുന്നില്ല ബാറ്റിങ്ങിലും തിളങ്ങാൻ കമ്മിൻസിന് സാധിച്ചിരുന്നു. മത്സരത്തിന്റെ നാലാം ഇന്നിംഗ്സിൽ വളരെ നിർണായകമായ ഒരു ബാറ്റിംഗ് പ്രകടനം തന്നെയായിരുന്നു കമ്മിൻസ് കാഴ്ചവെച്ചത്. 282 റൺസ് ചേസ് ചെയ്ത ഓസ്ട്രേലിയ 209ന് 7 എന്ന നിലയിൽ തകർന്നു. ഈ സമയത്തായിരുന്നു കമ്മിൻസ് ക്രീസിൽ എത്തിയത്. പിന്നീട് അലക്സ് കെയറി പുറത്തായപ്പോൾ ഓസ്ട്രേലിയ 227ന് 8 എന്ന നിലയിലായി. ശേഷം ഒൻപതാം വിക്കറ്റിൽ നതാൻ ലയണിനൊപ്പം ചേർന്ന് 55 റൺസിന്റെ ഒരു തകർപ്പൻ കൂട്ടുകെട്ട് കമ്മിൻസ് ഓസ്ട്രേലിയക്ക് സമ്മാനിച്ചു. ഇതാണ് മത്സരത്തിൽ ഓസ്ട്രേലിയയെ വിജയത്തിലെത്തിച്ചത്. ഇതിനുശേഷമാണ് കമ്മിന്‍സിനെ പ്രശംസിച്ചുകൊണ്ട് സേവാഗ് സംസാരിച്ചത്.

See also  "ഈ ഐപിഎൽ സഞ്ജുവിനുള്ളതാണ്." സഞ്ജു ഇത്തവണ പൊളിച്ചടുക്കുമെന്ന് മുൻ ഓസീസ് താരം.
cummins ashes 1

“വളരെ മികച്ച ടെസ്റ്റ് മത്സരം. സമീപകാലത്ത് ഞാൻ കണ്ടതിൽ വച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു. ടെസ്റ്റ് ക്രിക്കറ്റ് തന്നെയാണ് എപ്പോഴും മികച്ച ക്രിക്കറ്റ്. ആദ്യദിനം ഡിക്ലയർ ചെയ്യാനുള്ള ഇംഗ്ലണ്ടിന്റെ തീരുമാനം എന്നെ അതിശയിപ്പിച്ചു. പ്രത്യേകിച്ച് കാലാവസ്ഥയുടെ പ്രതികൂല അവസ്ഥയുള്ളപ്പോൾ. എന്നാൽ മത്സരത്തിന്റെ രണ്ടിന്നിസുകളിലും ഖവാജ തകർപ്പൻ പ്രകടനം കാഴ്ചവച്ചു. ഒപ്പം ടെസ്റ്റ് ക്രിക്കറ്റിൽ പാറ്റ് കമ്മിൻസ് ‘മിസ്റ്റർ കൂളാ’യി മാറിയിരിക്കുകയാണ്. ഇത്ര വലിയ സമ്മർദ്ദത്തിന്റെ ഇടയിലും ഏറ്റവും മികച്ച ഇന്നിങ്സാണ് അദ്ദേഹം കളിച്ചത്. ലയണിനൊപ്പമുള്ള കമ്മീൻസിന്റെ കൂട്ടുകെട്ട് ഒരുപാട് വർഷങ്ങൾ ഓർത്തിരിക്കാൻ സാധിക്കുന്നതാണ്.”- സേവാഗ് പറഞ്ഞു.

മത്സരത്തിൽ 73 പന്തുകൾ നേരിട്ട കമ്മിൻസ് 44 റൺസാണ് നേടിയത്. ഈ ഇന്നിങ്സിനിടെ ജോ റൂട്ടിനെതിരെ രണ്ടു പടുകൂറ്റൻ സിക്സറുകളും കമ്മിൻസ് നേടിയിരുന്നു. എന്തായാലും ഓസ്ട്രേലിയയെ സംബന്ധിച്ച് കമ്മിൻസിന്റെ പ്രകടനം തന്നെയാണ് അവസാന ദിവസം വിജയകാരണമായി മാറിയത്. മറുവശത്ത് വിജയം മുന്നിൽ കണ്ട ഇംഗ്ലണ്ടിന് കമ്മിൻസ് വില്ലനായി മാറുകയായിരുന്നു. ആഷസിലെ രണ്ടാം ടെസ്റ്റ് ഈ മാസം 28നാണ് ആരംഭിക്കുന്നത്.

Scroll to Top