എല്ലാ ക്രിക്കറ്റ് ആരാധകരെയും ഒരുപോലെ ഞെട്ടിക്കുന്ന പ്രകടനമായിരുന്നു വിജയ് ഹസാരെ ട്രോഫിയിൽ തമിഴ്നാട് ഓപ്പണർ നാരായണൻ ജഗദീശൻ ഇന്ന് കാഴ്ചവച്ചത്. അരുണാചൽ പ്രദേശിനെതിരെ 144 പന്തിൽ 277 റൺസ് എടുത്ത് ഇരട്ട സെഞ്ചുറി ആണ് താരം നേടിയത്. ഇതോടെ ലിസ്റ്റ് മത്സരങ്ങളിൽ തുടർച്ചയായി 5 സെഞ്ചുറികൾ നേടുന്ന ആദ്യ താരം എന്ന റെക്കോർഡും ജഗദീശൻ സ്വന്തമാക്കി. മൂന്നു പേരെയാണ് താരം പിന്തള്ളിയത്.
ശ്രീലങ്കൻ ഇതിഹാസ താരം കുമാർ സംഘക്കാര, ഇന്ത്യൻ താരം ദേവതത്ത് പടിക്കൽ, ദക്ഷിണാഫ്രിക്കൻ താരം അൽവിരോ പീറ്റേഴ്സൺ എന്നിവരെ പിന്തള്ളിയാണ് താരം റെക്കോർഡ് തന്റെ പേരിലേക്ക് മാറ്റി കുറിച്ചത്. ഈ മൂന്നുപേർക്കും തുടർച്ചയായി 4 സെഞ്ച്വറികൾ ആയിരുന്നു ഉണ്ടായിരുന്നത്. ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോർ എന്ന റെക്കോർഡും ജഗദീശൻ സ്വന്തമാക്കി. ഈ നേട്ടത്തിൽ ഇന്ത്യൻ നായകൻ രോഹിത് ശർമയുടെ റെക്കോർഡും താരം പിന്തള്ളി.
268 റൺസ് നേടിയിരുന്നു ഇംഗ്ലണ്ട് താരം എഡി ബ്രൗണിനെയാണ് തമിഴ്നാട് താരം പിന്തള്ളിയത്. 264 റൺസുള്ള രോഹിത് ശർമ മൂന്നാമതായി.248 റൺസുമായി ശിഖർ ധവാനും പട്ടികയിൽ ഉണ്ട്. സായ് സുന്ദർശനേ കൂട്ടുപിടിച്ച് ജഗദീശൻ തമിഴ്നാടിന് വേണ്ടി 506 റൺസ് ആണ് പടുത്തുയർത്തിയത്. സായ് സുദർശൻ 102 പന്തിൽ 154 റൺസ് നേടി. ഈ കൂറ്റൻ സ്കോറും റെക്കോർഡ് ആണ്. ഇത് ആദ്യമായാണ് ലിസ്റ്റ് എ ക്രിക്കറ്റിൽ 500 റൺസിന് മുകളിൽ പോകുന്നത്. സൗത്ത് ആഫ്രിക്കെതിരെ ഇംഗ്ലണ്ട് ഈ വർഷം നേടിയ 498 റൺസിന്റെ റെക്കോർഡ് ആണ് പഴങ്കഥയായത്. ഈ വിഭാഗത്തിലെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടും ജഗദീഷ്-സുദർശൻ എന്നിവർ സ്വന്തമാക്കി.
ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 416 റൺസ് ആണ് കൂട്ടിച്ചേർത്തത്. ഇതുവരെ വിജയ് ഹസാരെ ട്രോഫിയിൽ 6 ഇന്നിങ്സുകളിൽ നിന്ന് 159 റൺസ് ശരാശരിയിൽ 799 റൺസാണ് തമിഴ്നാട് ഓപ്പണർ നേടിയിട്ടുള്ളത്. 26 കാരൻ ടൂർണമെന്റ് തുടങ്ങുന്നതിന് മുൻപ് വരെ മൂന്ന് സെഞ്ചുറികൾ മാത്രമാണ് ലിസ്റ്റ് എ ക്രിക്കറ്റിൽ നേടിയിരുന്നത് എന്നാൽ ഇന്നത്തെ സെഞ്ച്വറിയോടെ അത് എട്ടാക്കി ഉയർത്താനും താരത്തിനായി. 25 ഫോറുകളും,15 സിക്സറുകളുമാണ് ജഗദീശൻ ഇന്ന് നേടിയത്.196.45 ആയിരുന്നു സ്ട്രൈക്ക് റേറ്റ്.
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം പല സീസണുകളിലുണ്ടായിട്ടും മതിയായ അവസരം തമിഴ്‌നാട് ബാറ്റര്‍ എന്‍ ജഗദീശന് ലഭിച്ചിരുന്നില്ലാ. ലേലത്തിനു മുന്നോടിയായി താരത്തെ ഒഴിവാക്കുകയും ചെയ്തു.