വിമർശനം നിർത്തൂ! ആ ഗോൾ ഓഫ് സൈഡ് തന്നെ; ആ തീരുമാനം ശരിയായത് എങ്ങനെയാണെന്ന് അറിയാം..

IMG 20221121 WA0000

എല്ലാ ഫുട്ബോൾ ആരാധകരുടെയും നാലു വർഷത്തെ കാത്തിരിപ്പിന് ഇന്നലെയാണ് വിരാമം ആയത്. ഇന്നലെ ഖത്തർ അൽ ബെയ്ത്ത് സ്റ്റേഡിയത്തിൽ നടന്ന ആദ്യ ലോകകപ്പ് മത്സരത്തിൽ ആതിഥേയരായ ഖത്തറും ലാറ്റിൻ അമേരിക്കൻ ടീമായ ഇക്വഡോറും ഏറ്റുമുട്ടി. മത്സരത്തിൽ ഖത്തറിനെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് കീഴടക്കി ലോകകപ്പിലെ ആദ്യ വിജയം ഇക്വഡോർ സ്വന്തമാക്കി.

നായകൻ വലൻസിയയുടെ രണ്ട് ഗോളിലായിരുന്നു ഇക്വഡോർ ആതിഥേയരെ കീഴടക്കിയത്. മികച്ച ആക്രമണ ഫുട്ബോൾ കൊണ്ട് തുടക്കം മുതൽ തന്നെ ഇക്വഡോർ ഖത്തറിന്മേൽ ആധിപത്യം നേടിയിരുന്നു. മത്സരം തുടങ്ങി ആദ്യ മിനിറ്റിൽ തന്നെ വലൻസിയ ഗോൾ നേടിയെങ്കിലും റഫറി അത് ഓഫ് സൈഡ് വിധിക്കുകയായിരുന്നു. വാർ പരിശോധനയിലൂടെയാണ് ഗോൾ ഓഫ്സൈഡ് ആണെന്ന് കണ്ടെത്തിയത്.


എന്നാൽ ആ ഗോൾ ഓഫ് സൈഡ് ആണെന്ന് വിധിച്ചതോടെ എല്ലാ ഫുട്ബോൾ ആരാധകരും ഒരുപോലെ അമ്പരന്നു. നിമിഷ നേരങ്ങൾ കൊണ്ട് തന്നെ ഇത് സംബന്ധിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ചർച്ചകൾ ഉയർന്നു. എല്ലാവരുടെയും പ്രധാന വാദങ്ങളിൽ ഒന്നായിരുന്നു കളിക്കാരന് മുൻപിൽ ഒരു ഖത്തർ പ്രതിരോധ നിര താരം ഉള്ളതുകൊണ്ട് അത് ഓഫ്സൈഡ് അല്ല എന്നത്. മൈതാനത്തിന്റെ മധ്യ ഭാഗത്തു നിന്ന് എടുത്ത ഫ്രീകിക്കിലൂടെ നൽകിയ പന്ത് ബോക്സിലേക്ക് വന്നപ്പോൾ തടയാൻ ഖത്തർ ഗോൾകീപ്പർ സാദ് അൽ ഷീബ് മുന്നോട്ടു വന്നപ്പോൾ ആ സമയത്ത് തന്നെ ഇക്വഡോർ താരം ഫെലിക്സ് ടോറസും പന്തിനായി ഉയർന്നു ചാടി.

image editor output image1175315306 1669003550549

പിന്നീട് ആ പന്ത് തല കൊണ്ട് മൈക്കൽ എസ്ട്രാഡ ടോറസിന് നൽകുകയും ഒരു അക്രോബാറ്റിക് ഷോട്ടിലൂടെ മറിച്ച് നൽകുകയും വലൻസിയ അനായാസം അത് ഗോളാക്കി മാറ്റുകയും ചെയ്തു. എന്നാൽ ബോളിനായി ഉയർന്നു ചാടുന്ന സമയത്തിൽ മൈക്കൽ എസ്ട്രാഡ ഓഫ്സൈഡിലായിരുന്നു. താരത്തിന്റെ ഒരു കാൽ ഡിഫൻസീവ് ലൈനിന് മുന്നിലായിരുന്നു. പലപ്പോഴും ഇത്തരം സന്ദർഭങ്ങളിൽ തെറ്റിദ്ധരിക്കാൻ കാരണം ഗോൾകീപ്പർമാർ മുന്നോട്ട് വരുന്ന ഘട്ടത്തിൽ അവസാന പ്രതിരോധനിരക്കാരുടെ പൊസിഷൻ നോക്കി ഓഫ് സൈഡ് കണക്കാക്കുന്നതാണ്. രണ്ടാമത്തെ അവസാനത്തെ പ്രതിരോധ നിരക്കാരന്റെ പൊസിഷൻ നോക്കിയാണ് ഓഫ് സൈഡ് നിയമപ്രകാരം പൊസിഷൻ കണക്കാക്കുന്നത്. അതുകൊണ്ടാണ് ഇന്നലെ ഗോൾ നിഷേധിക്കപ്പെട്ടത്.

Scroll to Top